ഓസ്ട്രേലിയയിലെ “റീജന്റ് ഹണി ഈറ്റർ“എന്ന ഇനം പക്ഷികൾ വലിയ പ്രതിസന്ധിയിലാണ്-അവ തങ്ങളുടെ പാട്ട് മറന്നു പോകുന്നു. ഒരിക്കൽ ധാരാളം എണ്ണം ഉണ്ടായിരുന്ന അവ ഇപ്പോൾ വെറും 300 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. കേട്ടു പഠിക്കാൻ പക്ഷികൾ കുറവായതിനാൽ ആൺപക്ഷികൾ അവയുടെ പ്രത്യേക പാട്ട് മറന്ന് പോയിരിക്കുകയാണ്; അതുകൊണ്ട് അവക്ക് ഇണയെ ആകർഷിക്കാനും കഴിയുന്നില്ല.
പ്രകൃതി സംരക്ഷകർ ഹണി ഈറ്റേഴ്സിന്റെ വംശം നിലനിർത്തുന്നതിനായി അവയുടെ പാട്ട് പാടി കേൾപ്പിക്കുന്ന ഒരു നല്ല പരിപാടി ആവിഷ്കരിക്കുന്നുണ്ട്. ഈ പാട്ട് റെക്കോർഡ് ചെയ്ത് കേൾപ്പിക്കുന്നത് വഴി പക്ഷികൾക്ക് അവയുടെ ഹൃദയരാഗം വീണ്ടും പഠിക്കാൻ കഴിയും. ആൺപക്ഷികൾ ഇത് കേട്ട് പാടി ഇണയെ ആകർഷിച്ച് വംശവർധന സാധ്യമായേക്കും.
സെഫന്യാവ് പ്രവാചകൻ പ്രതിസന്ധിയിലായിരുന്ന ജനങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്. ധാരാളം തിന്മകൾ നിറഞ്ഞ ആ ജനത്തോട് ആസന്നമായ ദൈവിക ന്യായവിധിയെക്കുറിച്ച് അദ്ദേഹം പ്രവചിച്ചു (സെഫന്യാവ് 3:1-8). പിന്നീട് ഈ ന്യായവിധി സംഭവിച്ച് ജനം പിടിക്കപ്പെട്ട് പ്രവാസത്തിലായപ്പോൾ അവർ അവരുടെ പാട്ട് മറന്നു പോയി (സങ്കീർത്തനങ്ങൾ 137:49). എന്നാൽ ന്യായവിധിക്ക് ശേഷം എണ്ണത്തിൽ കുറഞ്ഞു പോയ തന്റെ ജനത്തിന്റെ പക്കലേക്ക് ദൈവം വന്ന് അവരുടെ പാപം ക്ഷമിക്കുമെന്നും ദർശിച്ച സെഫന്യാവ് പാടി: “അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും” (സെഫന്യാവ് 3:17).
ഇതിന്റെ ഫലമായി ജനത്തിന്റെ ഹൃദയരാഗം തിരികെ ലഭിക്കും (വാ.14).
നമുക്കും, നമ്മുടെ അനുസരണക്കേട് മൂലമോ, ജീവിതത്തിലെ പ്രതിസന്ധികൾ മൂലമോ, നമ്മുടെ സന്തോഷത്തിന്റെ ഹൃദയരാഗം നഷ്ടപ്പെടാം. എന്നാൽ ക്ഷമയുടെയും സ്നേഹത്തിന്റെയും ഒരു നാദം നമ്മുടെമേൽ മുഴങ്ങുന്നുണ്ട്. ദൈവത്തിന്റെ ഈ മധുരസംഗീതം ശ്രവിച്ച് നമുക്ക് ചേർന്ന് പാടാം.
ദൈവത്തിലുള്ള സന്തോഷം നിലനിർത്തുന്നത് ശ്രമകരമായി തോന്നുന്നുണ്ടോ? ദൈവം നിങ്ങളിൽ സന്തോഷിക്കുന്നതിനോടുള്ള പ്രതികരണമായി എന്ത് പാട്ടോ കവിതയോ പ്രാർത്ഥനയോ ആണ് നിങ്ങൾക്കുള്ളത്?
സ്നേഹമുള്ള ദൈവമേ, അവിടുന്ന് എന്നിൽ സന്തോഷിച്ച് ഗീതങ്ങൾ പാടും എന്നത് സങ്കല്പിച്ചാൽ അതിശയകരമാണ്. ഞാൻ അങ്ങയെ സ്തുതിക്കുകയും എന്റെ സ്തുതിഗീതം പാടുകയും ചെയ്യുന്നു.