“സാപ്പുട്ടിങ്കളാ?” (ഭക്ഷണം കഴിച്ചോ?)
തമിഴ് നാട്ടിലെ മിക്കവാറും വീടുകളിൽ ചെന്നാൽ നിങ്ങൾ ഈ ചോദ്യം കേൾക്കും. തമിഴ്നാട്ടുകാർ അതിഥികളോട് മര്യാദയും സ്നേഹവും കാണിക്കുന്നത് ഇങ്ങനെയാണ്. നിങ്ങളുടെ മറുപടിക്ക് കാത്ത് നിൽക്കാതെ തന്നെ അവർ എന്തെങ്കിലും കഴിക്കാനോ കുടിക്കാനോ, ഒരു ഗ്ലാസ് വെള്ളമെങ്കിലും, നിങ്ങൾക്ക് തന്നിരിക്കും. യഥാർഥ സ്നേഹമെന്നത് കേവലം അഭിവാദനത്തിലുപരി ശരിയായ അതിഥിസത്കാരം ചെയ്യുന്നതാണെന്ന് അവർ വിശ്വസിക്കുന്നു.

റെബേക്കയും ദയ കാണിക്കാൻ പഠിച്ചിരുന്നു. പട്ടണത്തിന് വെളിയിൽ ഉള്ള കിണറിൽ നിന്ന് വെള്ളം കോരി വലിയ ഭരണിയിലാക്കി ചുമന്ന് വീട്ടിലെത്തിക്കുന്നത് അവളുടെ പതിവ് ജോലിയായിരുന്നു. അബ്രഹാമിന്റെ ദാസൻ, ദൂരയാത്ര ചെയ്ത് ക്ഷീണിച്ച്, അവളുടെ പാത്രത്തിൽ നിന്ന് കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ അവൾ യാതൊരു മടിയും കൂടാതെ കുടിക്കാൻ കൊടുത്തു (ഉല്പത്തി 24:17-18).

അതിലുമധികം റെബേക്ക ചെയ്തു. സന്ദർശകന്റെ ഒട്ടകങ്ങളും ദാഹിച്ചിരിക്കുന്നു എന്ന് കണ്ട് അവൾ വേഗം അവയ്ക്കും വെള്ളം കോരിക്കൊടുത്തു (വാ.19,20). പല തവണ കിണറ്റിൽ ഇറങ്ങി ഭാരമുള്ള പാത്രത്തിൽ വെള്ളം കോരി ചുമക്കേണ്ടി വന്നെങ്കിലും സഹായിക്കുന്നതിന് അവൾ ഒട്ടും മടി കാണിച്ചില്ല.

ജീവിതം അനേകർക്കും പ്രയാസകരമാണ്; അനുകമ്പയുടെ ഒരു ചെറിയ പ്രകടനം പോലും അവരെ ജീവതത്തിൽ മുമ്പോട്ട് പോകാൻ പ്രേരിപ്പിക്കുന്നത് ആകും. ദൈവത്തിന്റെ സ്നേഹത്തിന്റെ ഒരു നീർച്ചാൽ ആയി മാറുവാൻ എപ്പോഴും ഒരു പ്രൗഢമായ പ്രസംഗം ചെയ്യുകയോ സഭ സ്ഥാപിക്കുകയോ ഒന്നും വേണമെന്നില്ല; ചിലപ്പോൾ ആർക്കെങ്കിലും ഒരു പാത്രം വെള്ളം കുടിക്കാൻ നല്കിയാൽ തന്നെ മതിയാകും.