ഏപ്രിൽ 22 ന് എല്ലാ വർഷവും ഭൗമദിനമായി ആചരിക്കുന്നു. ഈ കഴിഞ്ഞ കുറെ വർഷങ്ങളായി, ഏകദേശം 200 രാജ്യങ്ങളിലെ ഒരു ബില്യനിലധികം വരുന്ന ജനങ്ങൾ ഈ ദിനത്തോടനുബന്ധിച്ച് വിവിധ ബോധന-സേവന പരിപാടികളിൽ ഏർപ്പെടുന്നു. ഓരോ വർഷവും ഭൗമദിനം ആചരിക്കുന്നതിനാൽ നമ്മുടെ ഈ അത്ഭുത ഗ്രഹത്തിന്റെ പ്രാധാന്യം സ്മരിക്കപ്പെടുന്നു. എന്നാൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഈ ദിനാചരണത്തോടെ മാത്രം ഓർക്കാൻ തുടങ്ങിയതല്ല-അതിന് സൃഷ്ടിയോളം തന്നെ പഴക്കമുണ്ട്.

ഉല്പത്തി പുസ്തകത്തിൽ, ദൈവം ഈ പ്രപഞ്ചത്തെ മുഴുവൻ സൃഷ്ടിച്ചിട്ട് ഭൂമിയെ മനുഷ്യന് വസിക്കാനായി രൂപകല്പന ചെയ്തതായി, വായിക്കുന്നു. അവൻ കുന്നുകളും താഴ്വരകളും രൂപപ്പെടുത്തുക മാത്രമല്ല, മനുഷ്യന് ആഹാരവും പാർപ്പിടവും ആനന്ദവും ഒക്കെ നൽകാൻ മനോഹരമായ ഏദെൻ തോട്ടവും നിർമ്മിച്ചു (ഉല്പത്തി 2:8-9).

തന്റെ ഏറ്റവും പ്രധാന സൃഷ്ടിയായ മനുഷ്യരുടെ മൂക്കിൽ ജീവശ്വാസം ഊതിയശേഷം അവരെ ഏദെനിൽ ആക്കി, (വാ. 8, 22) “തോട്ടത്തിൽ വേല ചെയ്യുവാനും അതിനെ കാക്കുവാനും “നിയമിച്ചു (വാ.15). ആദമിനെയും ഹവ്വയെയും തോട്ടത്തിൽ നിന്ന് പുറത്താക്കിയ ശേഷം ദൈവത്തിന്റെ സൃഷ്ടിയെ പരിപാലിക്കുക എന്നത് കൂടുതൽ പ്രയാസകരമായി (3:17-19), എങ്കിലും, ഇന്നു വരെയും ദൈവം തന്നെ ഈ ഗ്രഹത്തെയും ജീവികളെയും പരിപാലിക്കുകയും (സങ്കീർത്തനങ്ങൾ 65:9-13) നമ്മോടും അക്കാര്യം തന്നെ ആവശ്യപ്പെടുകയും ചെയ്യുന്നു (സദൃശ്യവാക്യങ്ങൾ 12:10).
നമ്മൾ ജനനിബിഡമായ പട്ടണത്തിലോ ഗ്രാമപ്രദേശങ്ങളിലോ ആയാലും ദൈവം ഭരമേല്പിച്ച മേഖലകളെ സൂക്ഷിക്കുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ഇങ്ങനെ നാം ഈ ഭൂമിയെ പരിപാലിക്കുന്നത് ഈ മനോഹര ഗ്രഹം നമുക്ക് പ്രദാനം ചെയ്തതിന് ദൈവത്തോടുള്ള കൃതജ്ഞതയുടെ പ്രകടനം കൂടിയാണ്.