രാവിലെ 3 മണി സമയം, ഒരു തീവ്രപരിചരണ ആശുപത്രിയിൽ ഒരു രോഗി ഒരു മണിക്കൂറിനിടയിൽ 4ആം തവണയും കോളിങ്ങ് ബെല്ലടിച്ചു. രാത്രി ഡ്യൂട്ടിയിലുള്ള നഴ്സ് പരാതിയില്ലാതെ പരിചരിച്ചു. ഉടനെ മറ്റൊരു രോഗി ശ്രദ്ധക്കായി അലറിക്കരഞ്ഞു. നഴ്സ് അസ്വസ്ഥയായില്ല. പകൽസമയത്തെ തിരക്ക് ഒഴിവാക്കാൻ നൈറ്റ് ഷിഫ്റ്റ് അവർ അഞ്ച് വർഷം മുമ്പ് ചോദിച്ചു വാങ്ങിയതാണ്. പിന്നീടവൾക്ക് ബോധ്യമായി രാത്രി ഡ്യൂട്ടി അത്ര എളുപ്പമല്ലെന്ന്. ചിലപ്പോൾ രോഗികളെ ഒറ്റക്ക് തിരിച്ചു കിടത്തേണ്ടിവരും. രാത്രിയിൽ ഡോക്ടറുടെ സേവനം അത്യാവശ്യഘട്ടങ്ങളിൽ വിളിച്ചു വരുത്തിയാൽ മാത്രം ലഭിക്കുന്നതു കൊണ്ട് രോഗികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിവരും.
നൈറ്റ് ഷിഫ്റ്റിലെ സഹപ്രവർത്തകരുടെ സഹകരണം ഒക്കെ ലഭിക്കുന്നുണ്ടെങ്കിലും ഈ നഴ്സിന് ആവശ്യത്തിന് ഉറക്കം ലഭിക്കാറില്ല. തൻ്റെ ജോലി അത്ര ഗൗരവമായതുകൊണ്ട് പലപ്പോഴും അവൾ സഭയുടെ പ്രാർത്ഥനാ സഹായം തേടാറുണ്ട്. ”നന്ദി ദൈവമേ, അവരുടെ പ്രാർത്ഥന കാര്യങ്ങളെ വ്യത്യാസപ്പെടുത്തുന്നു.”
അവളുടെ ഈ സ്തുതി ഒരു രാത്രി ജോലിക്കാരി എന്ന നിലയിൽ ഉചിതമാണ്—നമ്മെ സംബന്ധിച്ചും. സങ്കീർത്തകൻ എഴുതി, “അല്ലയോ, രാത്രി കാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നിൽക്കുന്നവരായി യഹോവയുടെ സകല ദാസന്മാരുമായുള്ളോരേ യഹോവയെ വാഴ്ത്തുവിൻ. വിശുദ്ധ മന്ദിരത്തിലേക്കു കൈ ഉയർത്തി യഹോവയെ വാഴ്ത്തുവിൻ” (സങ്കീർത്തനങ്ങൾ 134:1-2).
ഈ സങ്കീർത്തനം, ദൈവാലയ കാവൽക്കാരായി ജോലി ചെയ്യുന്ന ലേവ്യർക്കു വേണ്ടി—രാവും പകലും ദൈവാലയത്തെ കാവൽ ചെയ്യുന്ന അവരുടെ ഗൗരവമായ ജോലിയെ അംഗീകരിച്ചുകൊണ്ട്— എഴുതിയതാണ്. നമ്മുടെ ഇന്നത്തെ അവിശ്രമ ലോകത്തിൽ, പ്രത്യേകിച്ച് രാത്രി ജോലികൾ ചെയ്യുന്നവർക്കും, നമുക്കോരോരുത്തർക്കും രാത്രികളിൽ ദൈവത്തെ സ്തുതിക്കാൻ ഈ സങ്കീർത്തനം സഹായകരമാണ്. സങ്കീർത്തനം ഇങ്ങനെ അവസാനിക്കുന്നു: “ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ സീയോനിൽ നിന്നു നിന്നെ അനുഗ്രഹിക്കുമാറാകട്ടെ” (വാ. 3).
രാത്രി ജീവനക്കാരെ—നഴ്സുമാർ, കാവൽക്കാർ, അത്യാസന്ന സേനാ വിഭാഗം തുടങ്ങിയവരെ—ഓർക്കുമ്പോൾ എന്തു പ്രാർത്ഥനയാണ് നിങ്ങളുടെ മനസ്സിൽ വരുന്നത്? ദൈവത്തെ സ്തുതിക്കുന്നത് അവർക്ക് അനുഗ്രഹമായി മാറുന്നത് എങ്ങനെയാണ്?
പ്രിയ ദൈവമേ, പ്രഭാത യാമങ്ങളിൽ ഞാൻ സുഖമായി ഉറങ്ങുമ്പോഴും, എന്റെ ചുറ്റുപാടും അതിഗൗരവമായ രാത്രിജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരെ അങ്ങ് അനുഗ്രഹിക്കേണമേ. രാത്രിയിൽ അങ്ങയെ സ്തുതിക്കുവാൻ എന്നെ സഹായിക്കണമെ.