ഏലി വീസെല്ലിന്റെ രാത്രി എന്ന നോവൽ നാസി കൂട്ടക്കൊലയുടെ ഭീകരത ഭയാനകമാം വിധം വരച്ചു കാണിക്കുന്നു. നാസി തടങ്കലിലുള്ള സ്വന്ത അനുഭവത്തിന്റെ പഞ്ചാത്തലത്തിൽ വീസെൽ പുറപ്പാടിലെ ബൈബിൾ കഥ പരാമർശിക്കുന്നുണ്ട്. മോശെയും യിസ്രായേൽക്കാരും അടിമത്വത്തിൽ നിന്ന് മോചനം നേടിയത് ആദ്യ പെസഹാ ദിവസം ആയിരുന്നെങ്കിൽ (പുറപ്പാട് 12) ഒരു പെസഹായ്ക്ക് ശേഷം യഹൂദ നേതാക്കന്മാരെ നാസികൾ അറസ്റ്റ് ചെയ്യുന്നതായാണ് വീസെൽ പറയുന്നത്.

വീസെലിന്റെ ഈ ഇരുണ്ട വിരോധാഭാസത്തെ വിമർശിക്കുന്നതിനു മുൻപ്, സമാനമായ ഒരു ഗൂഢാലോചന നടന്നതായി ബൈബിളിലും നമുക്ക് കാണാം. പെസഹായുടെ രാത്രിയിൽ, ദൈവജനത്തെ അവരുടെ സഹനത്തിൽ നിന്ന് വിടുവിക്കാനായി വന്നവൻ, തന്നെ കൊല്ലാനായി പിടിക്കാൻ വന്നവർക്ക് സ്വയം ഏല്പിച്ചു കൊടുക്കുന്നു!

യേശുവിന്റെ അറസ്റ്റിനു മുമ്പുള്ള വിശുദ്ധ രംഗങ്ങളിലേക്ക് യോഹന്നാൻ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. തനിക്കു നേരിടുവാനുള്ള കാര്യങ്ങളോർത്ത് “ഉള്ളം കലങ്ങി” ക്കൊണ്ട്, അന്ത്യ അത്താഴ സമയത്ത്, യേശു താൻ ഒറ്റിക്കൊടുക്കപ്പെടുമെന്ന് പ്രവചിച്ചു (യോഹന്നാൻ 13:21). ഉടനെ തന്നെ ക്രിസ്തു തന്റെ ഒറ്റുകാരന് അപ്പം മുറിച്ച് നല്കി എന്നത് നമുക്ക് ഗ്രഹിക്കാൻ പ്രയാസമുള്ള പ്രവൃത്തിയാണ്. നാം വായിക്കുന്നു: “ഖണ്ഡം വാങ്ങിയ ഉടൻ അവൻ എഴുന്നേറ്റ് പോയി, അപ്പോൾ രാത്രി ആയിരുന്നു” (വാ. 30). ചരിത്രത്തിലെ ഏറ്റവും വലിയ അനീതിയാണ് അരങ്ങേറാൻ പോകുന്നത്. എന്നിട്ടും യേശു പ്രഖ്യാപിച്ചു, “ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്വപ്പെട്ടിരിക്കുന്നു” (വാ. 31). മണിക്കൂറുകൾക്കകം ശിഷ്യന്മാർ വലിയ പരിഭ്രാന്തിയും പരാജയവും പരിക്ഷീണവും അഭിമുഖീകരിക്കാനിരിക്കയായിരുന്നു. എന്നാൽ യേശു കണ്ടത് സംഭവിക്കാനുള്ള ദൈവിക പദ്ധതിയാണ്.

ഇരുട്ടിന്റെ ശക്തികൾ വിജയിക്കുന്നതായി തോന്നുമ്പോൾ, ആ ഇരുണ്ട രാത്രിയെ അഭിമുഖീകരിച്ച്‌ അതിജീവിച്ച കർത്താവിനെ ഓർക്കാം. അവൻ നമ്മോടൊപ്പമുണ്ട്. എല്ലാക്കാലവും രാത്രി ആയിരിക്കില്ല.