നാല് വയസ്സുകാരനായ പേരക്കുട്ടി എന്റെ മടിയിലിരുന്ന് എന്റെ കഷണ്ടിത്തലയിൽ തലോടിക്കൊണ്ട് ചോദിച്ചു “അപ്പച്ചന്റെ മുടിയൊക്കെ എന്തിയേ?”ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു “പ്രായമായതുകൊണ്ട് അവയെല്ലാം കൊഴിഞ്ഞു പോയി “ഇതു കേട്ട അവൻ ചിന്താമഗ്നനായി.”അത് വളരെ കഷ്ടമായി; എന്റെ മുടി കുറെ ഞാൻ തരാം” എന്ന് പറഞ്ഞു.
അവന്റെ ഈ മനസ്സലിവ് ഓർത്ത് സന്തോഷം തോന്നി അവനെ ഞാൻ കെട്ടിപ്പിടിച്ചു. ഈ സംഭവം പിന്നീട് ഓർത്തപ്പോൾ ദൈവത്തിന്റെ നിസ്വാർത്ഥവും ഉദാരവുമായ സ്നേഹം എന്റെ മനസ്സിലേക്ക് കടന്നുവന്നു.
ജി കെ ചെസ്റ്റേർട്ടൻ എഴുതി: “നാം പാപം ചെയ്തതു മൂലം നമുക്ക് പ്രായാധിക്യം ബാധിച്ചു. എന്നാൽ നമ്മുടെ പിതാവിന് നമ്മെക്കാൾ ചെറുപ്പമാണ്.”ഇത് പറയുമ്പോൾ അദ്ദേഹം അർത്ഥമാക്കുന്നത് “പുരാതനനായ” (ദാനിയേൽ 7:9CL) ദൈവം പാപത്തിന്റെ അപചയം ബാധിക്കാത്തവനാണ് എന്നാണ്. ദൈവം കാലാതീതനാണ്; ഒരു നാളും ഇളകുകയോ മായുകയോ ചെയ്യാത്ത അവന്റെ സ്നേഹം നമ്മെ കവിയും. യെശയ്യാവ് 46:4 ൽ വാഗ്ദത്തം ചെയ്തതുപോലെ പ്രവർത്തിക്കാൻ അവൻ കഴിവുള്ളവനും മനസ്സുള്ളവനുമാണ്.”നിങ്ങളുടെ വാർധക്യം വരെ ഞാൻ അനന്യൻ തന്നെ; നിങ്ങൾ നരയ്ക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കുകയും ഞാൻ ചുമന്നു വിടുവിക്കുകയും ചെയ്യും.”
അഞ്ച് വാക്യങ്ങൾക്കുശേഷം അവൻ പ്രസ്താവിക്കുന്നു: “ഞാനല്ലാതെ വേറൊരു ദൈവമില്ല” (വാ. 9) “ഞാൻ ആകുന്നവൻ” (പുറപ്പാട് 3:14) ആയ ആ മഹാ ദൈവം നമ്മെ ആഴമായി സ്നേഹിക്കുന്നു; നാം അവങ്കലേക്ക് തിരിഞ്ഞ് പാപഭാരം ഒഴിഞ്ഞവരായി നിത്യകാലം നന്ദിയോടെ അവനെ ആരാധിക്കുന്നവരാകുവാൻ വേണ്ടി നമ്മുടെ പാപത്തിന്റെ സകല ഭാരവും വഹിച്ചു കൊണ്ട് നമുക്കു വേണ്ടി ക്രൂശിൽ മരിക്കാൻ വരെ അവൻ തയ്യാറായി.
ഓരോ ദിവസവും ദൈവം നിങ്ങളെ ചുമക്കുന്നത് എങ്ങനെയൊക്കെ? ഇപ്പോൾ അവനിൽ നിന്ന് എപ്രകാരം പുതുശക്തി പ്രാപിക്കാനാകും?
പ്രിയ രക്ഷകനായ ദൈവമേ, എന്നോടുള്ള നിന്റെ സ്നേഹം ഒരിക്കലും പഴകിപ്പോകാത്തതായതിനാൽ നന്ദി. അങ്ങയോടുള്ള എന്റെ സ്നേഹം ആഴമാർജ്ജിക്കുവാൻ സഹായിക്കേണമേ.