പല പ്രായത്തിലുള്ളവർ ഒരുമിച്ച് ചേർന്ന് ആ ആരാധനാ യോഗത്തിൽ സ്തുതിഗീതങ്ങൾ ആലപിച്ചപ്പോൾ അത് അനേകർക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അനുഭവമായി. ക്ഷീണിച്ച ഒരു അമ്മയൊഴികെ. അവൾ തന്റെ കയ്യിലിരുന്ന കുഞ്ഞിനെ കരയാതെ കുലുക്കുന്നതോടൊപ്പം, നടക്കാൻ തുടങ്ങിയ കുഞ്ഞ് ഓടിപ്പോകാതെ പിടിക്കുകയും തൻ്റെ അഞ്ചു വയസ്സുകാരിക്ക് പാട്ട് പുസ്തകം പിടിച്ചു കൊടുക്കുകയും ചെയ്യേണ്ടിയിരുന്നു. അവൾ ആകെ തളർന്നു പോയി. അവളുടെ പിന്നിലിരുന്ന പ്രായമുള്ള ഒരു മനുഷ്യൻ നടന്നു തുടങ്ങിയ കുഞ്ഞിനെ പള്ളിയുടെ ചുറ്റും നടത്താം എന്ന് പറഞ്ഞ് കൊണ്ടുപോയി. ഒരു ചെറുപ്പക്കാരി മൂത്ത കുഞ്ഞിന് പാട്ടുപുസ്തകം പിടിച്ചു കൊടുത്തു. രണ്ടു മിനിറ്റു കൊണ്ട് ആ അമ്മയുടെ സ്ഥിതി മാറി; അവൾ ദീർഘശ്വാസം വിട്ടു, കണ്ണുകളടച്ചു, ദൈവത്തെ ആരാധിച്ചു.

തന്റെ എല്ലാ ജനവും-പുരുഷന്മാരും സ്ത്രീകളും, പ്രായമായവരും ചെറുപ്പക്കാരും, പഴയ വിശ്വാസികളും പുതുതായി വന്നവരും-എല്ലായ്പ്പോഴും തന്നെ ആരാധിക്കണമെന്ന് ദൈവം ഉദ്ദേശിക്കുന്നു. വാഗ്ദത്ത ദേശത്ത് പ്രവേശിക്കുന്നതിനു മുമ്പ് മോശെ ഇസ്രായേൽ ഗോത്രങ്ങളെ അനുഗ്രഹിച്ചു, “പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്റെ പട്ടണത്തിലുള്ള പരദേശിയും കേട്ട് പഠിച്ച് നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെട്ട് ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിനും..” (ആവർത്തനം 31:12) എല്ലാവരോടും ഒരുമിച്ചു കൂടുവാൻ ആവശ്യപ്പെട്ടു. നമ്മുടെ ജീവിത സാഹചര്യം എന്തായാലും ദൈവജനം എല്ലാവരും ഒരുമിച്ച് കൂടി ആരാധിക്കുന്നത് ദൈവത്തെ മഹത്വപ്പെടുത്തുന്ന കാര്യമാണ്.

ആ രാവിലെ, പള്ളിയിൽ, ആ അമ്മയും പ്രായമുള്ള ആ മനുഷ്യനും, ആ ചെറുപ്പക്കാരിയും എല്ലാം, നൽകുന്നതിലൂടെയും സ്വീകരിക്കുന്നതിലൂടെയും, ദൈവത്തിന്റെ സ്നേഹം അനുഭവിക്കുകയായിരുന്നു. ഒരുപക്ഷേ, അടുത്ത തവണ നിങ്ങൾ സഭായോഗത്തിലായിരിക്കുമ്പോൾ ഒരു സഹായം ചെയ്യുന്നതിലൂടെ ദൈവ സ്നേഹം പ്രകടപ്പിക്കുവാനോ കൃപയുടെ ഒരു പ്രകടനം അനുഭവിക്കാനോ നിങ്ങൾക്കും അവസരം ലഭിച്ചേക്കാം.