ഞാൻ സെമിനാരിയിൽ പഠിച്ചിരുന്നപ്പോൾ ഞാൻ മുഴുവൻ സമയം ജോലിക്കാരനായിരുന്നു. പുറമെ ചാപ്ലിൻ ൻ്റെ ക്രമവും ഒരു സഭയിലെ ഇന്റേൺഷിപ്പും ഉണ്ടായിരുന്നു. തിരക്കായിരുന്നു എനിക്ക്. എന്റെ പിതാവ് എന്നെ സന്ദർശിച്ചപ്പോൾ പറഞ്ഞു: “ഇങ്ങനെയായാൽ നീ മാനസികമായി തകർന്നു പോകും.” ഈ തലമുറയെ മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ടും ഒരു ലക്ഷ്യം മുന്നിൽക്കണ്ട് പ്രവർത്തിക്കുന്നതിനെക്കുറിച്ച് അറിയാത്തതു കൊണ്ടുമാണ് അദ്ദേഹം അങ്ങനെ പറയുന്നത് എന്ന് ചിന്തിച്ച് ഞാൻ ആ മുന്നറിയിപ്പിനെ അവഗണിച്ചു.

ഞാൻ തകർന്നൊന്നും പോയില്ല. എന്നാൽ വിരസവും മനം മടുപ്പിക്കുന്നതുമായ തിരക്ക് എന്നെ മാനസികമായി തളർത്തുവാനിടയായി. അതിനു ശേഷം, ഞാൻ മുന്നറിയിപ്പുകൾ -പ്രത്യേകിച്ച് പ്രിയപ്പെട്ടവർ നല്കുന്നത്-ഒന്നും അവഗണിക്കാറില്ല.

ഇത് മോശയുടെ ജീവിതം എന്നെ ഓർമിപ്പിക്കുന്നു. അദ്ദേഹവും യിസ്രായേലിന്റെ ന്യായാധിപൻ എന്ന നിലയിൽ അത്യധ്വാനം ചെയ്യുകയായിരുന്നു (പുറപ്പാട് 18:13). പക്ഷെ, അദ്ദേഹം തന്റെ ഭാര്യാപിതാവിന്റെ മുന്നറിയിപ്പിന് ചെവി കൊടുത്തു (വാ.17-18). യിത്രോക്ക് അവരുടെ കാര്യങ്ങളിൽ ഗ്രാഹ്യമില്ലായിരുന്നെങ്കിലും മോശെയെയും കുടുംബത്തെയും അവൻ സ്നേഹിച്ചിരുന്നതിനാൽ അവർ അഭിമുഖീകരിക്കുന്ന പ്രയാസം തിരിച്ചറിയാൻ കഴിഞ്ഞു. അതുകൊണ്ടാകാം മോശെ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ചെവി കൊടുത്തത്. മോശെ, ചെറിയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ “പ്രാപ്തിയുള്ള പുരുഷന്മാരെ സകലജനത്തിൽ നിന്നും” നിയമിക്കുകയും പ്രയാസമുളള പ്രശ്നങ്ങൾ സ്വയം കൈകാര്യം ചെയ്യുകയും ചെയ്തു (വാ. 21, 22). യിത്രോയുടെ വാക്ക് കേട്ടതിനാൽ, ജോലി ക്രമീകരിക്കാനും, മറ്റുള്ളവരെ ഉൾപ്പെടുത്തി അമിതഭാരം കുറക്കാനും തളരാതെ മുന്നോട്ടു പോകാനും മോശെക്ക് കഴിഞ്ഞു.

നമ്മിൽ പലരും ദൈവത്തിനു വേണ്ടിയും കുടുംബത്തിനു വേണ്ടിയും മററുള്ളവർക്കു വേണ്ടിയുമുള്ള അദ്ധ്വാനം ഗൗരവമായും തീവ്രമായും ചെയ്യുന്നവരാണ്. എന്നിരുന്നാലും നമ്മുടെ വിശ്വസ്തരായ പ്രിയപ്പെട്ടവരുടെ ഉപദേശം ശ്രദ്ധിക്കുന്നതും നാം ചെയ്യുന്നതിലെല്ലാം ദൈവത്തിന്റെ ജ്ഞാനത്തിലും ശക്തിയിലും ആശ്രയിക്കുന്നതും ആവശ്യമാണ്.