എനിക്ക് എന്തുകൊണ്ടാണ് അതിനെപ്പറ്റി ചിന്തിക്കാതിരിക്കാൻ കഴിയാത്തത്? എന്റെ വികാരങ്ങൾ ദുഃഖം, ദേഷ്യം, സംശയം, കുറ്റബോധം എന്നിവയാൽ കെട്ടുപിണഞ്ഞിരുന്നു.
വർഷങ്ങൾക്ക് മുൻപ് വളരെ അടുത്ത ഒരു വ്യക്തിയുമായുള്ള ബന്ധം എനിക്ക് വിച്ഛേദിക്കേണ്ടി വന്നു, തന്റെ വേദനിപ്പിക്കുന്ന സ്വഭാവത്തെപ്പറ്റി പലതവണ പറയാൻ ശ്രമിച്ചത് പുറത്താക്കലിലേക്കും നിഷേധത്തിലേക്കും നയിച്ചു. ഇന്ന് അവൾ ഈ പട്ടണത്തിലുണ്ടെന്നും, എന്നെ സന്ദർശിക്കുന്നുവെന്നും കേട്ടപ്പോൾ എന്റെ ചിന്തകൾ ഭൂതകാലത്തിലേക്ക് പോവുകയും, വീണ്ടും നുറുങ്ങുകയും ചെയ്തു.
എന്റെ ചിന്തകളെ നിയന്ത്രിക്കുവാൻ ഞാൻ പാടുപെട്ടപ്പോൾ, റേഡിയോയിൽ ഒരു പാട്ട് കേട്ടു . ആ പാട്ട് വഞ്ചനയുടെ വേദന മാത്രമല്ല, ഉപദ്രവിച്ച വ്യക്തിയുടെ സമൂലമായ മാറ്റത്തിനുവേണ്ടിയുള്ള കാത്തിരിപ്പിനെയും പ്രകടിപ്പിക്കുന്നു. എന്റെ തന്നെ ഹൃദയത്തിലെ വാഞ്ചകൾക്ക് ശബ്ദം നല്കിയതുപോലെയുള്ള ആ പാട്ടിൽ ഞാൻ മുഴുകിയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
സ്നേഹം നിർവ്യാജം ആയിരിക്കട്ടെ: എന്ന് അപ്പോസ്തലനായ പൗലോസ് റോമർ 12:9-ൽ പറയുമ്പോൾ സ്നേഹത്തിനുവേണ്ടി സ്വീകരിക്കുന്നതെല്ലാം ശുദ്ധമായിരിക്കില്ല എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. എങ്കിലും നമ്മുടെ ഹൃദയത്തിന്റെ ആഴത്തിലുള്ള ആഗ്രഹം – സ്വയം സേവിക്കുന്നതും കൗശലം നിറഞ്ഞതുമല്ല, കരുണയുള്ളതും സ്വയം നൽകുന്നതുമായ – യഥാർത്ഥ സ്നേഹം അറിയുക എന്നതാണ്. നിയന്ത്രിക്കപ്പെടുമെന്ന ഭയത്താൽ ഉളവായ സ്നേഹമല്ല, മറിച്ച് മറ്റൊരാളുടെ ക്ഷേമത്തിനുവേണ്ടിയുള്ള സന്തോഷപൂർണ്ണമായ സമർപ്പണമായിരിക്കണം യഥാർത്ഥ സ്നേഹം (വാ.10-13).
അതാണ് സുവാർത്ത, സുവിശേഷം. യേശുവിന്മൂലം നമുക്ക് ആശ്രയിക്കാവുന്നതും പങ്കുവെക്കാവുന്നതുമായ സ്നേഹത്തെപ്പറ്റി നാം അറിഞ്ഞു. നമ്മെ ഒരിക്കലും ദ്രോഹിക്കാത്ത സ്നേഹം (13:10). അവിടുത്തെ സ്നേഹത്തിൽ ജീവിക്കുക എന്നാൽ സ്വാതന്ത്ര്യം അനുഭവിക്കുക എന്നാണ്.
നിങ്ങൾ എപ്പോഴെങ്കിലും സത്യസന്ധമായ സ്നേഹവും സ്വസ്നേഹവും തമ്മിലുള്ള വ്യത്യാസം അനുഭവിച്ചിട്ടുണ്ടോ? മറ്റുള്ളവരെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കാൻ പഠിക്കാൻ ഒരു വിശ്വാസസമൂഹത്തിന് നമ്മെ എങ്ങനെ സഹായിക്കാനാകും??
സ്നേഹവാനായ ദൈവമേ, എല്ലാ ദിവസവും യഥാർത്ഥ സ്നേഹവും വ്യാജസ്നേഹവും തമ്മിലുള്ള വ്യത്യാസം പഠിക്കുവാൻ എന്നെ സഹായിക്കേണമേ. ക്രിസ്തുവിന്റെ സ്നേഹത്തെ പഠിക്കുവാനും അത് ചുറ്റുമുള്ളവരുമായി പങ്കുവെക്കാനും എന്നെ പഠിപ്പിക്കേണമേ.