ഒടുവിൽ അവൾക്ക് ആ പള്ളി സന്ദർശിക്കാൻ അവസരം ലഭിച്ചു. പള്ളിക്കുള്ളിൽ ഏറ്റവും താഴത്തെ നിലയിൽ ഒരു ചെറിയ ഗുഹപോലുള്ള സ്ഥലത്ത് അവളെത്തി. മെഴുകുതിരികളും തൂക്കുവിളക്കുകളും ആ തറയെ പ്രകാശമാനമാക്കുന്നുണ്ട്. അവിടെ ആ ചെറിയ മാർബിൾ തറയിൽ 14 കതിരുകളുള്ള വെള്ളിയിൽ തീർത്ത ഒരു നക്ഷത്രത്തമുണ്ട്. ബത്‌ലെഹേമിലെ നേറ്റിവിറ്റി ഗ്രോട്ടോയിലാണവൾ നിൽക്കുന്നത് – ആ നക്ഷത്രമുള്ളിടത്താണ് ക്രിസ്തു ജനിച്ചത് എന്നാണ് പാരമ്പര്യം പറയുന്നത്. എന്നാൽ, ദൈവം ആ സ്ഥലത്തേക്കാൾ എത്രയോ വലിയവനാണ് എന്ന തിരിച്ചറിവ് മൂലം എഴുത്തുകാരിയായ ആനി ഡില്ലാർഡിനെ ഇക്കാര്യം അധികം സ്വാധീനിച്ചില്ല.

എന്നിരുന്നാലും, ഇത്തരം സ്ഥലങ്ങൾക്ക് നമ്മുടെ വിശ്വാസ കഥകളിൽ ചെറുതല്ലാത്ത സ്ഥാനമുണ്ട്. ഇതു പോലുള്ള മറ്റൊരു സ്ഥലമാണ് കിണറിനരികെ യേശുവും ശമര്യക്കാരത്തി സ്ത്രീയും തമ്മിൽ നടന്ന സംഭാഷണത്തിൽ പരാമർശവിധേയമായ, അവളുടെ “പൂർവ്വികർ ആരാധിച്ചിരുന്ന”മല (യോഹ. 4:20). ഇത് ഗെരെസീം മലയാണ് (ആവ.11:29). ഈ സ്ഥലം ശമര്യക്കാർക്ക് പവിത്രമായതായിരുന്നു. യരുശലേമാണ് യഥാർത്ഥ ആരാധനാസ്ഥലം എന്ന യഹൂദന്മാരുടെ വാദത്തെ ശമര്യർ എതിർത്തത് ഈ മലയുപയോഗിച്ചായിരുന്നു (വാ.20). എന്നിരുന്നാലും ആരാധനക്ക് സ്ഥലവുമായല്ല, മറിച്ച് ഒരു വ്യക്തിയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്നതിനുള്ള സമയം വന്നെത്തിയിരിക്കുന്നു എന്ന്  യേശു പറഞ്ഞു: “സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്ക്കരിക്കുന്ന നാഴിക വരുന്നു” (വാ.23). ആ സ്ത്രീ മശീഹായിലുള്ള തന്റെ വിശ്വാസം പരസ്യമാക്കി; എന്നാൽ താൻ അവനോടാണ് സംസാരിക്കുന്നത് എന്നറിഞ്ഞില്ല. അപ്പോൾ”യേശു അവളോട്: ‘നിന്നോടു സംസാരിക്കുന്ന ഞാൻ തന്നേ മശീഹാ’ എന്ന് പറഞ്ഞു”(വാ.26).

ദൈവം ഒരു മലയിലോ ഭൗതിക സ്ഥലത്തോ ഒതുങ്ങുന്നില്ല. അവൻ എവിടെയും നമ്മോടൊപ്പമുണ്ട്. നമ്മുടെ യഥാർത്ഥ പ്രയാണം നാം പ്രാഗത്‌ഭ്യത്തോടെ “ഞങ്ങളുടെ പിതാവേ” എന്ന് വിളിച്ച് അവിടുത്ത കൃപാസനത്തോട് സമീപിക്കുന്നതാണ്; അവൻ തീർച്ചയായും അവിടെയുണ്ട്.