ഹരീഷ് തന്റെ പരിചയക്കാരനായ ദേവിനെ വിവരിച്ചത്, “ദൈവത്തോട് ഏറെ നാളായി ഏറെ അകന്ന്“ ഇരിക്കുന്നവനെന്നാണ്. ഒരു ദിവസം, ഹരീഷ് ദേവിനോട് എങ്ങനെയാണ് ദൈവത്തിന്റെ സ്നേഹം രക്ഷിക്കപ്പെടാനുള്ള വഴി ഒരുക്കിയതെന്ന് വിവരിച്ചപ്പോൾ ദേവ് യേശുവിൽ വിശ്വാസിച്ചു. കണ്ണുനീരോടെ തന്റെ പാപങ്ങളെക്കുറിച്ച് ദേവ് പശ്ചാത്തപിക്കുകയും തന്റെ ജീവിതം ക്രിസ്തുവിനു നൽകുകയും ചെയ്തു. പിന്നീട് ഹരീഷ് ദേവിനോട് എങ്ങനെ അനുഭവപ്പെടുന്നു എന്ന് ചോദിച്ചു. കണ്ണുനീർ തുടച്ചു കൊണ്ട് ദേവ് പറഞ്ഞു “ശുദ്ധമായി.”

എത്ര അത്ഭുതകരമായ പ്രതികരണം! നമുക്കുവേണ്ടിയുള്ള യേശുവിന്റെ ക്രൂശിലെ ത്യാഗത്തിലുള്ള വിശ്വാസത്തിലൂടെ ലഭ്യമായ രക്ഷയുടെ സത്ത ഇതാണ്. 1 കൊരിന്ത്യർ 6 ൽ ദൈവത്തിനെതിരെയുള്ള അനുസരണക്കേട് എങ്ങനെ അവനുമായുള്ള വേർപാടിലേക്ക് നയിക്കുന്നു എന്ന ഉദാഹരണത്തിനു ശേഷം പൗലോസ് പറയുന്നത് “നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നെ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു“(വാ. 11).“കഴുകപ്പെട്ട”, “ശുദ്ധീകരിക്കപ്പെട്ട”, “നീതീകരിക്കപ്പെട്ട”—തുടങ്ങിയ വാക്കുകൾ വിശ്വാസികൾ ക്ഷമിക്കപ്പെട്ടു അവനുമായി യഥാസ്ഥാനപ്പെടുന്നതു ചൂണ്ടിക്കാണിക്കുന്നു.

രക്ഷ എന്ന ഈ അത്ഭുത കാര്യത്തേക്കുറിച്ച് തീത്തൊസ് 3:4–7 കൂടുതൽ നമ്മോടു പറയുന്നു. “എന്നാൽ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ, അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു. പുനർജനനസ്നാനംകൊണ്ടും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണംകൊണ്ടുംതന്നെ.” നമ്മുടെ പാപം നമ്മെ ദൈവത്തിൽ നിന്നും അകറ്റുന്നു, എന്നാൽ യേശുവിലുള്ള വിശ്വാസം പാപത്തിന്റെ ശിക്ഷയെ കഴുകിക്കളയുന്നു. നാം പുതിയ സൃഷ്ടി ആയിത്തീരുന്നു (2 കൊരിന്ത്യർ 5:17), സ്വർഗ്ഗസ്ഥനായ പിതാവിങ്കലേക്കു പ്രവേശനം ലഭിക്കുന്നു (എഫെസ്യർ 2:18), നമ്മെ ശുദ്ധീകരിക്കുന്നു (1 യോഹന്നാൻ 1:7). നാം ശുദ്ധീകരിക്കപ്പെടുവാൻ ആവശ്യമായത് നൽകുന്നത് അവൻ മാത്രമാണ്.