ഈസ്റ്റർ ദിവസങ്ങളായതിനാൽ ഞങ്ങളുടെ അഞ്ച് വയസുകാരൻ മകൻ ഉയിർപ്പിനെക്കുറിച്ച് ഒത്തിരി കാര്യങ്ങൾ കേട്ടു. അവന് എപ്പോഴും ധാരാളം ചോദ്യങ്ങളുണ്ടായിരുന്നു-പലതും കുഴക്കുന്നവയും. ഞാൻ ഡ്രൈവ് ചെയ്യുമ്പോൾ അവൻ തൊട്ടുപിന്നിലെ സീറ്റിൽ വന്നിരിക്കും. ജനലിൽ കൂടി പുറത്തേക്ക് നോക്കിയിരുന്ന് ചിന്താമഗ്നനാകും. “ഡാഡി”, ഒരു കഠിന ചോദ്യത്തിനായി അവൻ തയ്യാറാകുകയാണ്, “യേശു വന്ന് നമ്മെ ഉയിർപ്പിക്കുമ്പോൾ നമ്മൾ യഥാർത്ഥമായും ജീവിക്കുമോ-അതോ നമ്മുടെ തലകൾ മാത്രം ജീവനുള്ളതാകുകയാണോ?”

നമ്മിൽ അനേകരും കൊണ്ടു നടക്കുന്നതും എന്നാൽ ചോദിക്കാൻ ധൈര്യമില്ലാത്തതോ ആയ ചോദ്യമാണിത്. ദൈവം നമ്മെ യഥാർത്ഥത്തിൽ സൗഖ്യമാക്കുമോ? യഥാർത്ഥത്തിൽ മരണത്തിൽ നിന്ന് ഉയിർപ്പിക്കുമോ? എല്ലാ വാഗ്ദത്തങ്ങളും നടപ്പിലാക്കുമോ?

യോഹന്നാൻ അപ്പസ്തോലൻ നമ്മുടെ സുനിശ്ചിതമായ ഭാവിയെ “പുതിയ ആകാശവും പുതിയ ഭൂമിയും” (വെളിപ്പാട് 21:1) എന്നാണ് വിവരിക്കുന്നത്. ആ വിശുദ്ധ നഗരത്തിൽ “ദൈവം താൻ അവരുടെ ദൈവമായി അവരോടു കൂടെ ഇരിക്കും” (വാ. 3). യേശു പ്രാപിച്ച വിജയം മൂലം കണ്ണുനീരില്ലാത്ത ഒരു ഭാവി നമുക്ക് വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നു, ദൈവത്തിനും തന്റെ ജനത്തിനും നേരെ യാതൊരു തിന്മയും ഉണ്ടാകില്ല. ഈ നല്ല ഭാവിയിൽ “ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി” (വാ. 4).

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള ഭാവിയിൽ, നമ്മൾ യഥാർത്ഥമായും ജീവിക്കും. ഇപ്പോഴത്തെ ജീവിതം കേവലം നിഴല് മാത്രമാണെന്ന് തോന്നിപ്പിക്കുന്ന വിധമുളള ജീവിതമായിരിക്കും അത്.