ചെറുപ്പമാണെന്നത് നേട്ടത്തിന് ഒരു തടസ്സമല്ല. പതിനൊന്നു വയസ്സുകാരി മിഖയിലക്കും അത് തടസ്സമായില്ല. വഴിയോരത്ത് നാരാങ്ങാ വെള്ളം വിൽക്കുന്നതിന് പകരം നാരങ്ങാവെള്ളത്തിന്റെ ഒരു ബിസിനസ് തന്നെ അവൾ തുടങ്ങി. ”മീ ആന്റ് ദ ബീസ് ലെമനേഡ്” എന്ന ബിസിനസ് തുടങ്ങിയത് അവളുടെ വല്യമ്മയുടെ ചേരുവക ഉപയോഗിച്ചായിരുന്നു. ക്രമേണ അതൊരു വൻ ബിസിനസായി. ഷാർക്ക് ടാങ്ക് എന്ന ടെലവിഷൻ ഷോ കമ്പനി 60000 ഡോളർ ഈ ബിസിനസിൽ നിക്ഷേപിച്ചു. കൂടാതെ അവൾ വലിയ ഒരു വില്പനശാലയുമായി കരാറിലും ഏർപ്പെട്ടു.
മിഖയിലയുടെ സംരംഭവും സ്വപ്നങ്ങളും തിമൊഥെയോസിനോട് പൗലോസ് പറഞ്ഞ വാക്കുകളെ ഓർമ്മിപ്പിക്കുന്നു: “ആരും നിന്റെ യൗവ്വനം തുച്ഛീകരിക്കരുത്” (1 തിമൊഥെയോസ് 4:12).

തിമോത്തി, മിഖയിലയെപ്പോലെ, ഒരു കുട്ടി ആയിരുന്നില്ല എങ്കിലും ആ സഭയിലെ താരതമ്യേന പ്രായംകുറഞ്ഞ ഒരാൾ ആയിരുന്നു. ആളുകൾ അവനെ അഗീകരിക്കുമോ എന്നതിൽ സംശയവുമുണ്ടായിരുന്നു. അപ്പസ്തോലനായ പൗലോസിന്റെ പരിശീലനം ലഭിച്ചിട്ടും തങ്ങളെ നയിക്കുന്നതിന് തിമോത്തിക്ക് പക്വത കൈവന്നിട്ടില്ലെന്ന് ചിലരെങ്കിലും കരുതി. തന്റെ യോഗ്യതകളെ അവരോട് പറയുന്നതിന് പകരം തന്റെ ആത്മീയ പക്വത, വാക്കുകൾ ഉപയോഗിക്കുന്നതിലും ആളുകളെ സ്നേഹിക്കുന്നതിലും ജീവിത രീതികളിലും സഭാംഗങ്ങളെ സ്നേഹിക്കുന്നതിലും വിശ്വാസം പ്രാവർത്തികമാക്കുന്നതിലും ധാർമ്മിക വിശുദ്ധി സൂക്ഷിക്കുന്നതിലും പ്രദർശിപ്പിക്കുവാൻ പൗലോസ് ആഹ്വാനം ചെയ്തു (വാ.12). ഇപ്രകാരമുള്ള ഭക്തിയുടെ ജീവിതം ഉണ്ടെങ്കിൽ ആരും തന്നെ ഒരു ഉപദേഷ്ടാവും ശുശ്രൂഷകനും എന്ന നിലയിൽ തുച്ഛീകരിക്കില്ല.

നമുക്ക്, പ്രായത്തിനുപരിയായി, ലോകത്തെ സ്വാധീനിക്കാൻ കഴിയും; ദൈവം നമുക്ക് നൽകുന്ന കൃപക്ക് അനുസൃതമായി ക്രിസ്തു കേന്ദ്രീകൃതമായ ഒരു മാതൃകാ ജീവിതം ഉണ്ടായാൽ മതി. സുവിശേഷത്തിന് അനുസൃതമായി നാം നമ്മുടെ ജീവിതങ്ങളെ രൂപപ്പെടുത്തിയാൽ, പതിനേഴ് ആണെങ്കിലും എഴുപത് ആണെങ്കിലും, മറ്റുള്ളവരോട് അത് അറിയിക്കുവാൻ നമുക്ക് യോഗ്യത ഉണ്ടാകും.