തന്റെ ജീവൻ രക്ഷിച്ച മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് നാല് വർഷത്തിന് ശേഷം ക്രിസ്സ് വീണ്ടും പരിശോധനയ്ക്കായി തന്റെ രക്തം കൊടുത്തു. ദാതാവിന്റെ മജ്ജ തന്റെ സൗഖ്യത്തിനാവശ്യമായത് നൽകിയെങ്കിലും ആശ്ചര്യകരമായ ഒരു കാര്യം അവശേഷിപ്പിച്ചു: ക്രിസിന്റെ DNA ഇപ്പോൾ ക്രിസ്സിന്റേതല്ല ദാതാവിന്റേതാണ്. ഇത് ശരിക്കും സംഭവിക്കാം: മാറ്റിവെക്കലിന്റെ ലക്ഷ്യം തന്റെ ബലക്ഷയമുള്ള രക്തം ദാതാവിന്റെ ആരോഗ്യമുള്ള രക്തവുമായുള്ള മാറ്റമാണ്. അതിനാൽ ക്രിസിന്റെ കവിളുകൾ, ചുണ്ടുകൾ, നാവ് എന്നിവയുടെ സ്രവങ്ങളെല്ലാം ദാതാവിന്റെ DNA പ്രകടമാക്കി. തന്റെ ഓർമ്മകളും, പുറമെയുള്ള രൂപവും നിലനിർത്തിയിരുന്നെങ്കിലും ചില കാര്യങ്ങളിൽ അവൻ മറ്റൊരാളായി മാറി.
ക്രിസിന്റെ അനുഭവം യേശുവിനെ രക്ഷകനായി സ്വീകരിക്കുന്ന ഓരോ വ്യക്തിയുടെയും ജീവിതത്തിൽ നടക്കുന്നതിന് സമാനമാണ്. നമ്മുടെ ആത്മീക രൂപാന്തരത്തിന്റെ സമയത്ത് – നാം യേശുവിൽ ആശ്രയിക്കുമ്പോൾ – നാം ഒരു പുതിയ സൃഷ്ടിയായി മാറുന്നു (2 കൊരിന്ത്യർ 5:17). എഫേസോസ് സഭയ്ക്കുള്ള പൗലോസിന്റെ ലേഖനം, അവരെ ക്രിസ്തുവിനുവേണ്ടി വേർപെട്ട്, അവരിലെ ആന്തരിക രൂപാന്തരത്തെ വെളിപ്പെടുത്തുവാൻ പ്രോത്സാഹിപ്പിച്ചു, “ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ” (എഫേസ്യർ 4:22-24).
രൂപാന്തരം വരുത്തുന്ന യേശുവിന്റെ ശക്തി നമ്മിൽ സജീവമാണെന്ന് കാണിക്കാൻ നമുക്ക് ഡിഎൻഎ പരിശോധനകളോ രക്തപരിശോധനകളോ ആവശ്യമില്ല. ആ ആന്തരിക സത്യം നമ്മുടെ ചുറ്റുമുള്ള ലോകത്തിൽ നാം വ്യാപൃതരാകുമ്പോൾ, നാം എത്രത്തോളം തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി, ദൈവം ക്രിസ്തുവിൽ നമ്മോട് ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിക്കുമ്പോൾ നമ്മിലൂടെ പ്രകടമാകണം. (വാ.32).
യേശു നിങ്ങളെ ആന്തരികമായി എങ്ങനെയാണ് മാറ്റിയത്? നിങ്ങളുടെ ചുറ്റുമുള്ളവരുമായി പങ്കുചേരുമ്പോൾ ആ ആന്തരിക സത്യം എങ്ങനെയാണ് വെളിവാകുന്നത്?
യേശുവേ, എന്നെ പുതുതാക്കിയതിനും അങ്ങിൽ എനിക്ക് പുതുജീവൻ തന്നതിനും നന്ദി. എന്റെ പഴയ വഴികൾ ഉപേക്ഷിച്ചു അങ്ങയുടെ സ്വരൂപം ധരിക്കുവാൻ എന്നെ സഹായിക്കേണമേ.