“താങ്കളെ കണ്ടതിൽ ഒത്തിരി സന്തോഷം!” “താങ്കളെയും!” “എത്ര സന്തോഷമാണ് നിങ്ങളെ കാണുന്നതിൽ!” വളരെ ഊഷ്മളമായ സ്വീകരണമായിരുന്നു. മറ്റൊരു പട്ടണത്തിൽ ക്രിസ്തീയ ശുശ്രൂഷയിൽ ആയിരിക്കുന്നവർ അവരുടെ വൈകുന്നേരത്തെ പ്രോഗ്രാമിനു മുമ്പ് ഓൺലൈനായി ഒരുമിച്ച് കൂടിയതാണ്. പ്രസംഗകൻ വന്നു ചേരുന്നതിനു മുമ്പ് മറ്റുള്ളവർ വീഡിയോ കോൾ വഴി അഭിവാദ്യം ചെയ്യുന്നത് ഞാൻ നിശബ്ദനായി ശ്രദ്ധിക്കുകയായിരുന്നു. സ്വതവേ അന്തർമുഖനായതുകൊണ്ടും ഇതിലാരെയും എനിക്ക് പരിചയമില്ലാതിരുന്നതിനാലും ഒരു അന്യനായിട്ട് എനിക്ക് തോന്നി. പെട്ടെന്നാണ് പുതിയൊരു സ്ക്രീനിൽ എന്റെ പാസ്റ്ററെ കണ്ടത്. ഉടനെ തന്നെ സഭയിലെ എന്റെ ഒരു സുഹൃത്തും പ്രവേശിച്ചു. അവരെ കണ്ടതോടെ ഞാൻ ഒറ്റക്കാണ് എന്ന തോന്നൽ മാറി. ദൈവം എനിക്ക് തുണ അയച്ചതു പോലെ തോന്നി.
ആഹാബിന്റെയും ഇസബെലിന്റേയും കോപത്തിൽ നിന്ന് ഏലിയാവിനും “പ്രവാചകരിൽ താൻ മാത്രം അവശേഷിച്ചിരിക്കുന്നു” എന്ന് തോന്നിയെങ്കിലും, ഏലിയാവ് ഒറ്റക്കായിരുന്നില്ല(1 രാജ.19:10). നാല്പത് രാവും നാല്പത് പകലും മരുഭൂമിയിലൂടെ സഞ്ചരിച്ച് ഏലിയാവ് ഹോരേബ് മലയിലെ ഒരു ഗുഹയിൽ ഒളിച്ചിരുന്നു. എന്നാൽ ദൈവം അവനെ ശുശ്രൂഷയിലേക്ക് തിരികെ വിളിച്ചുകൊണ്ട് പറഞ്ഞു, “നീ പുറപ്പെട്ടു ദമ്മേശെക്കിന്റെ മരുഭൂമി വഴിയായി മടങ്ങിപ്പോകുക; നീ എത്തുമ്പോൾ ഹസായേലിനെ അരാമിനു രാജാവായി അഭിഷേകം ചെയ്യുക. നിംശിയുടെ മകനായ യേഹുവിനെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്യണം; ആബേൽ – മെഹോലയിൽ നിന്നുള്ള സാഫാത്തിന്റെ മകനായ ഏലീശയെ നിനക്കു പകരം പ്രവാചകനായി അഭിഷേകം ചെയ്യുകയും വേണം”(വാ.15, 16 ).
ദൈവം അവനെ ബോധ്യപ്പെടുത്തിയത്: “എന്നാൽ ബാലിനു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരം പേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു”(വാ.18). ദൈവത്തെ സേവിക്കുന്നതിൽ നാം ഒററക്കല്ല എന്നാണ് ഏലിയാവിനെപ്പോലെ നാമും പഠിക്കുന്നത്. ദൈവം സഹായം ഒരുക്കുന്നതിനാൽ നമ്മൾ ഒരുമിച്ച് അവനെ സേവിക്കുന്നു.
ദൈവ ശുശ്രൂഷയിൽ ആയിരിക്കുമ്പോൾ എന്തു സഹായമാണ് ഈയിടെ ദൈവം ചെയ്തത്? നിങ്ങളുടെ ദൈവീക ശുശ്രൂഷയിലെ സ്വാധീനം വർധിപ്പിക്കുവാൻ കൂടെ ചേർക്കാൻ പറ്റിയ ആരാണുള്ളത്?
ദൈവമേ, ശുശ്രൂഷയിൽ തനിച്ചാണെന്ന് ചിന്തിച്ച് പ്രയാസപ്പെടുമ്പോൾ മററുള്ളവരും കൂടെയുണ്ട് എന്ന കാര്യം എന്നെ ഓർമ്മിപ്പിച്ച്, സന്തോഷത്തോടെ ശുശ്രൂഷ ചെയ്യുവാൻ സഹായിക്കുന്നതിന് നന്ദി.