ഹാരിയറ്റ് ടബ്മാന് വായിക്കാനോ എഴുതാനോ കഴിയില്ല. കൗമാരപ്രായത്തിൽ, ക്രൂരനായ യജമാനന്റെ കൈയിൽ നിന്നു അവൾക്ക് തലയ്ക്ക് പരിക്കേറ്റു. ആ മുറിവ് അവൾക്ക് ജീവിതകാലം മുഴുവൻ തലവേദനയും അപസ്മാരവും ഉണ്ടാക്കി. എന്നാൽ ഒരിക്കൽ അവൾ അടിമത്വത്തിൽ നിന്ന് രക്ഷപ്പെട്ടപ്പോൾ, മുന്നൂറോളം പേരെ രക്ഷിക്കുവാൻ ദൈവം അവളെ ഉപയോഗിച്ചു.

അവൾ മോചിപ്പിച്ചവർ അവളെ “മോസസ്” എന്ന് വിളിച്ചു. ഹാരിയറ്റ് ധീരതയോടെ മറ്റുള്ളവരെ രക്ഷിക്കുവാൻ ആഭ്യന്തര യയുദ്ധത്തിന് മുമ്പുള്ള അമേരിക്കയുടെ തെക്കൻ പ്രദേശത്തേക്ക് പത്തൊൻപത് യാത്രകൾ നടത്തി. അവളുടെ തലയ്ക്കവർ വിലയിട്ടിട്ടും അവളുടെ ജീവൻ നിരന്തരം അപകടത്തിലായിരുന്നിട്ടും അവൾ അതു തുടർന്നു. യേശുവിൽ ഭക്തിയുള്ള ഒരു വിശ്വാസിയായ അവൾ എല്ലാ യാത്രയിലും ഒരു പാട്ടുപുസ്തകവും ബൈബിളും വഹിക്കുകയും മറ്റുള്ളവരെക്കൊണ്ടതു വായിപ്പിക്കുകയും ചെയ്തു. അത് അവൾ തന്റെ ഓർമ്മയിൽ സൂക്ഷിക്കുകയും പലപ്പോഴും ഉദ്ധരിക്കുകയും ചെയ്തു. “ഞാൻ എപ്പോഴും പ്രാർത്ഥിച്ചു,” അവൾ പറഞ്ഞു, “എന്റെ ജോലിയിൽ, എല്ലായിടത്തും, ഞാൻ എപ്പോഴും കർത്താവിനോട് സംസാരിക്കുകയായിരുന്നു.” ഏറ്റവും ചെറിയ വിജയങ്ങൾ പോലും അവൾ ദൈവത്തിന് സമർപ്പിച്ചു. ആദ്യകാല ക്രിസ്ത്യാനികൾക്ക് അപ്പോസ്തലനായ പൗലോസ് നല്കിയ നിർദ്ദേശത്തിന്റെ ശക്തമായ ആവിഷ്കാരമായിരുന്നു അവളുടെ ജീവിതം: “എപ്പോഴും സന്തോഷിപ്പിൻ; ഇടവിടാതെ പ്രാർത്ഥിപ്പിൻ, എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം”(1 തെസ്സലൊനീക്യർ 5: 16-18).

ഓരോ നിമിഷത്തിലും നാം ദൈവത്തിലേക്ക് ചായുകയും പ്രാർത്ഥനയിൽ ആശ്രയിക്കുകയും, നമ്മുടെ ബുദ്ധിമുട്ടുകൾക്കിടയിലും അവനെ സ്തുതിക്കുകയും ചെയ്യുമ്പോൾ, ഏറ്റവും വെല്ലുവിളി നിറഞ്ഞ ജോലികൾ പോലും നിർവഹിക്കാനുള്ള ശക്തി അവൻ നമുക്ക് നൽകുന്നു. നമ്മുടെ രക്ഷകൻ നാം അഭിമുഖീകരിക്കുന്ന എന്തിനേക്കാളും വലുതാണ്, നാം അവനിലേക്ക് നോക്കുമ്പോൾ അവൻ നമ്മെ നയിക്കും.