ഓസ്ട്രേലിയയിലെ “റീജന്റ് ഹണി ഈറ്റർ“എന്ന ഇനം പക്ഷികൾ വലിയ പ്രതിസന്ധിയിലാണ്-അവ തങ്ങളുടെ പാട്ട് മറന്നു പോകുന്നു. ഒരിക്കൽ ധാരാളം എണ്ണം ഉണ്ടായിരുന്ന അവ ഇപ്പോൾ വെറും 300 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. കേട്ടു പഠിക്കാൻ പക്ഷികൾ കുറവായതിനാൽ ആൺപക്ഷികൾ അവയുടെ പ്രത്യേക പാട്ട് മറന്ന് പോയിരിക്കുകയാണ്; അതുകൊണ്ട് അവക്ക് ഇണയെ ആകർഷിക്കാനും കഴിയുന്നില്ല.
പ്രകൃതി സംരക്ഷകർ ഹണി ഈറ്റേഴ്സിന്റെ വംശം നിലനിർത്തുന്നതിനായി അവയുടെ പാട്ട് പാടി കേൾപ്പിക്കുന്ന ഒരു നല്ല പരിപാടി ആവിഷ്കരിക്കുന്നുണ്ട്. ഈ പാട്ട് റെക്കോർഡ് ചെയ്ത് കേൾപ്പിക്കുന്നത് വഴി പക്ഷികൾക്ക് അവയുടെ ഹൃദയരാഗം വീണ്ടും പഠിക്കാൻ കഴിയും. ആൺപക്ഷികൾ ഇത് കേട്ട് പാടി ഇണയെ ആകർഷിച്ച് വംശവർധന സാധ്യമായേക്കും.

സെഫന്യാവ് പ്രവാചകൻ പ്രതിസന്ധിയിലായിരുന്ന ജനങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്. ധാരാളം തിന്മകൾ നിറഞ്ഞ ആ ജനത്തോട് ആസന്നമായ ദൈവിക ന്യായവിധിയെക്കുറിച്ച് അദ്ദേഹം പ്രവചിച്ചു (സെഫന്യാവ് 3:1-8). പിന്നീട് ഈ ന്യായവിധി സംഭവിച്ച് ജനം പിടിക്കപ്പെട്ട് പ്രവാസത്തിലായപ്പോൾ അവർ അവരുടെ പാട്ട് മറന്നു പോയി (സങ്കീർത്തനങ്ങൾ 137:49). എന്നാൽ ന്യായവിധിക്ക് ശേഷം എണ്ണത്തിൽ കുറഞ്ഞു പോയ തന്റെ ജനത്തിന്റെ പക്കലേക്ക് ദൈവം വന്ന് അവരുടെ പാപം ക്ഷമിക്കുമെന്നും ദർശിച്ച സെഫന്യാവ് പാടി: “അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും” (സെഫന്യാവ് 3:17).

ഇതിന്റെ ഫലമായി ജനത്തിന്റെ ഹൃദയരാഗം തിരികെ ലഭിക്കും (വാ.14).
നമുക്കും, നമ്മുടെ അനുസരണക്കേട് മൂലമോ, ജീവിതത്തിലെ പ്രതിസന്ധികൾ മൂലമോ, നമ്മുടെ സന്തോഷത്തിന്റെ ഹൃദയരാഗം നഷ്ടപ്പെടാം. എന്നാൽ ക്ഷമയുടെയും സ്നേഹത്തിന്റെയും ഒരു നാദം നമ്മുടെമേൽ മുഴങ്ങുന്നുണ്ട്. ദൈവത്തിന്റെ ഈ മധുരസംഗീതം ശ്രവിച്ച് നമുക്ക് ചേർന്ന് പാടാം.