ഞങ്ങളുടെ അയൽപക്കത്തെ പശുക്കൾക്കും എനിക്കും സൂര്യകാന്തി പൂക്കളെക്കുറിച്ച് രണ്ട് വ്യത്യസ്ത അഭിപ്രായങ്ങളാണ്. ഓരോ വേനൽക്കാലത്തും ഞാൻ പൂച്ചെടികൾ നട്ടുപിടിപ്പിക്കുമ്പോൾ, അതിന്റെ പൂക്കളുടെ സൗന്ദര്യത്തിനായി ഞാൻ കാത്തിരിക്കുകയാണ്. എന്നിരുന്നാലും, എന്റെ പശുസുഹൃത്തുക്കൾ പക്ഷേ, വിരിയുന്ന പൂവിനെ കാര്യമാക്കുന്നില്ല. ഒന്നും അവശേഷിപ്പിക്കാതെ ഇലയും തണ്ടും പോലും ചവയ്ക്കുവാൻ അവർ ആഗ്രഹിക്കുന്നു. എന്റെ നാല് കുളമ്പുള്ള അയൽക്കാർ വിഴുങ്ങുന്നതിനുമുമ്പ് പൂക്കൾ പക്വത പ്രാപിക്കുവാൻ ഞാൻ ചെടികളെ സഹായിക്കുന്നത് ഒരു വാർഷിക വേനൽക്കാല യുദ്ധമായി പലപ്പോഴും മാറും. ചിലപ്പോൾ ഞാൻ ജയിക്കും; ചിലപ്പോൾ അവർ വിജയിക്കും.
യേശുവിൽ വിശ്വസിക്കുന്ന നമ്മുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, നമുക്കും നമ്മുടെ ശത്രുവായ സാത്താനും തമ്മിൽ സമാനമായ യുദ്ധം നടക്കുന്നതായി കാണുവാൻ എളുപ്പമാണ്. ആത്മീയ പക്വതയിലേക്ക് നയിക്കുന്ന നിരന്തരമായ വളർച്ചയാണ് നമ്മുടെ ലക്ഷ്യം. ദൈവമഹത്വത്തിനായി നമ്മുടെ ജീവിതം വേറിട്ടുനിർത്തുവാൻ നാം ആഗ്രഹിക്കുന്നു. നമ്മുടെ വിശ്വാസം നശിപ്പിക്കുവാനും നാം വളരാതിരിക്കുവാനും പിശാച് ശ്രമിക്കുന്നു. എന്നാൽ യേശുവിന് “എല്ലാ ശക്തിയുടെയും” മേൽ പൂർണ്ണ ആധിപത്യമുണ്ട്, കൂടാതെ നമ്മെ “പൂർണ്ണതയിലേക്ക്” കൊണ്ടുവരാനും അവനു കഴിയും (കൊലൊസ്സ്യർ 2:10), അതായത് അവൻ നമ്മെ “സമ്പൂർണ്ണരാക്കുന്നു”. ക്രിസ്തുവിന്റെ കുരിശിലെ വിജയം ആ മനോഹരമായ സൂര്യകാന്തിപ്പൂക്കൾ പോലെ ലോകത്ത് വേറിട്ടുനിൽക്കുവാൻ നമ്മെ അനുവദിക്കുന്നു.
യേശു, “നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കൈയെഴുത്തു” (നമ്മുടെ പാപങ്ങൾക്കുള്ള ശിക്ഷ) കുരിശിൽ തറച്ചപ്പോൾ (വാ. 14), നമ്മെ നിയന്ത്രിക്കുന്ന ശക്തികളെ അവൻ നശിപ്പിച്ചു. നമ്മൾ “വേരൂന്നുകയും ആത്മികവർദ്ധന പ്രാപിക്കുകയും” (വാ. 7) “ക്രിസ്തുവിനോടൊപ്പം ജീവിക്കുകയും” ചെയ്തു (വാ. 13). ശത്രുവിന്റെ ആത്മീയ ആക്രമണങ്ങളെ ചെറുക്കുവാനും യേശുവിൽ തഴച്ചുവളരാനും നാം അവനിൽ ശക്തി ഉള്ളവരാണ് (വാ. 10) – അതു യഥാർത്ഥ സൗന്ദര്യമുള്ള ജീവിതത്തെ പ്രദർശിപ്പിക്കുന്നു.