നോർത്ത് കരോളിന യൂണിവേഴ്സിറ്റിയുടെ പുരാവസ്തു ലൈബ്രറിയിലുള്ള ഒരു പോക്കറ്റ് വാച്ചിന്റെ നിന്നു പോയ സൂചികൾക്ക് ഒരു ദുരന്തകഥ പറയാനുണ്ട്. ആ സൂചികൾ സൂചിപ്പിക്കുന്ന സമയത്താണ് (8:19 മിനിറ്റ് 56 സെക്കന്റ്) ആ വാച്ചിന്റെ ഉടമസ്ഥനായ എലീഷ മിച്ചൽ, 1857 ജൂൺ 27ന്, അപ്പലേച്ചിയൻ മലനിരകളിലെ ഒരു വെള്ളച്ചാട്ടത്തിൽ തെന്നിവീണ് മരിച്ചത്.
ആ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ആയിരുന്ന മിച്ചൽ, താൻ നിന്ന ആ കൊടുമുടിയാണ് മിസ്സിസിപ്പിക്ക് കിഴക്കുഭാഗത്തുള്ള ഏറ്റവും ഉയർന്ന കൊടുമുടിയെന്ന് തെളിയിക്കാനുള്ള പര്യവേഷണ ദൗത്യത്തിലായിരുന്നു.ഈ നിഗമനം പിന്നീട് ശരിയെന്ന് തെളിഞ്ഞു. ഈ കൊടുമുടിക്ക് ഇപ്പോൾ മിച്ചലിന്റെ പേരാണുള്ളത്. അദ്ദേഹം വീണു മരിച്ചതിനടുത്ത് കൊടുമുടിയുടെ ഉച്ചിയിലാണ് അദ്ദേഹത്തിന്റെ ശവകുടീരം ഉള്ളത്.
അടുത്തിടെ, ഞാൻ ആ കൊടുമുടി കയറിയപ്പോൾ മിച്ചലിന്റെ കഥ ഓർത്തു; ജീവിതത്തിന്റെ ക്ഷണികതയും എത്ര ചുരുക്കമാണ് നമുക്കുള്ള സമയം എന്നും ചിന്തിച്ചു. ഒലിവുമലയിൽ നിന്ന്, യേശു തന്റെ മടങ്ങിവരവിനേക്കുറിച്ച് ശിഷ്യന്മാരോട് പറഞ്ഞ വാക്കുകൾ ഞാൻ ഓർത്തു.”അങ്ങനെ നിങ്ങൾ നിനയ്ക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിക്കുവിൻ” (മത്തായി 24:44).
യേശു വളരെ വ്യക്തമായി പറയുന്നുണ്ട്, അവൻ തന്റെ നിത്യരാജ്യം സ്ഥാപിക്കാനായി വരുന്ന നാൾ ഏതാണെന്നോ അല്ലെങ്കിൽ എപ്പോഴാണ് അവൻ നമ്മെ ഈ ലോകത്തിൽ നിന്നും തന്റെ പക്കലേക്ക് വിളിക്കുന്നതെന്നോ ആർക്കും അറിയില്ല എന്ന്. എന്നാൽ എപ്പോഴും തയ്യാറായി “ഉണർന്നിരിക്കുവാൻ” അവൻ പറയുന്നു (വാ. 42).
ടിക്.. ടിക്.. നമ്മുടെ ജീവിത ഘടികാരം ചലിച്ചു കൊണ്ടിരിക്കുന്നു; പക്ഷെ, എത്ര നാൾ? നമുക്ക് ഓരോ നിമിഷവും നമ്മുടെ കാരുണ്യവാനായ രക്ഷകനെ സ്നേഹിച്ചും അവനായി കാത്തിരുന്നും കൊണ്ട് അവന്റെ വേല ചെയ്യാം.
യേശുവുമായുള്ള സമാഗമത്തിന് നിങ്ങൾ എങ്ങനെയാണ് ഒരുങ്ങുന്നത്? അവനോടു കൂടെയായിരിക്കുന്നതിൽ നിങ്ങൾ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്നത് എന്ത് കാര്യമാണ്?
സ്നേഹമുള്ള രക്ഷകനേ, അങ്ങയെ എതിരേൽക്കുവാനായി തയ്യാറാകുവാൻ എന്നെ സഹായിക്കണമേ. അങ്ങയെ ശുശ്രൂഷിച്ചു കൊണ്ട് അവിടുത്തെ വരവിനായി ഒരുങ്ങുവാൻ സഹായിക്കേണമേ.