“ഇങ്ങനെ അല്ലാതാക്കി മാറ്റാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ, “ചെറുപ്പത്തിൽ മരിച്ചു പോയ സുഹൃത്തിന്റെ മൃതദേഹത്തിനരികിൽ നിന്ന് അയാൾ വിലപിച്ചു. ഇയാളുടെ വാക്കുകൾ കാലാന്തരങ്ങളായുള്ള മാനവരാശിയുടെ ഹൃദയവിലാപത്തിന്റെ ദയനീയതയാണ് കാണിക്കുന്നത്. മരണം നമ്മെയെല്ലാം പ്രഹരിക്കുന്നതും മുറിപ്പെടുത്തുന്നതുമാണ്. മാറ്റാൻ പറ്റാത്ത കാര്യങ്ങൾ മാറിയിരുന്നെങ്കിൽ എന്ന് നാമെല്ലാം നൊമ്പരപ്പെടുന്നു.

യേശുവിന്റെ മരണശേഷം ശിഷ്യന്മാർക്കും “ഇങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ” എന്ന് തോന്നിയിട്ടുണ്ടാകും. ഭീകരമായ ആ മണിക്കൂറുകളെക്കുറിച്ച് സുവിശേഷങ്ങളിൽ കുറച്ചു മാത്രമേ പറയുന്നുള്ളൂ എങ്കിലും ചില വിശ്വസ്തരായ സുഹൃത്തുക്കളെക്കുറിച്ച് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.

യേശുവിന്റെ ഒരു രഹസ്യ ശിഷ്യനായിരുന്ന, മതനേതാവായിരുന്ന ജോസഫ് (യോഹന്നാൻ 19:38), പെട്ടെന്ന് ധൈര്യം പ്രാപിച്ച്, പീലാത്തോസിനോട് യേശുവിന്റെ ശരീരം വിട്ടു കിട്ടാൻ അപേക്ഷിച്ചു (ലൂക്കൊസ് 23:52). ഒന്ന് ചിന്തിച്ച് നോക്കൂ; ബീഭത്സമായ ക്രൂശിക്കപ്പെട്ട ഒരു ശരീരം ഏറ്റെടുത്ത്, വളരെ സ്നേഹാദരവുകളോടെ അതിനെ സംസ്കാരത്തിനായി തയ്യാറാക്കുന്നത് (വാ. 53). യേശു കടന്നു പോയ ആ വഴികളിലെല്ലാം, കല്ലറ വരെ, കൂടെ നിന്ന സ്ത്രീകളുടെ ഭക്തിയും ധൈര്യവും ഒന്ന് ഓർത്ത് നോക്കൂ (വാ. 55). മരണത്തിന്റെ മുഖത്തിലും മരിക്കാത്ത സ്നേഹം!
ഇവരാരും ഒരു ഉയിർപ്പ് പ്രതീക്ഷിച്ചവരല്ല. ദു:ഖത്തിൽ പങ്കുചേർന്നവരാണ്. അദ്ധ്യായം അവസാനിക്കുന്നത്, പ്രത്യാശയില്ലാതെ, മ്ലാനമായാണ്.”.. മടങ്ങിപ്പോയി സുഗന്ധവർഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ച് ശബ്ബത്തിൽ സ്വസ്ഥമായിരുന്നു” (വാ. 55,56).

ശബ്ബത്തിന്റെ ഈ ഇടവേള, ചരിത്രത്തിലെ ഏറ്റവും നാടകീയമായ രംഗത്തിന് അരങ്ങ് ഒരുക്കുകയായിരുന്നു എന്നവർ അറിഞ്ഞില്ല. സങ്കല്പത്തിൽ പോലും ഇല്ലാത്ത കാര്യം യേശു ചെയ്യുവാൻ പോകുകയായിരുന്നു. മരണത്തെ “അങ്ങനെ അല്ലായിരുന്നെങ്കിൽ” എന്ന് മാറ്റാൻ പോകുകയാണ്.