ക്രിസ്തുവിൽ വിശ്വസിക്കുന്നതിനെ എതിർത്തിരുന്ന, ഫിലിപ്പൈൻസിലെ ഒരു ഗോത്രത്തിൽ വളർത്തപ്പെട്ട എസ്തെർ; തന്റെ ജീവന് ഭീഷണിയായ ഒരു രോഗവുമായി മല്ലടിച്ചപ്പോൾ തന്റെയൊരു ആന്റി പ്രാർത്ഥിച്ചതിനെത്തുടർന്നാണ് യേശുവിലൂടെയുളള രക്ഷ സ്വീകരിച്ചത്. ഇപ്പോൾ തനിക്ക് നേരിടുന്ന എതിർപ്പുകളെ ഒരു പക്ഷെ വധഭീഷണി പോലും അവഗണിച്ച് എസ്തെർ അവളുടെ സമൂഹത്തിൽ ബൈബിൾ ക്ലാസ്സുകൾ എടുക്കുന്നു. സന്തോഷത്തോടെ കർത്താവിനെ സേവിച്ചുകൊണ്ട് അവർ പറയുന്നത് ഇങ്ങനെയാണ്.” എനിക്ക് ആളുകളോട് യേശുവിനെപ്പറ്റി പറയാതിരിക്കാൻ കഴിയില്ല; കാരണം ദൈവത്തിന്റെ ശക്തിയും സ്നേഹവും നന്മയും വിശ്വസ്തതയും ഞാൻ എന്റെ ജീവിതത്തിൽ അനുഭവിക്കുന്നു.”
പ്രതികൂലങ്ങളുടെയിടയിൽ ദൈവത്തെ സേവിക്കുക എന്നത് , ബാബേൽപ്രവാസത്തിൽ ജീവിച്ച ശദ്രക്ക് , മേശക്ക്, അബെദ്നെഗോ എന്നീ 3 യിസ്രായേല്യരേപ്പോലെ, ഇന്നും അനേകരുടെയും ജീവിതത്തിലെ യാഥാർത്ഥ്യമാണ്. ജീവന് ഭീഷണിയായിട്ടു പോലും അവർ നെബുഖദ് നേസർ രാജാവ് ഉയർത്തിയ വലിയ സ്വർണ്ണ ബിംബത്തെ ആരാധിക്കാൻ കൂട്ടാക്കിയില്ല എന്ന് ദാനിയേലിന്റെ പുസ്തകത്തിൽ നാം വായിക്കുന്നു. ദൈവത്തിന് തങ്ങളെ സംരക്ഷിക്കാൻ കഴിയുമെന്നും സംരക്ഷിച്ചില്ലെങ്കിലും തങ്ങൾ ആ ദൈവത്തെ മാത്രമേ സേവിക്കുകയുള്ളൂ എന്നും അവർ പ്രസ്താവിച്ചു. (ദാനിയേൽ 3:18) തീച്ചൂളയിൽ എറിയപ്പെട്ടപ്പോൾ ദൈവം അവരുടെ സഹനത്തിൽ കൂടെ ചേർന്നു. (വാ. 25 ) എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട്, ഒരു “മുടി പോലും കരിയാതെ ” , അവർ പുറത്തു വന്നു. (വാ. 27 )
നാം വിശ്വാസത്തിനു വേണ്ടി പീഢനം അനുഭവിക്കുമ്പോൾ , നമ്മുടെ പ്രതീക്ഷകൾ പോലെയല്ല കാര്യങ്ങൾ സംഭവിക്കുന്നത് എന്ന് വന്നാലും,ദൈവത്തിന്റെ ആത്മാവ് നമ്മോട് കൂടെയിരുന്ന് നമ്മെ ശക്തിപ്പെടുത്തുകയും അനുസരണത്തിൽ നമ്മെ സ്ഥിരപ്പെടുത്തുകയും ചെയ്യും എന്നതിന് പുരാതനവും ആധുനികവുമായ ഉദാഹരണങ്ങൾ നമുക്കു മുമ്പിലുണ്ട്.
"എങ്കിലും" ഞങ്ങൾ ദൈവത്തെ സേവിക്കും എന്ന് പറഞ്ഞ സാഹചര്യങ്ങൾ ഏതൊക്കെയാണ്? ദൈവം നിങ്ങളോട് കൂടെയിരുന്നത് ഏതു വിധത്തിലാണ്?
ദൈവമേ, ഇത്ര ഔദാര്യമായി എന്നെ സ്നേഹിക്കുന്നതിന് നന്ദി. എതിർപ്പുകൾ നേരിടുമ്പോഴും സന്തോഷത്തോടെ അങ്ങയെ അനുഗമിക്കാൻ എന്നെ സഹായിക്കണമേ.