ആ പാർക്കിങ്ങ് സ്ഥലത്ത് അരങ്ങേറിയ രംഗം ഇത്രയും പരിതാപകരം അല്ലായിരുന്നെങ്കിൽ വെറുമൊരു രസകരമായ വഴക്കായി തള്ളിക്കളയാമായിരുന്നു. ഒരാളുടെ കാർ മറ്റെയാളുടെ വഴി തടഞ്ഞു എന്ന പേരിൽ ഉണ്ടായ വാഗ്വാദത്തിൽ ആക്രോശങ്ങളും അസഭ്യം പറച്ചിലും ഒക്കെ നടന്നു.

ഈ സംഭവം വേദനാജനകമാകാൻ കാരണം അത് ഒരു പള്ളിയുടെ പാർക്കിങ്ങ് സ്ഥലത്താണ് നടന്നത് എന്നതാണ്. രണ്ടു പേരും കുറച്ച് മുമ്പ് ആയിരിക്കും സ്നേഹത്തെക്കുറിച്ചും ക്ഷമയെക്കുറിച്ചും ഒക്കെയുള്ള പ്രസംഗം കേട്ടത്. പക്ഷെ ദേഷ്യം വന്നപ്പോൾ എല്ലാം മറന്നു.

ഇത് കണ്ട് ഞാൻ വിഷമത്തോടെ തലകുലുക്കി-പക്ഷെ, ഞാനും ഒട്ടും മെച്ചമല്ല എന്ന് പെട്ടെന്ന് ഓർത്തു. എത്രയോ തവണയാണ് ബൈബിൾ വായിച്ച് വെച്ചയുടനെ തന്നെ തെറ്റായ ചിന്തകളിൽ മുഴുകി ഞാനും പാപം ചെയ്തിട്ടുള്ളത്.”ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോട് ഒക്കുന്നു. അവൻ തന്നെത്താൻ കണ്ടു പുറപ്പെട്ടു താൻ ഇന്ന രൂപം ആയിരുന്നു എന്ന് ഉടനെ മറന്ന് പോകുന്നു” (യാക്കോബ് 1:23, 24) എന്ന വാക്യത്തിലെ മനുഷ്യനെപ്പോലെ എത്ര തവണ ഞാൻ പെരുമാറിയിരിക്കുന്നു!

ദൈവിക ആലോചനകൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്താൽ പോരാ, അതിൽ പറഞ്ഞത് അനുസരിക്കണമെന്നാണ് യാക്കോബ് വായനക്കാരെ ആഹ്വാനം ചെയ്യുന്നത് (വാ. 22). സമ്പൂർണ്ണമായ വിശ്വാസം എന്നത് തിരുവെഴുത്ത് അറിയുന്നതും പ്രാവർത്തികമാക്കുന്നതുമാണെന്ന് ഉറപ്പിച്ച് പറയുന്നു.

ജീവിത സാഹചര്യങ്ങൾ, വചനം പ്രാവർത്തികമാക്കുന്നത് ദുഷ്കരമാക്കാം. എന്നാൽ നാം പിതാവിനോട് പ്രാർത്ഥിച്ചാൽ, വചനം അനുസരിച്ച് പ്രവൃത്തികളാൽ അവനെ പ്രസാദിപ്പിക്കുന്നതിന് തീർച്ചയായും അവൻ നമ്മെ സഹായിക്കും.