മുഖത്ത് ഒരു പുഞ്ചിരിയോടെ എന്റെ പ്രായമായ വലിയ അമ്മായി അവരുടെ രോഗക്കിടക്കയിൽ കിടന്നു. അവരുടെ കവിളുകളിൽ ചുളുക്കം ബാധിച്ചിരുന്നു, നരച്ച മുടികൾ മുഖത്തുനിന്നും പുറകിലേക്ക് ഒതുക്കിയിരുന്നു. അവർ അധികമൊന്നും സംസാരിച്ചിരുന്നില്ല, എന്നാൽ ഞാനും അച്ഛനും അമ്മയും ഒരിക്കൽ സന്ദർശിച്ചപ്പോൾ അവർ പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു. അവർ മന്ത്രിച്ചു, “ഞാൻ ഒറ്റക്കല്ല, യേശു എന്റെ കൂടെയുണ്ട്.”
തനിച്ച് താമസിക്കുന്ന ഒരു സ്ത്രീ എന്ന നിലയിൽ അവരുടെ പ്രസ്താവന എന്നിൽ ആശ്ചര്യം ഉളവാക്കി. അവരുടെ ഭർത്താവ് ദീർഘ വർഷങ്ങൾ മുൻപ് മരിച്ചു, മക്കളാണെങ്കിൽ വളരെ ദൂരെയാണ് താമസിക്കുന്നത്. തൊണ്ണൂറ് വയസ്സിനോട് അടുക്കുന്ന അവർ, തന്റെ കിടക്കയിൽ, കഷ്ടിച്ച് നീങ്ങാൻ പോലും കഴിയാതെ ഒറ്റക്കാണ് കഴിയുന്നത്. എങ്കിലും താൻ ഒറ്റക്കല്ല എന്ന് പറയുവാൻ അവർക്ക് കഴിഞ്ഞു.
എന്റെ അമ്മായി യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത് അക്ഷരാർത്ഥത്തിൽ സ്വീകരിച്ചു: “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” (മത്തായി 28:20). യേശു തന്റെ ശിഷ്യന്മാരോട് ലോകത്തിലേക്ക് പോയി തന്റെ സുവിശേഷം മറ്റുള്ളവരുമായി പങ്കുവെക്കുവാൻ പഠിപ്പിച്ചപ്പോൾ ചെയ്തതുപോലെ, ക്രിസ്തുവിന്റെ ആത്മാവ് തന്നോട് കൂടെയുണ്ടെന്ന് അവർ അറിഞ്ഞിരുന്നു (വാ.19). പരിശുദ്ധാത്മാവ് ശിഷ്യന്മാരോട് കൂടെയും നമ്മോടു കൂടെയും ഉണ്ടാവുമെന്ന് യേശു പറഞ്ഞു (യോഹന്നാൻ 14:16-17).
എന്റെ അമ്മായി ആ വാഗ്ദത്തതിന്റെ യാഥാർഥ്യം അനുഭവിച്ചിട്ടുണ്ടെന്ന് എനിക്കുറപ്പുണ്ട്. അവൾ ആ കിടക്കയിൽ കിടക്കുമ്പോഴും പരിശുദ്ധാത്മാവ് തന്റെ ഉള്ളിൽ ഉണ്ട്. പരിശുദ്ധാത്മാവ് അനന്തരവളായ എന്നോട് ഈ സത്യം പങ്കുവയ്ക്കാൻ അവളെ ഉപയോഗിച്ചു.
യേശു നിങ്ങളോടു കൂടെയുണ്ട് എന്ന യാഥാർഥ്യം നിങ്ങളെ എങ്ങനെയാണ് ഉത്തേജിപ്പിച്ചത്? പരിശുദ്ധാത്മാവിന്റെ പരിപാലനം എങ്ങനെയാണ് താങ്കൾ അനുഭവിച്ചത്?
യേശുവേ, അവിടുത്തെ പരിശുദ്ധാത്മാവിനെ എന്റെ ആശ്വാസകനും സുഹൃത്തുമായി അയച്ചതിന് നന്ദി. ഇന്നേ ദിവസം മുഴുവൻ അവിടുത്തെ സാന്നിദ്ധ്യത്തെപ്പറ്റി എന്നെ ഓർമ്മിപ്പിക്കേണമേ.