കൊറോണ വൈറസിന്റെ പശ്ചാതലത്തിൽ എന്റെ സേഫ്റ്റി ഡിപ്പോസിറ്റ് ബോക്സിൽ നിന്നും എന്തെങ്കിലും പിൻവലിക്കുന്നതിനു മുൻപത്തേക്കാൾ കൂടുതൽ പ്രോട്ടോക്കോളുകൾ ആവശ്യമാണ്. ഇപ്പോൾ ഞാൻ മുൻകൂട്ടി ആപോയിന്റ്മെന്റ് എടുക്കണം, എത്തിക്കഴിഞ്ഞാൽ അകത്തു കയറാൻ വിളിക്കണം, തിരിച്ചറിയൽ രേഖയും ഒപ്പും കാണിക്കണം, അതിനു ശേഷം നിലവറയിലേക്ക് കൊണ്ടുപോകാനായി നിയുക്തനായ ഉദ്യോഗസ്ഥനെ കാത്തിരിക്കണം. അകത്തു കയറിയാൽ, എനിക്ക് ആവശ്യമുള്ളത് ബോക്സിനുള്ളിൽ നിന്നും കണ്ടെത്തുന്നതു വരെ ഭാരിച്ച ഡോറുകൾ വീണ്ടും അടക്കും. ഈ നിർദ്ദേശങ്ങളെല്ലാം പാലിച്ചില്ലെങ്കിൽ എനിക്ക് അകത്തു കടക്കാൻ സാധിക്കില്ല.

പഴയ നിയമത്തിൽ സമാഗമനകൂടാരത്തിലുള്ള അതിവിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കാൻ ദൈവം ചില പ്രോട്ടോക്കോളുകൾ നിർദ്ദേശിച്ചിരുന്നു (പുറപ്പാട് 26:33). “വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും തമ്മിൽ വേർതിരിക്കുന്ന” പ്രത്യേക തിരശ്ശീലയ്ക്കു പിന്നിലേക്ക് ആണ്ടിലൊരിക്കൽ മഹാപുരോഹിതനു മാത്രം കടന്നു ചെല്ലാമായിരുന്നു (എബ്രായർ 9:7). മഹാപുരോഹിതൻ അഹരോനും ശേഷം വന്ന മഹാപുരോഹിതന്മാരും, അകത്തു കടക്കുന്നതിനു മുൻപ് കുളിച്ച്, വിശുദ്ധമായ അങ്കി ധരിച്ച് വേണം യാഗവസ്തുക്കളുമായി വരാൻ (ലേവ്യാപുസ്തകം 16:3–4). ദൈവത്തിന്റെ നിർദ്ദേശങ്ങൾ ആരോഗ്യപരമോ സുരക്ഷാപരമോ ആയ കാരണങ്ങൾക്കായിരുന്നില്ല; യിസ്രായേലിനെ ദൈവത്തിന്റെ വിശുദ്ധിയും നമുക്ക് പാപക്ഷമയുടെ ആവശ്യകതയും പഠിപ്പിക്കാൻ ഉദ്ധേശിച്ചായിരുന്നു.

യേശുവിന്റെ മരണ സമയത്ത്, തങ്ങളുടെ പാപക്ഷമക്കായി അവന്റെ യാഗത്തിൽ വിശ്വസിക്കുന്ന എല്ലാ ജനങ്ങൾക്കും ദൈവത്തിന്റെ സന്നിധിയിലേക്ക്  കടന്നു വരാമെന്ന് പ്രതീകാത്മകമായി കാണിച്ചു കൊണ്ട് ആ പ്രത്യേക തിരശ്ശീല ചീന്തി(മത്തായി 27:51). നമ്മുടെ അനന്ത സന്തോഷത്തിന്റെ കാരണം കൂടാരത്തിലെ തിരശ്ശീലയിലെ ചീന്തൽ ആണ്—എല്ലായ്പ്പോഴും ദൈവ സന്നിധിയിലേക്ക് അടുക്കുവാൻ യേശു നമ്മെ പ്രാപ്തരാക്കി!