ജെൻ കാലുകളില്ലാതെ ജനിക്കുകയും ആശുപത്രിയിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. എന്നിട്ടും അവൾ പറയുന്നത്, അവൾ ഉപേക്ഷിക്കപ്പെട്ടത് ഒരു അനുഗ്രഹമായിത്തീർന്നു എന്നാണ്. “എന്നിലേക്ക് ഒഴുകിയെത്തിയ ആളുകൾ നിമിത്തമാണ് ഞാൻ ഇന്ന് ജീവിക്കുന്നത്.” അവൾ ഇങ്ങനെ ജനിച്ചത് “ഒരു പ്രത്യേക കാര്യത്തിനു വേണ്ടി” ആണെന്നു അവളെ ദത്തെടുത്ത കുടുംബം അവളോടു പറയുമായിരുന്നു. “എനിക്കു കഴിയില്ല” എന്ന് അവൾക്ക് ഒരിക്കലും പറയാൻ ഇടയാകാതെ, അവളുടെ എല്ലാ പരിശ്രമങ്ങളിലും അവളെ പ്രോത്സാഹിപ്പിക്കുവാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു – അവൾ ഒരു പ്രഗത്ഭയായ അക്രോബാറ്റും വ്യോമാഭ്യാസിയുമാകുന്നത് വരെ!“എനിക്ക് എങ്ങനെ ഇത് കീഴടക്കുവാൻ കഴിയും?”എന്ന മനോഭാവത്തോടെ അവൾ വെല്ലുവിളികളെ നേരിടുന്നു. മറ്റുള്ളവരെയും അങ്ങനെ ചെയ്യുവാൻ പ്രേരിപ്പിക്കുന്നു.
കഴിവില്ലാത്തതോ യോഗ്യതയില്ലാത്തതോ ആയ പലരെയും ദൈവം ഉപയോഗിച്ച കഥകൾ ബൈബിൾ പറയുന്നു – അവരുടെ കഴിവിനപ്പുറമായി ദൈവം അവരെ ഉപയോഗിക്കുന്നു. മോശെ ഒരു മികച്ച ഉദാഹരണമാണ്. ഈജിപ്തിൽ നിന്ന് ഇസ്രായേല്യരെ നയിക്കുവാൻ ദൈവം അവനെ വിളിച്ചപ്പോൾ, അവൻ വിസമ്മതിച്ചു “ഞാൻ വിക്കനും തടിച്ചനാവുള്ളവനും ആകുന്നു എന്നു പറഞ്ഞു”(പുറപ്പാട് 4:10). ദൈവം മറുപടി പറഞ്ഞു, “ആരാണ് മനുഷ്യർക്ക് വായ നൽകിയത്? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക; ഞാൻ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും “(4:10-12). മോശെ പിന്നെയും പ്രതിഷേധിച്ചപ്പോൾ, ദൈവം അവനു വേണ്ടി സംസാരിക്കുവാൻ അഹരോനെ അനുവദിക്കുകയും അവൻ ജനത്തോടു സംസാരിക്കും എന്ന് ഉറപ്പുനൽകുകയും ചെയ്തു (4:13-16).
ജെന്നിനെപ്പോലെ, മോശെയെപ്പോലെ, നാമെല്ലാവരും ഇവിടെ ആയിരിക്കുന്നത് ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തിനു വേണ്ടിയാണ് – ദൈവം കൃപയോടെ അതിനായി നമ്മെ സഹായിക്കുകയും നമ്മെ അതിനു സഹായിക്കുവാൻ ആളുകളെ ഒരുക്കുകയും ചെയ്യുന്നു. അങ്ങനെ, അവനുവേണ്ടി ജീവിക്കുവാൻ ആവശ്യമുള്ളത് അവൻ നമുക്കായി കരുതുന്നു.
ദൈവം നിങ്ങളെ വിളിച്ച ഒരു പ്രത്യക കാര്യത്തിനായി നിങ്ങൾക്ക് കഴിവില്ലാത്തതായി അല്ലെങ്കിൽ നിങ്ങൾ സജ്ജമല്ലാത്തതായി തോന്നിയിട്ടുണ്ടോ? അപ്പോൾ ദൈവം നിങ്ങളെ എങ്ങനെയാണു സഹായിച്ചത്?
ദൈവമേ, എല്ലാം തനിയെ ചെയ്യുവാൻ നീ എന്നെ ഈ ഭൂമിയിൽ ഉപപേക്ഷിക്കാത്തതിൽ ഞാൻ സന്തോഷി ക്കുന്നു. എന്നെ സഹായിക്കുവാനായി നീ പലരെയും ഒരുക്കിയതിനായും നിന്റെ സഹായത്തിനായും സ്നേഹത്തിനായും ഞാൻ നന്ദി പറയുന്നു.