അവർ കാറിൽ കയറാൻ തുടങ്ങിയപ്പോൾ ദർശൻ അമ്മയുടെ കയ്യിൽ നിന്ന് കുതറി പള്ളിയുടെ വാതിൽക്കലേക്ക് തിരികെയോടി. അവന് അവിടെ നിന്ന് പോകേണ്ടെന്ന് ! അമ്മ പിന്നാലെ ചെന്ന് അവനെ സ്നേഹപൂർവം വീട്ടിലേക്ക് പോകാൻ നിർബന്ധിച്ചു. അവസാനം അവന്റെ അമ്മ അവനെ വാരിയെടുത്ത് തിരികെ കൊണ്ടുപോകുമ്പോൾ നാല് വയസ്സുകാരനായ ദർശൻ വിതുമ്പിക്കൊണ്ട് അമ്മയുടെ തോളിന് മുകളിലൂടെ പള്ളിയിലേക്ക് തന്നെ ആഞ്ഞുകൊണ്ടിരുന്നു.

ദർശൻ ചിലപ്പോൾ സഭയിലെ കൂട്ടുകാരുമൊത്ത് കളിക്കുന്നത് ആസ്വദിച്ചിട്ടുണ്ടാവണം, എന്നാൽ അവന്റെ ആവേശം ദൈവത്തെ ആരാധിക്കാനുള്ള ദാവീദിന്റെ ആഗ്രഹത്തിന്റെ നേർചിത്രമാണ്.തന്റെ ശത്രുക്കളെ തോല്പിക്കണമെന്ന് ദൈവത്തോട് ആവശ്യപ്പെട്ടത് തന്റെ സുഖവും സുരക്ഷയും വിചാരിച്ചാകാമെങ്കിലും ദൈവത്തിന്റെ ആലയത്തിൽ ചെന്ന് യഹോവയുടെ മനോഹരത്വം ധ്യാനിക്കുവാൻ ദാവീദ് അതിയായി ആഗ്രഹിച്ചതുകൊണ്ട് സമാധാനം നിലനിൽക്കണമെന്ന് ദാവീദ് ആഗ്രഹിച്ചു( സങ്കീ. 27:4). എവിടെയായിരുന്നാലും ദൈവത്തോടു കൂടെയായിരിക്കാനും ദൈവസാന്നിധ്യം ആസ്വദിക്കാനും ദാവീദ് ആഗ്രഹിച്ചു. ഇസ്രായേലിന്റെ ഏറ്റവും ശക്തനായ രാജാവും സേനാ നായകനുമായ ദാവീദ് തന്റെ സമാധാന നിമിഷങ്ങൾ ഉപയോഗിച്ചത് “യഹോവക്ക് പാടി കീർത്തനം ചെയ്യുന്നതിനു വേണ്ടിയാണ് “(വാ.6)

ദൈവത്തെ നമുക്ക് സ്വതന്ത്രമായി എവിടെയും ആരാധിക്കാം, കാരണം പരിശുദ്ധാത്മാവിലുള്ള വിശ്വാസത്താൽ അവൻ ഇപ്പോൾ നമ്മുടെ ഹൃദയത്തിൽ വാസം ചെയ്യുന്നു. ( 1 കൊരി.3:16; എഫേ. 3:17) നമ്മുടെ നാളുകൾ അവന്റെ സന്നിധിയിൽ ചെലവഴിക്കുവാനും മറ്റുവിശ്വാസികളോടൊപ്പം ഒരുമിച്ചു കൂടി അവനെ ആരാധിക്കുവാനും വാഞ്ഛയുള്ളവരാകാം. ദൈവത്തിലാവണം – അല്ലാതെ കെട്ടിടത്തിന്റെ ചുമരുകൾക്കുള്ളിലല്ല – നാം സുരക്ഷിതത്വവും പരമമായ ആനന്ദവും കണ്ടെത്തേണ്ടത്.