ഒരു സഹപ്രവർത്തകനും സഹവിശ്വാസിയുമായ ആൾ എന്റെ ഒരു സുഹൃത്തിനോട് അവൾ ഏത് രാഷ്ട്രീയ പാർട്ടിയിലാണെന്ന് ചോദിച്ചു. അയാളുടെ ചോദ്യത്തിന്റെ ഉദ്ദേശ്യം സമൂഹത്തെ വേർതിരിക്കുന്ന നിരവധി കാര്യങ്ങളിൽ ഏതിലെങ്കിലും അവർ തമ്മിൽ ഐക്യമുണ്ടോ എന്നറിയുക ആയിരുന്നു. അവർ തമ്മിൽ പൊതുവായുള്ള കാര്യം എന്താണെന്ന് മനസ്സിലാക്കാനുള്ള പരിശ്രമത്തിന് അവൾ ലളിതമായി ഇങ്ങനെ മറുപടി പറഞ്ഞു: “നമ്മൾ രണ്ടു പേരും വിശ്വാസികളായതു കൊണ്ട്, ക്രിസ്തുവിൽ നമുക്കുള്ള ഐക്യത്തിൽ മാത്രം കേന്ദ്രീകരിക്കാനാണ് എനിക്ക് താല്പര്യം.”
പൗലോസിന്റെ കാലത്തും ആളുകൾക്ക് മറ്റ് പല കാര്യങ്ങളിലും വിഭാഗീയത ഉണ്ടായിരുന്നു. അനുവദനീയമായ ഭക്ഷണം ഏതാണ്, വിശുദ്ധമായി കണക്കാക്കപ്പെടുന്ന ദിവസങ്ങൾ ഏതൊക്കെ തുടങ്ങിയ കാര്യങ്ങളിൽ റോമിലെ ക്രിസ്ത്യാനികളുടെയിടയിൽ ഭിന്നതയുണ്ടായിരുന്നു. വിശ്വസിക്കുന്ന കാര്യങ്ങളിൽ “ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറച്ചിരിക്കുന്ന“തിനു പുറമെ. പൗലോസ് അവർ തമ്മിൽ പൊതുവായുള്ള കാര്യം എന്താണെന്ന് ഓർമ്മിപ്പിക്കുന്നു:യേശുവിനു വേണ്ടി ജീവിക്കുന്നു എന്നതാണ് (റോമർ 14:5-9). മറ്റുള്ളവരെ വിധിക്കാതെ “സമാധാനത്തിനും അന്യോന്യം ആത്മിക വർധനക്കും ഉള്ളതിന് ശ്രമിച്ചു കൊള്ളുക” (വാ.19) എന്ന് അവരെ പ്രബോധിപ്പിക്കുന്നു.
രാജ്യങ്ങളും സഭകളും സമൂഹങ്ങളും വലുതും ചെറുതുമായ നിരവധി വിഷയങ്ങളിൽ വിഭിന്നരായിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ ജീവിതങ്ങളെ അവനോടു കൂടെ നിത്യ ഭദ്രമാക്കുന്നതിനു വേണ്ടി ക്രിസ്തു ക്രൂശിൽ ചെയ്ത പ്രവൃത്തി എന്ന ഐക്യപ്പെടുത്തുന്ന സത്യത്തിൽ നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം. നമ്മുടെ വ്യക്തിപരമായ നിലപാടുകൾ മൂലം “ദൈവ നിർമ്മാണത്തെ അഴിക്കരുത് “എന്ന പൗലോസിന്റെ വാക്കുകൾ 2000 വർഷം മുമ്പെന്ന പോലെ ഇന്നും പ്രസക്തമാണ്. മറ്റുള്ളവരുടെമേൽ വിധി പ്രസ്താവിക്കുന്നവരാകാതെ, സ്നേഹപൂർവ്വം പ്രവർത്തിക്കുകയും നമ്മുടെ സഹോദരീ സഹോദരന്മാരെ ബഹുമാനിക്കുന്ന വിധം ജീവിക്കുകയും ചെയ്യാം.
നിങ്ങളും സഹവിശ്വാസിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം എപ്പോഴെങ്കിലും ഭിന്നത സൃഷ്ടിച്ചിട്ടുണ്ടോ? ഈ ഭിന്നത നിങ്ങൾ പരിഹരിച്ചെങ്കിൽ, അതെങ്ങനെയാണ് ചെയ്തത്?
യേശുവേ, എന്നെ രക്ഷിച്ചതിന് നന്ദി. പലപ്പോഴും അപ്രധാനമായ വിഷയങ്ങളിൽ കേന്ദ്രീകരിച്ചിട്ട് മറ്റ് വിശ്വാസികളും ഞാനും തമ്മിൽ ഭിന്നതയുണ്ടാക്കിയത് എന്നോട് ക്ഷമിക്കണമേ. അങ്ങയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിട്ട് ഐക്യം സാധ്യമാക്കുവാൻ സഹായിക്കണമേ.