ചരിത്രത്തിനു വഴിതെളിച്ച മിഷണറിമാരെക്കുറിച്ച് ചിന്തിക്കുമ്പോൾ, ചാൾസ് റീനിയസിന്റെ (1790-1838) പേര് പലപ്പോഴും നാം ഓർക്കാറില്ല. ജർമ്മനിയിൽ ജനിച്ച ചാൾസ് റീനിയസ് ആദ്യ മിഷണറിമാരിൽ ഒരാളായി തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ എത്തി. 90-ലധികം ഗ്രാമങ്ങളിൽ അദ്ദേഹം യേശുവിന്റെ സന്ദേശം എത്തിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ 3000 ആത്മാക്കളെ നേടുകയും ചെയ്തു. തമിഴ് ഭാഷയിലേക്കുള്ള ബൈബിൾ ഗ്രന്ഥങ്ങളുടെ എഴുത്തുകാരനും വിവർത്തകനുമായി അദ്ദേഹം സേവനമനുഷ്ഠിച്ചു. അദ്ദേഹം “തിരുനെൽവേലിയുടെ അപ്പോസ്തലൻ” ആയുംസൗത്ത്ഇന്ത്യൻചർച്ചിന്റെ സ്ഥാപകപിതാക്കളിൽ ഒരാളായും ആണ് കണക്കാക്കപ്പെടുന്നത്.

റിനിയസിന്റെ ശ്രദ്ധേയമായ സേവന ചരിത്രം പലരും മറന്നിട്ടുണ്ടാകാം, എന്നാൽ അദ്ദേഹത്തിന്റെ ശുശ്രൂഷകൾ ദൈവം ഒരിക്കലും മറക്കില്ല. ദൈവത്തിനായി നിങ്ങൾ ചെയ്യുന്ന ഒരു വേലയും ദൈവം മറക്കില്ല. എബ്രായർക്കുള്ള ലേഖനത്തിൽ എഴുതിയിരിക്കുന്ന ഈ വാക്കുകൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു, “ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല”(6:10). ദൈവം വിശ്വസ്തനാകയാൽ,  അവന്റെ നാമത്തിൽ ചെയ്തതെല്ലാം അവൻ അറിയുകയും ഓർക്കുകയും ചെയ്യുന്നു. എബ്രായ ലേഖനം നമ്മെ വീണ്ടും ഉത്സാഹിപ്പിക്കുന്നു, “വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരുക” (വാ. 12).

നമ്മുടെ സഭയിലോ സമൂഹത്തിലോ നമ്മൾ തിരശ്ശീലയ്ക്ക് പിന്നിൽ സേവിക്കുകയാണെങ്കിൽ, നമ്മുടെ അദ്ധ്വാനം അംഗീകരിക്കപ്പെടുന്നില്ലെന്ന്  തോന്നുന്നത് സ്വാഭാവികമാണ്. ധൈര്യപ്പെടുക; നാം ചെയ്യുന്നതു നമുക്കു ചുറ്റുമുള്ള ആളുകൾ അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്താലും, ദൈവം നമ്മെ ഒരിക്കലും മറക്കുകയില്ല. അവൻ വിശ്വസ്തനാണ്.