ഡച്ച് ചിത്രകാരനായ എഗ്‌ബർഗ് മോഡർമാന്റെ കുറെനക്കാരനായ ശിമോൻ എന്ന പെയിന്റിങ്ങിലെ കണ്ണുകൾ പ്രസന്നതയില്ലാത്തവയാണ്. തന്നെ ഭരമേല്പിച്ച കാര്യത്തിന്റെ ശാരീരികവും മാനസികവുമായ ഭാരമാണ് ശിമോന്റെ ആ കണ്ണുകൾ പ്രതിഫലിപ്പിക്കുന്നത്. മർക്കൊസ് 15ലെ വിവരണത്തിൽ നിന്ന് നാം മനസ്സിലാക്കുന്നത് ശിമോനെ ജനക്കൂട്ടത്തിന്റെയിടയിൽ നിന്ന് ബലമായി പിടിച്ചു കൊണ്ടുവന്നാണ് യേശുവിന്റെ കുരിശ് ചുമക്കാൻ ഏല്പിച്ചത് എന്നാണ്.

ശിമോൻ കുറെനയിൽ നിന്നുള്ളയാളാണെന്ന് മർക്കൊസ് പറയുന്നു. കുറെന വടക്കേ ആഫ്രിക്കയിലെ ഒരു വലിയ പട്ടണമായിരുന്നു. യേശുവിന്റെ കാലത്ത് ധാരാളം യഹൂദർ അവിടെയുണ്ടായിരുന്നു. മിക്കവാറും ശിമോൻ പെസഹാത്തിരുന്നാളിനു വേണ്ടി യരുശലെമിൽ വന്നതാകണം. ഈ നീതിരഹിതമായ വധശിക്ഷ നടപ്പാക്കുന്നതിനിടയിൽ അദ്ദേഹം പെട്ടു പോയതാണെങ്കിലും, ചെറുതെങ്കിലും അർത്ഥവത്തായ ഒരു സഹായം യേശുവിന് ചെയ്യുവാൻ അദ്ദേഹത്തിന് ഇടയായി (മർക്കൊസ് 15:21).
മർക്കോസിന്റെ സുവിശേഷത്തിൽ, യേശു ശിഷ്യന്മാരോട് നേരത്തെ പറഞ്ഞിട്ടുണ്ട്: “ഒരുവൻ എന്നെ അനുഗമിക്കുവാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തു കൊണ്ട് എന്നെ അനുഗമിക്കട്ടെ” (8:34). കർത്താവ് ശിഷ്യന്മാരോട് പ്രതീകാത്മകമായി പറഞ്ഞത് ഗൊൽഗോഥായിലേക്കുള്ള വഴിയിൽ ശിമോൻ അക്ഷരാർത്ഥത്തിൽ ചെയ്തു: അവൻ തന്നെ ഏല്പിച്ച കുരിശ് യേശുവിനുവേണ്ടി ചുമന്നു.

നമുക്കും ചുമക്കുവാൻ “കുരിശുകൾ “ഉണ്ട്:ചിലപ്പോൾ രോഗമാകാം, ശുശ്രൂഷയിലെ വെല്ലുവിളിയാകാം, പ്രിയപ്പെട്ട ആരെങ്കിലും മരിച്ചതാകാം, വിശ്വാസത്തെപ്രതിയുള്ള ഉപദ്രവമാകാം. നാം വിശ്വാസത്താൽ ഈ പ്രയാസത്തെ വഹിക്കുന്നത് വഴി മററുള്ളവരുടെ ശ്രദ്ധയെ ക്രിസ്തുവിന്റെ സഹനത്തിലേക്കും ക്രൂശുമരണത്തിലേക്കും തിരിക്കാനാകും. അവന്റെ കുരിശാണ് നമുക്ക് ദൈവത്തോട് സമാധാനവും ജീവിത യാത്രക്ക് ശക്തിയും പ്രദാനം ചെയ്തത്.