1964 ലെ ഒരു സായാഹ്നത്തിൽ, 9.2 തീവ്രത രേഖപ്പെടുത്തിയ ഗ്രേറ്റ് അലാസ്ക ഭൂകമ്പം, നാലു മിനിറ്റിനുള്ളിൽ ആങ്കറേജ് നഗരത്തെ തകിടം മറിച്ചു. ഇരുണ്ട, ഭീതിജനകമായ ആ രാത്രിയിൽ, വാർത്താ റിപ്പോർട്ടർ ജെനി ചാൻസ് അവളുടെ മൈക്രോഫോണിൽ നിന്ന്, അവരുടെ റേഡിയോകളിൽ ശ്രദ്ധിച്ചിരിക്കുന്നനിരാശരായ ആളുകൾക്ക് സന്ദേശങ്ങൾ കൈമാറി: തന്റെ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്ന് അകലെ ജോലി ചെയ്യുന്ന ഒരു ഭർത്താവ് കേട്ടു; ബോയ് സ്കൗട്ട് ക്യാമ്പിലുണ്ടായിരുന്ന അവരുടെ മക്കൾക്കു കുഴപ്പമില്ലെന്ന് അസ്വസ്ഥരായ കുടുംബങ്ങൾ കേട്ടു; തങ്ങളുടെ കുട്ടികളെ കണ്ടെത്തിയതായി ചില ദമ്പതികൾ കേട്ടു. ഭയാനകമായ ആ സമയത്ത് ഇങ്ങനെയുള്ള ശുഭവാർത്തകൾ തുടർച്ചയായി റേഡിയോയിൽ വന്നുകൊണ്ടിരുന്നു – സർവ്വനാശത്തിനിടയിലെ സദ്വർത്തമാനം ആയിരുന്നു അത്.
പ്രവാചകനായ യെശയ്യാവിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ ഇസ്രായേലിന് തോന്നിയതും അങ്ങനെത്തന്നെയായിരിക്കണം: “എളിയവരോടു സദ്വർത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തു” (61: 1). തകർന്നുകിടക്കുന്ന അവരുടെ ജീവിതത്തിന്റെ ശൂന്യമായ ഭാവിയുടെ തരിശുഭൂമിയിലേക്ക് അവർ നോക്കിയപ്പോൾ, എല്ലാം നഷ്ടപ്പെട്ടതായി തോന്നിയ നിമിഷത്തിൽ യെശയ്യാവിന്റെ വ്യക്തമായ ശബ്ദം അവർക്ക് നല്ല വാർത്ത നൽകി. “ഹൃദയം തകർന്നവരെ മുറികെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും… തലമുറയായി നിർജ്ജനമായിരുന്ന ശൂന്യനഗരങ്ങളെ കേടുപോക്കുവാനും”(61:1, 4) ദൈവം ഉദ്ദേശിക്കുന്നു എന്ന ദൈവത്തിന്റെ ഉറപ്പായ വാഗ്ദാനം, അവരുടെ ഭീതിയുടെ നടുവിലും ജനങ്ങൾ കേട്ട ഏറ്റവും നല്ല വാർത്ത ആയിരുന്നു.
ഇന്ന് നമ്മെ സംബന്ധിച്ചിടത്തോളം, യേശുവിലാണ് നാം ദൈവത്തിന്റെ സുവാർത്ത കേൾക്കുന്നത് – സുവിശേഷം എന്ന വാക്കിന്റെ അർത്ഥംസുവാർത്തഎന്നാണല്ലോ. നമ്മുടെ ഭയം, വേദന, പരാജയം എന്നിവ മാറ്റുവാൻ അവൻ ഒരു നല്ല വാർത്ത നൽകുന്നു. നമ്മുടെ ദുരിതങ്ങൾ സന്തോഷത്തിന് വഴിമാറുന്നു.
നിങ്ങളുടെ ജീവിതത്തിൽ എപ്പോഴാണ് നല്ല വാർത്തകൾ കേൾക്കുവാൻ ആവശ്യമായിരുന്നത് ? ദൈവത്തിന്റെ സുവാർത്ത നിങ്ങളുടെ ഭയത്തെയും ഉത്കണ്ഠയെയും സന്തോഷമാക്കി മാറ്റിയത് എപ്പോഴാണ്?
ദൈവമേ, എനിക്ക് ഒരു നല്ല വാർത്ത വേണം. ഞാൻ എപ്പോഴും മോശം വാർത്തകൾ കേട്ടുകൊണ്ടിരിക്കുന്നു. ഈ കാര്യങ്ങളെക്കുറിച്ച് നീ എന്താണ് പറയുന്നതെന്ന് എനിക്കറിയണം. നീ നല്കുന്ന സന്തോഷം എനിക്ക് തരേണമേ.