കൗമാരക്കാരികളുടെ ഒരു ശില്പശാലയിൽ വിശുദ്ധിയെക്കുറിച്ച് അവർക്ക് പ്രബോധനം നല്കാൻ ഒരു സുഹൃത്ത് എന്നോട് ആവശ്യപ്പെട്ടെങ്കിലും ഞാനത് നിരസിച്ചു. കൗമാരത്തിൽ വഴിവിട്ട ജീവിതത്തിന് വഴിപ്പെട്ടു പോയതുമൂലം അധാർമ്മികത എന്നിലേൽപ്പിച്ച പാടുകൾ ദശാബ്ദങ്ങളോളം എന്നെ വേട്ടയാടിയിരുന്നു. വിവാഹിതയായ ശേഷം ആദ്യമുണ്ടായ ഗർഭം അലസിപ്പോയി; എന്റെ പഴയ കാല പാപങ്ങളെ ദൈവം ശിക്ഷിക്കുന്നതാണെന്ന് ഞാൻ കരുതി. മുപ്പതാം വയസിൽ എന്റെ ജീവിതം കർത്താവിന് സമ്പൂർണ്ണമായി സമർപ്പിച്ചപ്പോൾ ഞാനെന്റെ പാപങ്ങളെ പലവുരു ഏറ്റ് പറഞ്ഞ് മാനസാന്തരപ്പെട്ടു. എന്നിട്ടും കുറ്റബോധവും ലജ്ജയും എന്നെ ഗ്രസിച്ചു. ദൈവത്തിന്റെ മഹാദയയെ ഇനിയും മുഴുവനായും അനുഭവിക്കാനാകാത്ത എനിക്ക് എങ്ങനെയാണ് ആ സ്നേഹത്തെക്കുറിച്ച് പങ്കുവെക്കാൻ കഴിയുക? പാപങ്ങൾ ഏറ്റുപറയുന്നതിനു മുമ്പ് ഞാൻ ആരായിരുന്നു എന്ന ചിന്തയിൽ എന്നെ തളച്ചിട്ടിരുന്ന വഞ്ചനയിൽ നിന്നും കാലക്രമേണ ദൈവമെന്നെ ഭാഗ്യവശാൽ മോചിപ്പിച്ചു. ദൈവം നിരന്തരമായി വാഗ്ദത്തം ചെയ്തിരുന്ന പാപക്ഷമയുടെ വിടുതൽ, കൃപയാൽ, ഒടുവിൽ ഞാൻ അനുഭവിച്ചു.
ദൈവം നമ്മുടെ സങ്കടങ്ങൾ മൂലമുള്ള വിലാപവും പഴയ പാപങ്ങളുടെ ഭവിഷ്യത്തുകളും അറിയുന്നു. നിരാശയെ അതിജീവിക്കാനും പാപത്തിൽ നിന്ന് തിരിയാനും അവന്റെ “ദയയും,“ “കരുണയും,” “വിശ്വസ്തതയും” (വിലാപങ്ങൾ 3:19-23) മൂലം ഉണർന്നെഴുന്നേല്ക്കുവാനും ദൈവം തന്റെ ജനത്തെ ശക്തിപ്പെടുത്തുന്നു. അവൻ നമ്മുടെ “ഓഹരി “-പ്രത്യാശയും രക്ഷയും-ആണെന്ന് തിരുവെഴുത്ത് പറയുന്നു; നല്ലവനായ അവനിൽ ശരണപ്പെടാൻ നമുക്ക് പഠിക്കാം (വാ. 24-26).
നമ്മുടെ മനസ്സലിവുള്ള പിതാവ് തന്റെ വാഗ്ദത്തങ്ങളെ വിശ്വസിക്കാൻ നമ്മെ സഹായിക്കുന്നു. അവന്റെ മഹാ സ്നേഹത്തിന്റെ പൂർണ്ണമായ അനുഭവമുണ്ടാകുമ്പോൾ, അവന്റെ കൃപയെക്കുറിച്ചുള്ള സുവിശേഷം നമുക്ക് അറിയിക്കാനാകും.
നിങ്ങളുടെ പഴയകാല പാപങ്ങൾ നിങ്ങളെ മൂടിയതായി തോന്നിയതെപ്പോഴാണ്? തന്റെ അളവില്ലാത്ത സ്നേഹത്തിന്റെയും കൃപയുടെയും സുനിശ്ചിതമായ പ്രത്യാശയിൽ ചാരുവാൻ ദൈവം സഹായിച്ചത് എങ്ങനെയാണ്?
മനസ്സലിവുള്ള പിതാവേ, അങ്ങയുടെ സുനിശ്ചിതമായ മഹാദയയിൽ പ്രത്യാശ വെച്ചുകൊണ്ട്, പോകുന്നിടത്തെല്ലാം അങ്ങയുടെ കൃപയുടെ സുവിശേഷം പങ്കുവെക്കാൻ എന്നെ സഹായിക്കണമെ.