കൗമാരത്തിൽ ചാൾസ് സ്പർജൻ ദൈവത്തോട് മല്പിടുത്തത്തിൽ ആയിരുന്നു. സഭായോഗത്തിന് പോയിരുന്നു എങ്കിലും കേട്ട പ്രസംഗം വിരസവും അർത്ഥരഹിതവുമായി തോന്നി. ദൈവത്തിൽ വിശ്വസിക്കുന്നത് ഒരു സംഘർഷമായിരുന്നു. ദൈവത്തോട് “മത്സരിക്കുകയും ലഹള കൂടുകയുമായിരുന്നു” എന്നാണ് ആ കാലത്തെ സ്വയം വിശേഷിപ്പിച്ചത്. ഒരു രാത്രിയിലെ ഭയങ്കരമായ മഞ്ഞ് വീഴ്ച ഒരു ചെറിയ മെത്തഡിസ്റ്റ് പള്ളിയിൽ അഭയം തേടാൻ പതിനാറുകാരനായ സ്പർജനെ നിര്‍ബന്ധിതതനാക്കി. ആ സമയം അവിടെ നടന്ന പ്രസംഗം വ്യക്തിപരമായി തന്നോട് ആണെന്ന് തോന്നി. ആ നിമിഷങ്ങളിൽ, ദൈവം ആ മല്പിടുത്തത്തിൽ ജയിച്ചു; ചാൾസ് തന്റെ ഹൃദയം യേശുവിന് നൽകി.

സ്പർജൻ പിന്നീട് എഴുതി: “ഞാൻ ക്രിസ്തുവിൽ ആരംഭിക്കുന്നതിന് എത്രയോ മുമ്പേ അവൻ എന്നിൽ നിന്ന് ആരംഭിച്ചിരുന്നു.” യഥാർത്ഥത്തിൽ നമ്മുടെ ദൈവബന്ധത്തിലുള്ള ജീവിതം ആരംഭിക്കുന്നത് രക്ഷിക്കപ്പെടുന്ന നിമിഷത്തിലല്ല. സങ്കീർത്തകൻ പറയുന്നു: “നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചത്”, “അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു” (സങ്കീ.139:13). അപ്പൊസ്തലനായ പൗലോസ് എഴുതി: “..എന്റെ ജനനം മുതൽ എന്നെ വേർതിരിച്ച് തന്റെ കൃപയാൽ വിളിച്ചിരിക്കുന്ന ദൈവം” (ഗലാത്യർ 1:15) രക്ഷിക്കപ്പെടുമ്പോൾ ദൈവം നമ്മിലുള്ള പ്രവർത്തനം നിർത്തുന്നില്ല: “നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികക്കും..” (ഫിലിപ്പിയർ 1:4).

സ്നേഹനിധിയായ ഒരു ദൈവത്തിന്റെ കരങ്ങളിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പ്രവർത്തിയാണ് നാമെല്ലാം. നമ്മുടെ മത്സര പ്രകൃതിയിൽ നിന്നും സ്നേഹാശ്ലേഷത്തിലേക്ക് അവൻ നമ്മെ നയിക്കുന്നു. എന്നാൽ നമ്മെക്കുറിച്ചുള്ള തന്റെ ഉദ്ദേശ്യം അവിടെയാണ് ആരംഭിക്കുന്നത്.” ഇച്ഛിക്കുക എന്നതും പ്രവർത്തിക്കുക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായി പ്രവർത്തിക്കുന്നത്” (ഫിലിപ്പിയർ 2:13) അതുകൊണ്ട്, എത്ര പ്രായമായവരായാലും ഏത് ജീവിതഘട്ടത്തിലുള്ളവരായാലും നാം ദൈവത്തിന്റെ നല്ല പ്രവൃത്തി ആയിരിക്കും എന്നത് ഉറപ്പാണ്.