എന്റെ കൃഷി പരീക്ഷണങ്ങളുടെ തുടക്കത്തിൽ, ഞാൻ എന്നും രാവിലെ എഴുന്നേറ്റ് തോട്ടത്തിലേക്ക് ഓടും, വിത്തുകൾ മുളച്ചോ എന്ന് നോക്കാൻ. ഒന്നുമായില്ല. പിന്നീട് ഇന്റർനെറ്റിൽ “വേഗത്തിൽ ചെടികൾ വളർത്തുന്നതിനെക്കുറിച്ച് “പരിശോധിച്ചപ്പോൾ മനസ്സിലായി; ഒരു ചെടിയുടെ ജീവിത ചക്രത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് വിത്ത് മുളക്കുന്ന ഘട്ടമാണെന്ന്. തിരക്കുകൂട്ടിയിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ, കുഞ്ഞു നാമ്പുകൾ മണ്ണിലൂടെ പൊരുതി സൂര്യനു നേരെ മുളച്ചുവരുന്നതും മാറുന്ന കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമൊക്കെ വിലമതിക്കാനായി. അവസാനം ആഴ്ചകൾ ക്ഷമയോടെ കാത്തിരുന്ന് പച്ച നാമ്പുകൾ മുളപൊട്ടുന്നത് ആസ്വദിക്കാൻ സാധിച്ചു.
പലപ്പോഴും നമുക്ക് വിജയങ്ങളെയും നേട്ടങ്ങളെയും വളരെ വേഗം അഭിനന്ദിക്കാൻ കഴിയും, എന്നാൽ സ്വഭാവഗുണങ്ങൾ രൂപപ്പെടുന്നത് സമയമെടുത്തും സംഘർഷങ്ങലൂടെയുമാണെന്ന് അംഗീകരിക്കാതെയും പോകും. “വിവിധ പരീക്ഷകളിൽ അകപ്പെടുമ്പോൾ” “അത് അശേഷം സന്തോഷം എന്ന് എണ്ണുവിൻ” (യാക്കോബ് 1:2) എന്ന് യാക്കോബ് പഠിപ്പിക്കുന്നു. പരീക്ഷകളെക്കുറിച്ച് സന്തോഷിക്കാൻ എന്തിരിക്കുന്നു?
ദൈവം നമ്മെ എന്തായിരിക്കുവാൻ വിളിച്ചിരിക്കുന്നുവോ അങ്ങനെ ആക്കിത്തീർക്കുന്ന പ്രക്രിയയിൽ നമ്മെ ചിലപ്പോൾ പ്രയാസങ്ങളിലൂടെയും വെല്ലുവിളികളിലൂടെയും കടത്തി വിട്ടേക്കാം. പരീക്ഷകളെ അതിജീവിച്ച്, നമ്മൾ “ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും” (വാ. 4) ആയിത്തീരുന്നതു കാണാൻ ദൈവം പ്രതീക്ഷയോടെ കാത്തിരിക്കുന്നു. യേശുവിൽ അടിയുറച്ചവരായി, നമുക്ക് ഏത് പ്രതിസന്ധിയിലും സ്ഥിരതയോടെ നിലനിന്ന്, ശക്തരായി വളർന്ന്, അവസാനം ആത്മാവിന്റെ ഫലം ജീവിതത്തിൽ നിറയുന്നവരായിരിക്കാം (ഗലാത്യർ 5:22-23). ഓരോ ദിവസവും നമുക്ക് വളർച്ചക്ക് അനിവാര്യമായ പോഷണം അവന്റെ ജ്ഞാനം പ്രദാനം ചെയ്യും (യോഹന്നാൻ 15:5).
അടുത്തിടെയായി നിങ്ങൾ അഭിമുഖീകരിക്കുന്ന പരീക്ഷകൾ എന്തൊക്കെയാണ്? ഈ സാഹചര്യങ്ങൾ പഠിപ്പിക്കുന്ന പാഠങ്ങൾ എന്തൊക്കെ?
പ്രിയ സ്വർഗീയ പിതാവേ, പലപ്പോഴും ഞാൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ താങ്ങാനാവാത്തവയാണ്. നിലനില്ക്കുവാൻ ശക്തി നല്കണമേ. അവിടുന്ന് എന്നെ വിളിച്ചിരിക്കുന്നതുപോലെ പൂർണ്ണഫലം കായ്ക്കുന്ന ഒരു വിശ്വാസിയായി വിശ്വാസത്തിൽ വളരുവാൻ എന്നെ സഹായിക്കണമേ.