1941 ൽ, ഹിറ്റ്ലറുടെ വാഴ്ച യുറോപ്പിലെമ്പാടും വ്യാപിച്ചുകൊണ്ടിരുന്നപ്പോൾ, നോവലിസ്റ്റ് ജോൺ സ്റ്റീൻബെക്കിനോട് (ഒരു അമേരിക്കൻ നോവലിസ്റ്റ്) യുദ്ധകാര്യങ്ങളിൽ സഹകരിക്കാൻ അഭ്യർത്ഥിച്ചു. ഇത് യുദ്ധമുന്നണിയിൽ പോയി പോരാടാനായിരുന്നില്ല, മറിച്ച്, ഒരു കഥ എഴുതാനായിരുന്നു. അങ്ങനെയാണ് “ദ മൂൺ ഈസ് ഡൗൺ” എന്ന നോവൽ പിറന്നത്: സമാധാനത്തോടെ കഴിഞ്ഞ ഒരു നാട്ടിനെ ഒരു ദുഷ്ടഭരണം കീഴടക്കുന്നതായിരുന്നു പ്രമേയം. ഭൂഗർഭ പ്രസ്സുകളിൽ അച്ചടിക്കപ്പെട്ട പുസ്തകം നാസികളുടെ നിയന്ത്രണത്തിലായ രാജ്യങ്ങളിലൊക്കെ രഹസ്യമായി വിതരണം ചെയ്യപ്പെട്ടു. സഖ്യകക്ഷികൾ എത്തിക്കൊണ്ടിരുന്ന സമയം നോവലിലെ കഥാപാത്രങ്ങളെ അനുകരിച്ച് വായനക്കാർക്ക് സ്വാതന്ത്ര്യത്തിനായി പരിശ്രമിക്കാൻ നോവൽ പ്രചോദനമായി. ജർമ്മനിയുടെ ഭരണത്തിലായിരുന്ന ജനതക്ക് “ദ മൂൺ ഈസ് ഡൗൺ” ലൂടെ എഴുത്തുകാരൻ ഒരു സുവാർത്ത നൽകുകയായിരുന്നു – മോചനം അടുത്തെത്തി എന്ന്.

ഈ കഥയിലെ കഥാപാത്രങ്ങളെപ്പോലെ, ഒന്നാം നൂറ്റാണ്ടിലെ യഹൂദരും റോമിന്റെ മൃഗീയ ഭരണത്തിൻ കീഴിൽ അമർന്ന് കഴിയുകയായിരുന്നു. എന്നാൽ ഒരു “മിത്രത്തെ” അയച്ച് അവരെ വിടുവിക്കുമെന്നും ലോകത്തിന് സമാധാനം കൊണ്ടുവരും എന്നും ദൈവം അവരോട് നൂറ്റാണ്ടുകൾക്കു മുമ്പ് വാഗ്ദത്തം ചെയ്തിരുന്നു. (യെശ.11) ഈ മിത്രം വന്നപ്പോൾ ആനന്ദം പൊട്ടിപ്പുറപ്പെട്ടു. “ഞങ്ങൾ നിങ്ങളോട് സുവിശേഷിച്ചിരിക്കുന്നു ” പൗലോസ് പറഞ്ഞു. “ദൈവം പിതാക്കന്മാരോട് ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്ക് നിവർത്തിച്ചിരിക്കുന്നു ” (അപ്പോ.പ്രവൃത്തി 13:32-33). യേശുവിന്റെ ഉയിർപ്പിലൂടെയും പാപമോചന വാഗ്ദാനത്തിലൂടെയും ലോകത്തിന്റെ യഥാസ്ഥാപനം ആരംഭിച്ചു (വാ. 38-39; റോമ. 8:21 ).

അന്നു മുതൽ, സ്വീകരിക്കപ്പെട്ടിടത്തെല്ലാം സമാധാനവും സ്വാതന്ത്ര്യവും പ്രദാനം ചെയ്തുകൊണ്ട് ഈ കഥ ഭൂഗോളം മുഴുവൻ പരന്നിരിക്കുന്നു. യേശു മരിച്ചവരുടെയിടയിൽ നിന്ന് ഉയിർത്തെഴുന്നേറ്റു. തിന്മയിൽ നിന്നും പാപത്തിൽ നിന്നുമുള്ള നമ്മുടെ മോചനം ആരംഭിച്ചു. അവനിൽ നാം സ്വതന്ത്രരായിത്തീർന്നു!