2018 ൽ , തായ്ലാന്റിലെ 12 കുട്ടികളും അവരുടെ ഫുട്ബോൾ കോച്ചും കൂടി , ഒരു സായാഹ്നം ആസ്വദിക്കാനായി, വളഞ്ഞുതിരിഞ്ഞ വഴികളുള്ള ഒരു ഗുഹക്കകത്ത് പ്രവേശിച്ചു. അപ്രതീക്ഷിതമായി മഴ പെയ്ത് ഗുഹയിൽ വെള്ളം കയറിയപ്പോൾ അവർ കൂടുതൽ കൂടുതൽ ഗുഹക്ക് അകത്തേക്ക് കയറിപ്പോയി. രണ്ടര ആഴ്ചകൾക്ക് ശേഷമാണ് അവരെ രക്ഷിച്ച് പുറത്തു കൊണ്ടുവരാനായത്. മുങ്ങൽ വിദഗ്ധ ടീം ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്താനായി പരിശ്രമിച്ചു കൊണ്ടിരുന്നപ്പോൾ 6 ഫ്ലാഷ് ലൈറ്റുകളുമായി ഒരു ചെറിയ പാറയിടുക്കിൽ ഇരിക്കുകയായിരുന്നു കുട്ടികൾ. എങ്ങനെയെങ്കിലും വെളിച്ചവും സഹായവും വരുമെന്ന് പ്രതീക്ഷിച്ച്, അനേക മണിക്കൂറുകൾ അവർ ഇരുട്ടിൽ ചെലവഴിച്ചു.
പ്രവാചകനായ യെശയ്യാവ് വിവരിക്കുന്നത് ഇരുളു നിറഞ്ഞതും, അക്രമവും അത്യാഗ്രഹവും അതിക്രമിച്ചതും, മത്സരത്താലും മന:പീഢയാലും തകർന്നതുമായ ഒരു ലോകത്തെയാണ് (യെശ. 8:22). എവിടെയും അവശിഷ്ടങ്ങൾ മാത്രം. പ്രത്യാശയുടെ കിരണങ്ങൾ മിന്നി മറയുന്നു; അന്ധകാര ശൂന്യതയിലേക്ക് നിപതിക്കുന്നതിനു മുമ്പുള്ള സ്ഫുലിംഗങ്ങൾ മാത്രം. എങ്കിലും ഈ ഇരുണ്ട നാളുകൾ അവസാനമല്ലെന്ന് യെശയ്യാവ് ഉറപ്പിച്ച് പറയുന്നു. ദൈവത്തിന്റെ കരുണയാൽ “കഷ്ടതയിൽ ഇരുന്ന ദേശത്തിന് തിമിരം നില്ക്കുകയില്ല” (9:1) എന്ന് പറയുന്നു. ദൈവം തന്റെ ജനത്തെ ഇരുളടഞ്ഞ അവശിഷ്ടങ്ങളിൽ ഉപേക്ഷിക്കയില്ല. പാപം മൂലം ഉണ്ടായ അന്ധകാരത്തെ നീക്കുവാൻ യേശു വരുന്നതിനെക്കുറിച്ച് പ്രവാചകൻ ജനത്തിന് പ്രത്യാശ നൽകുന്നു.
യേശു വന്നു. യെശയ്യാവിന്റെ വാക്കുകൾ ഇന്ന് പുതിയ അർത്ഥത്തിൽ നാം കേൾക്കുന്നു: “ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്ത് പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു” (വാ .2).
രാത്രി എത്ര കുരിരുൾ നിറഞ്ഞതുമാകട്ടെ ; സാഹചര്യങ്ങൾ എത്ര നിരാശപ്പെടുത്തുന്നവയുമാകട്ടെ ; നാം ഒരിക്കലും ഇരുട്ടിൽ ഉപേക്ഷിക്കപ്പെടുകയില്ല. യേശു ഇവിടെയുണ്ട്. ഒരു വലിയ വെളിച്ചം പ്രകാശിക്കുന്നു.
അന്ധകാരവും നിരാശയും അനുഭവിക്കുവാൻ നിങ്ങൾ എങ്ങനെയാണ് ശീലിച്ചിരിക്കുന്നത്? വലിയ വെളിച്ചമായ യേശുവിനെ ധ്യാനിക്കുക - ഈ വെളിച്ചം നിങ്ങളെ പ്രത്യാശയെ എങ്ങനെയാണ് പുതുക്കുന്നത് ?
ദൈവമേ, ചുറ്റും വലിയ അന്ധകാരമാണ്. ഈ ഇരുട്ട് എന്നെ മുക്കിക്കളയുമോയെന്ന് ഞാൻ ഭയപ്പെടുന്നു. എനിക്ക് ഒരു വലിയ വെളിച്ചമായിരിക്കേണമേ. അവിടുത്തെ സ്നേഹത്തിന്റെ കിരണങ്ങൾ എന്റെമേൽ പ്രകാശിപ്പിക്കേണമേ.