2019 ൽ , ക്യാപ് ഡാഷ് വുഡും അവന്റെ അരുമയായ കറുത്ത ലാബ്രഡോർ നായ കെയിലയും ശ്രദ്ധേയമായ ഒരു നേട്ടം കൈവരിച്ചു : 365 ദിവസം അടുപ്പിച്ച് ഓരോ ദിവസവും ഒരു പർവ്വതത്തിന്റെ മുകളിൽ കയറി.
അവന് പിടിച്ചുലയ്ക്കുന്ന ഒരു കഥ പറയാനുണ്ടായിരുന്നു. 16-ാം വയസിൽ “വീട്ടിലെ സാഹചര്യം മോശമാണ്” എന്ന് പഴിച്ചു കൊണ്ട് അയാൾ വീടുവിട്ടു. എന്നാൽ ഈ മുറിവുണക്കാനായി അയാൾ മറ്റെന്തെങ്കിലും വഴി തേടണമായിരുന്നു. അയാൾ വിശദീകരിച്ചു: “ചിലപ്പോൾ ആളുകൾ നിങ്ങളെ നിരാശപ്പെടുത്തുമ്പോൾ നിങ്ങൾ മറ്റെന്തിലേക്കെങ്കിലും തിരിയും. അല്ലേ ?” ഈ പര്യവേഷകന് പർവതാരോഹണവും തന്റെ കറുത്ത ലാബ്രഡോർ സുഹൃത്തിന്റെ വ്യവസ്ഥയില്ലാത്ത സ്നേഹവും ആയിരുന്നു ആ ” മറ്റെന്തെങ്കിലും”.
നമ്മിൽ പലരും, എന്നെപ്പോലെ വളർത്തുമൃഗങ്ങളെ അധികമായി സ്നേഹിക്കുന്നവർ അങ്ങനെ ചെയ്യുന്നതിന് കാരണം അവ നല്കുന്ന, മനുഷ്യരിൽ ഇന്ന് അപൂർവമായിരിക്കുന്ന മനോഹരവും നിസ്വാർത്ഥവുമായ സ്നേഹം ആണ്. അവ ലാഘവത്തോടെ നല്കുന്ന സ്നേഹം മനുഷ്യരുടെ പരാജയം എന്നതിനേക്കാൾ ആഴമായ മറ്റൊരു കാര്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നത് – ഈ പ്രപഞ്ചത്തെ നിലനിർത്തുന്ന, ഇളകാത്തതും പരിധികളില്ലാത്തതുമായ ദൈവ സ്നേഹം.
തന്റെ മറ്റ് പല പ്രാർത്ഥനകളിലുമെന്നപോലെ , തന്റെ ഏകാന്തതയുടെ വേളകളിൽ ദൈവത്തിന്റെ മാറ്റമില്ലാത്തതും “സുനിശ്ചിതവുമായ സ്നേഹത്തിൽ ” പ്രത്യാശ വെക്കുവാനുള്ള ദാവീദിന്റെ അനന്യമായ വിശ്വാസമാണ് 143-ാം സങ്കീർത്തനത്തിലും കാണുന്നത്. ഒരു ജീവിതം മുഴുവൻ ദൈവത്തോടു കൂടി നടന്നതിനാൽ “രാവിലെ നിന്റെ ദയ എന്നെ കേൾക്കുമാറാക്കണമേ” (വാ.8) എന്ന് വിശ്വസിക്കുവാനുള്ള ശക്തി ദാവീദിനുണ്ടായി.
ദൈവത്തിൽ ആശ്രയിക്കുവാനും നമുക്ക് നിശ്ചയമില്ലാത്ത വഴികളിൽ (വാ. 8) നമ്മെ നടത്തുവാൻ ദൈവത്തെ അനുവദിക്കാനും മതിയായ പ്രത്യാശ നമുക്കുണ്ടാകട്ടെ.
നിങ്ങൾക്ക് ചുറ്റുമുള്ള ലോകത്തിൽ ദൈവത്തിന്റെ സുനിശ്ചിതവും ശാശ്വതവുമായ സ്നേഹത്തിന്റെ എന്ത് ലക്ഷണങ്ങളാണ് കാണുന്നത്? മറ്റുള്ളവരിലൂടെയോ,ഓമന മൃഗങ്ങളിലൂടെയോ ഉള്ള ദൈവസ്നേഹത്തിന്റെ പ്രകടനങ്ങൾ ഏങ്ങനെയാണ് നിങ്ങളുടെ പ്രത്യാശയും ധൈര്യവും വർധിപ്പിക്കുന്നത്?
സ്നേഹവും മനസ്സലിവുമുള്ള ദൈവമേ, ഞാൻ അനുഭവിക്കുന്ന മുറിവുകളും വേദനകളും ഉണ്ടെങ്കിലും സൗഖ്യം ഉള്ളതിനാൽ നന്ദി. സ്നേഹത്തിലും സന്തോഷത്തിലും എങ്ങനെ വിശ്വാസമർപ്പിക്കണം എന്ന് എനിക്ക് കാണിച്ചു തരുന്നതിന് നന്ദി. മറ്റുള്ളവർക്കും ഈ പ്രത്യാശയുടെ ഒരു ചാലായിത്തീരുവാൻ എന്നെ സഹായിക്കണമേ.