എന്റെ ഭാര്യാപിതാവിന്റെ പാൻക്രിയാസിലെ ക്യാൻസർ കീറോതെറാപ്പി മൂലം കുറഞ്ഞു വന്നെങ്കിലും പൂർണ്ണമായും മാറിയില്ല. വീണ്ടും ട്യൂമർ വളർന്നു തുടങ്ങി; അദ്ദേഹം ഒരു ജീവന്മരണ തീരുമാനം എടുക്കേണ്ടി വന്നു. അദ്ദേഹം ഡോക്ടറോട് ചോദിച്ചു: “ഞാൻ ഇനിയും ഈ കീമോ എടുക്കണമോ? മറ്റെന്തെങ്കിലും മരുന്നോ റേഡിയേഷനോ പരീക്ഷിക്കട്ടേ?”

യഹൂദ ജനതയുടെ മുമ്പിലും ഇങ്ങനെയൊരു ജീവന്മരണ ചോദ്യം ഉണ്ടായി. യുദ്ധവും ക്ഷാമവും മൂലം മടുത്ത ദൈവത്തിന്റെ ജനം തങ്ങളുടെ യഥാർത്ഥ പ്രശ്നം വിഗ്രഹാരാധന കൂടിയതാണോ അതോ കുറഞ്ഞു പോയതാണോ എന്ന് ആശ്ചര്യപ്പെട്ടു! അവസാനം അവർ, വ്യാജ ദൈവത്തിന് കൂടുതൽ യാഗങ്ങൾ അർപ്പിച്ച് അവൾ അവരെ സംരക്ഷിക്കുകയും അഭിവൃദ്ധി നൽകുകയും ചെയ്യുമോ എന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു (യിരെമ്യാവ് 44:17).

അവർ തങ്ങളുടെ പ്രശ്നകാരണത്തെ നിർണ്ണയിക്കുന്നതിൽ വല്ലാതെ തെറ്റിപ്പോയി എന്ന് യിരെമ്യാവ് പറഞ്ഞു. അവരുടെ പ്രശ്നം അവർ വിഗ്രഹങ്ങളെ സേവിക്കുന്നത് കുറഞ്ഞു പോയതല്ല, വിഗ്രഹങ്ങൾ അവർക്ക് ഉണ്ടായിരുന്നു എന്നതാണ്. അവർ പ്രവാചകനോട് പറഞ്ഞു, “നീ യഹോയുടെ നാമത്തിൽ ഞങ്ങളോടു പറഞ്ഞിരിക്കുന്ന വചനം സംബന്ധിച്ചു ഞങ്ങൾ നിന്നെ കൂട്ടാക്കുകയില്ല” (വാ. 16). യിരെമ്യാവ് മറുപടി പറഞ്ഞു, “നിങ്ങൾ യഹോവയുടെ വാക്ക് അനുസരിക്കാതെയും അവന്റെ ന്യായപ്രമാണവും ചട്ടങ്ങളും സാക്ഷ്യങ്ങളും പ്രമാണിച്ചു നടക്കാതെയും ധൂപം കാട്ടി യഹോവയോട് പാപം ചെയ്യുകകൊണ്ട്, ഇന്ന് ഈ അനർത്ഥം നിങ്ങൾക്കു വന്നു ഭവിച്ചിരിക്കുന്നു” (വാ. 23).

യഹൂദയെപ്പോലെ, നമ്മളും നമ്മെ പ്രശ്നത്തിലാക്കിയ പാപകരമായ തെരഞ്ഞെടുപ്പുകളിൽ വീണ്ടും വീണു പോകാൻ പ്രലോഭിതരായേക്കാം. ബന്ധങ്ങളിലുള്ള പ്രശ്നങ്ങൾ? വീണ്ടും അകന്നു പോകാം. സാമ്പത്തിക പ്രശ്നങ്ങൾ? ഇനിയും സ്വന്ത സുഖങ്ങൾക്കായി ചെലവിട്ടേക്കാം. അവഗണിക്കപ്പെട്ടോ? തിരിച്ചും നിഷ്കരുണം പെരുമാറിപ്പോകാം. എന്നാൽ നമ്മുടെ പ്രശ്നങ്ങൾക്ക് കാരണമായ ഈ വിഗ്രഹങ്ങളൊന്നും നമ്മെ രക്ഷിക്കില്ല. യേശുവിന് മാത്രമാണ് നാം അവനിൽ ആശ്രയിക്കുമ്പോൾ നമ്മെ ഈ പ്രശ്നങ്ങളിൽ നിന്ന് വിടുവിക്കാൻ കഴിയുക.