2019 ൽ ഓക്സ്ഫോർഡ് ബസ് കമ്പനി “സംസാരിക്കുന്ന ബസ് (chatty bus)” എന്ന പേരിൽ ഒരു സർവ്വീസ് ആരംഭിച്ചു. താല്പര്യമുള്ള യാത്രക്കാരോട് സംസാരിക്കാനായി പ്രത്യേകം ആളുകളെ ബസ്സിൽ നിയോഗിച്ചു. വളരെ പെട്ടെന്ന് ശ്രദ്ധയാകർഷിച്ച ഈ സർവീസ് ആരംഭിച്ചത് സർക്കാരിന്റെ ഒരു ഗവേഷണഫലത്തോടുള്ള പ്രതികരണമെന്ന നിലയിലാണ്. പ്രസ്തുത ഗവേഷണം കണ്ടെത്തിയത് 30 ശതമാനത്തോളം ബ്രിട്ടീഷുകാർ ഓരോ ആഴ്ചയിലും കുറഞ്ഞത് ഒരു ദിവസത്തോളം സമയമെങ്കിലും അർത്ഥവത്തായ സംഭാഷണമില്ലാതെ കഴിയുന്നു എന്നാണ്.

ആവശ്യനേരത്ത് സംസാരിക്കാൻ പറ്റിയ ആരുമില്ലാത്തതിനാൽ നമ്മിൽ അനേകരും ഈ ഏകാന്തത അനുഭവിക്കുന്നുണ്ട്. എന്റെ ജീവിതത്തിൽ അനുഭവിക്കാനായ ചില നല്ല ചർച്ചകൾ ഓർക്കുമ്പോൾ ഗൗരവമേറിയ സംഭാഷണത്തിന്റെ വില എത്രയധികമാണെന്ന് എനിക്ക് മനസ്സിലാകുന്നു. പ്രസ്തുത അവസരങ്ങളൊക്കെ എനിക്ക് ആനന്ദവും പ്രോത്‌സാഹനവും നല്കുകയും ആഴമേറിയ വ്യക്തിബന്ധങ്ങൾ രൂപപ്പെടുത്തുവാൻ ഉതകുകയും ചെയ്തു.

കൊലോസ്യർക്കുള്ള ലേഖനത്തിന്റെ അവസാനം, പൗലോസ് ക്രിസ്തുവിശ്വാസികളുടെ വിജയകരമായ ജീവിതത്തിനുള്ള മാർഗനിർദേശങ്ങൾ നല്കുമ്പോൾ, എല്ലാവരോടും സ്നേഹത്തോടെ ഇടപെടുന്നതിൽ സംസാരത്തിനുള്ള പ്രാധാന്യവും എടുത്തു പറയുന്നുണ്ട്. ”നിങ്ങളുടെ വാക്ക് എപ്പോഴും കൃപയോടു കൂടിയത്” (4:6) ആയിരിക്കട്ടെ എന്ന് അപ്പൊസ്തലൻ എഴുതി. കേവലം സംസാരം ഉണ്ടാകണമെന്നല്ല, കേൾക്കുന്നവർക്ക് യഥാർത്ഥത്തിൽ പ്രോത്സാഹനമാകുന്ന വിധത്തിൽ മൂല്യമുള്ള “കൃപയോടു കൂടിയ” വാക്കുകൾ പറയണമെന്നാണ് ആഹ്വാനം ചെയ്തത്.

ഇനിയുള്ള ഏതവസരത്തിലും നിങ്ങൾക്ക് കൂട്ടുകാരോടോ സഹപ്രവർത്തകരോടോ അല്ലെങ്കിൽ ബസ്സിലോ വിശ്രമ മുറിയിൽ ഇരിക്കുന്ന അപരിചിതരോടോ ഒരു സംഭാഷണത്തിൽ ഏർപ്പെടാൻ അവസരം ലഭിക്കുമ്പോൾ, അത് നിങ്ങൾ രണ്ടു പേരുടെയും ജീവിതത്തിൽ അനുഗ്രഹകരമാകുന്ന വിധം ഉപയോഗിക്കുവാൻ ശ്രദ്ധിക്കുമല്ലോ.