ഒരു സുഹൃത്ത് യാതൊരു വിശദീകരണവും കൂടാതെ ഞങ്ങൾ തമ്മിൽ ഒരു ദശാബ്ദമായി നിലനിന്നിരുന്ന സ്നേഹബന്ധം അവസാനിപ്പിച്ചതിനു ശേഷം ഞാൻ വീണ്ടും എന്റെ പഴയ രീതിയിൽ ആളുകളെ ഒരു കൈയകലെ മാത്രം നിർത്താൻ തുടങ്ങി. ഈ ദുഃഖത്തെ അതിജീവിച്ചു കൊണ്ടിരുന്ന പ്രക്രിയക്കിടയിൽ സി എസ് ലൂയിസിന്റെനാല് സ്നേഹങ്ങൾ എന്ന കൃതിയുടെ പഴകിയ ഒരു കോപ്പി എന്റെ ഷെൽഫിൽ നിന്ന് ഞാൻ വലിച്ചെടുത്തു. സ്നേഹത്തിൻ്റെ വ്രണപ്പെടുത്തുന്ന സ്ഥിതിയെപ്പറ്റി ശക്തമായ നിരീക്ഷണങ്ങൾ അദ്ദേഹം നടത്തുന്നുണ്ട്. സ്നേഹമെന്ന സാഹസത്തിന് ഒരാൾ മുതിർന്നാൽ അവിടെ ഒരു “സുരക്ഷിത നിക്ഷേപം” ഉണ്ടാകില്ല. എന്തിനെയെങ്കിലും സ്നേഹിക്കുകയാണെങ്കിൽ “ഹൃദയം പിഴിയപ്പെടുകയോ തകർക്കപ്പെടുകയോ ചെയ്യാം” ഈ വാക്കുകൾ വായിച്ചശേഷം, ഉയിർപ്പ് കഴിഞ്ഞ് മൂന്നാം തവണ യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെടുന്ന സംഭവത്തിന്റെ (യോഹന്നാൻ 21:1-14) വായന വ്യത്യാസപ്പെട്ടു; പത്രോസ് മൂന്ന് തവണ തള്ളിപ്പറഞ്ഞതിനു ശേഷമായിരുന്നല്ലോ ഈ പ്രത്യക്ഷത (18:15-27).
യേശു ചോദിച്ചു: “യോഹന്നാന്റെ മകനായ ശീമോനേ, നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ?” (21:15)
ഒറ്റിക്കൊടുക്കലിന്റെയും തളളിപ്പറയലിന്റെയും കുത്ത് ഏറ്റതിനു ശേഷവും യേശു പത്രോസിനോട് സംസാരിച്ചു:ഭയത്തോടെയല്ല, ധൈര്യത്തോടെ; ബലഹീനമായല്ല ശക്തിയോടെ; നിരാശയോടെയല്ല നിസ്വാർത്ഥതയോടെ. കോപമല്ല കരുണയും സ്നേഹിക്കാനുള്ള മനസ്സുമാണ് അവൻ പ്രകടിപ്പിച്ചത്.
തിരുവെഴുത്ത് പറയുന്നു: “എന്നോട് പ്രിയമുണ്ടോ എന്ന് മൂന്നാമതും ചോദിക്കുകയാൽ പത്രോസ് ദുഃഖിച്ചു” (വാ. 17). എന്നാൽ യേശു പത്രോസിനോട് യേശുവിനോടുള്ള അവന്റെ സ്നേഹം മറ്റുള്ളവരെ സ്നേഹിക്കുന്നതുവഴിയും (വാ.15-17) തന്നെ അനുഗമിക്കുന്നതു വഴിയും (വാ.19) തെളിയിക്കുവാൻ ആവശ്യപ്പെട്ടതുവഴി എല്ലാ ശിഷ്യരോടും വ്യവസ്ഥയില്ലാതെ ത്യാഗപൂർവ്വം സ്നേഹിക്കുവാൻ ആഹ്വാനം ചെയ്യുകയാണ്. “നീ എന്നെ സ്നേഹിക്കുന്നുവോ?” എന്ന ചോദ്യത്തിന് ഓരോരുത്തരും ഉത്തരം പറയേണ്ടതുണ്ട്. നമ്മുടെ ഉത്തരം മറ്റുള്ളവരോടുള്ള സ്നേഹത്തിൽ പ്രതിഫലിക്കും.
എന്തുകൊണ്ടാണ് സ്നേഹവാനായ ഒരു ദൈവം തന്റെ പ്രിയ മക്കളോട് യേശു ചെയ്തതുപോലെ മറ്റുളളവരെ സ്നേഹിക്കാൻ വേദനയേൽക്കുവാൻ ആവശ്യപ്പെടുന്നത്? ദൈവത്തോടുള്ള ഗാഢമായ ബന്ധം സ്നേഹത്തിനു വേണ്ടി എന്ത് ത്യാഗവും ചെയ്യാൻ നിങ്ങളെ ധൈര്യപ്പെടുത്തുന്നുണ്ടോ?
സ്നേഹമുള്ള ദൈവമേ, അങ്ങയെയും മറ്റുള്ളവരെയും, ദൈവാത്മ ശക്തിയിൽ ധൈര്യത്തോടെയും കരുണയോടെയും സ്ഥിരതയോടെയും സ്നേഹിക്കുന്നതിനായി, മുറിവുകളേൽക്കുന്നതിന് തടസ്സമായതെല്ലാം തകർത്തെറിയണമേ.