ആ ചുണ്ടെലിയുടെ മൂക്ക് വിറച്ചു. രുചികരമായ എന്തോ അടുത്തുണ്ടെന്ന് അതിനു മനസ്സിലായി. ആ സുഗന്ധം അവനെ രുചികരമായ വിത്തുകൾ നിറഞ്ഞ പക്ഷിത്തീറ്റയിലേക്ക് നയിച്ചു. ആ തീറ്റപ്പാത്രം തൂക്കിയിട്ടിരുന്ന കയറിൽക്കൂടി അവൻ കയറി, പാത്രത്തിന്റെ ചെറിയ വാതിലിലൂടെ ഉള്ളിൽ കയറി. രാത്രി മുഴുവൻ അവിടെയിരുന്ന് അതു തിന്നു. രാവിലെ മാത്രമാണ് താൻ അനുഭവിക്കുന്ന ബുദ്ധിമുട്ട് അവന്നു മനസ്സിലായത്. പക്ഷികൾ അപ്പോൾ പാത്രത്തിന്റെ വാതിലിലൂടെ അവനെ കൊത്തി, പക്ഷേ തീറ്റ മുഴുവൻ കഴിച്ചു വയറുവീർത്ത അവന്നുഇപ്പോൾ ഇരട്ടി വലിപ്പമുണ്ടായിരുന്നു. അതിനാൽ കയറിയ വാതിലിൽക്കൂടി അവന്നു രക്ഷപ്പെടാൻ കഴിയുമായിരുന്നില്ല.
ചില വാതിലുകൾ നമ്മെ ആകർഷകമായ , അതേസമയം അപകടകരമായ സ്ഥലങ്ങളിലേക്ക് നയിക്കും. ലൈംഗികപ്രലോഭനം ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള സദൃശവാക്യങ്ങൾ 5-ലെ ശലോമോന്റെ ഉപദേശത്തിൽ, ഒരു അപകടകരമായ വാതിൽ കാണാം. ലൈംഗികപാപം മോഹിപ്പിക്കുന്നതും, എന്നാൽ അതു വലിയ കുഴപ്പത്തിലേക്കു നമ്മെ കൊണ്ടെത്തിക്കുന്നതും ആകുന്നു(5: 3-6). അതിൽ നിന്ന് അകന്നു നിൽക്കുന്നതാണ് നല്ലത്, കാരണം നിങ്ങൾ ആ വാതിലിലൂടെ കടന്നാൽ നിങ്ങൾ കുടുങ്ങും, നിങ്ങളുടെ ബഹുമാനം നഷ്ടപ്പെടും, നിങ്ങളുടെ സമ്പത്ത് അപരിചിതർ തട്ടിയെടുക്കും (വാ. 7–11). പകരം നമ്മുടെ സ്വന്തം ഇണയിൽ സന്തോഷിക്കുവാൻ ശലോമോൻ നമ്മെ ഉപദേശിക്കുന്നു (vv. 15-20). അവന്റെ ഉപദേശം, പാപത്തെ കുറിച്ചുള്ള വിശാലമായ അർത്ഥത്തിലും എടുക്കുവാൻ സാധിക്കും (വാ. 21-23).അത് അമിതമായി ഭക്ഷണം കഴിക്കുവാനോ, അമിതമായി ചെലവഴിക്കുവാനോ, മറ്റെന്തെങ്കിലുമോ ഉള്ള പ്രലോഭനവും ആകാം. നമ്മെ കുടുക്കുന്ന ഇങ്ങനെയുള്ള വാതിലുകൾ ഒഴിവാക്കുവാൻ ദൈവത്തിന് നമ്മെ സഹായിക്കാനാകും.
വീട്ടുടമസ്ഥൻ തന്റെ തോട്ടത്തിലെ പക്ഷിത്തീറ്റയിൽ ചുണ്ടെലിയെ കണ്ടെത്തി അതിനെ മോചിപ്പിച്ചപ്പോൾ അതു സന്തോഷിച്ചിരിക്കണം. കെണിയിൽ കുടുങ്ങിക്കിടക്കുന്ന നമ്മെ സ്വതന്ത്രരാക്കുവാൻ ദൈവത്തിനു മാത്രമേ കഴിയൂ. എന്നാൽ ആദ്യംതന്നെ, കെണിയിലേക്കുള്ള വാതിൽ ഒഴിവാക്കാനുള്ള ബലത്തിനായി നമുക്ക് അവനിൽ ആശ്രയിക്കാം.
നിങ്ങളെ ഏറ്റവും വലിയ പ്രലോഭനത്തിലേക്ക് നയിക്കുന്ന "വാതിൽ" ഏതാണ്? ഇന്ന് നിങ്ങൾ ആ വാതിൽ എങ്ങനെ ഒഴിവാക്കും?
സർവ്വശക്തനായ ദൈവമേ, കെണിയിലേക്ക് നയിക്കുന്ന വാതിൽ ഒഴിവാക്കുവാൻ എന്നെ സഹായിക്കണമേ.