“ദൈവവുമില്ല, മതവുമില്ല, ഒന്നുമില്ല” എന്ന പഠിപ്പിക്കലിലാണ് മുകേഷ് വളർന്നത്. തന്റെ നാട്ടിലെ ജനത്തിന് സ്വാതന്ത്ര്യവും ജനാധിപത്യവും ലഭിക്കുവാനായി “സമാധാനപരമായ പ്രക്ഷോഭങ്ങൾ” നടത്തുവാൻ അവൻ വിദ്യാർത്ഥികളെ സഹായിച്ചു. എന്നാൽ ദാരുണമെന്ന് പറയട്ടെ സർക്കാരിന്റെ ഇടപെടൽ മൂലം അനേകർക്ക് ജീവൻ നഷ്ടപ്പെട്ടു. മുകേഷ് തന്റെ രാജ്യത്തെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ആയി. ചുരുങ്ങിയ കാലത്തെ ജയിൽവാസത്തിന് ശേഷം വളരെ ദൂരെയുള്ള ഒരു ഗ്രാമത്തിലേക്ക് താൻ പോയി. അവിടെ ഒരു പ്രായമായ കർഷക സ്ത്രീ അവനു ക്രിസ്തു യേശുവിനെ പരിചയപ്പെടുത്തി. അവളുടെ കയ്യിൽ, യോഹന്നാന്റെ സുവിശേഷത്തിന്റെ ഒരു കൈയെഴുത്തു പ്രതി മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ അവൾക്ക് വായിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് അവൾ മുകേഷിനോട് അത് വായിക്കുവാൻ ആവശ്യപ്പെട്ടു. അവൻ വായിച്ചപ്പോൾ അവൾ അത് അവന് വിവരിച്ചു കൊടുത്തു – ഒരു വർഷത്തിന് ശേഷം അവൻ യേശുവിന്റെ ഒരു വിശ്വാസിയായി മാറി.
താൻ അനുഭവിച്ച സകലത്തിലും കൂടി ദൈവം തന്നെ ശക്തമായി ക്രൂശിലേക്ക് നയിക്കുകയായിരുന്നു. അവിടെ അവൻ അപ്പോസ്തലനായ പൗലോസ് 1 കൊരിന്ത്യരിൽ പറയുന്നതു നേരിട്ട് അനുഭവിച്ചറിഞ്ഞു, “ക്രൂശിന്റെ വചനം… രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു” (1:18). പലരും ഭോഷത്വമെന്ന് കരുതിയ ബലഹീനത മുകേഷിന്റെ ശക്തിയായി മാറി. നമ്മിൽ പലരും ക്രിസ്തുവിൽ വരുന്നതിന് മുൻപ് ഇതു തന്നെയായിരുന്നു ചിന്തിച്ചിരുന്നത്. എന്നാൽ പരിശുദ്ധാത്മാവിനാൽ ദൈവത്തിന്റെ ശക്തിയും ജ്ഞാനവും നമ്മുടെ ജീവിതത്തിലേക്ക് കടന്നുകയറുകയും നമ്മെ ക്രിസ്തുവിലേക്ക് നയിക്കുകയും ചെയ്തു. ഇന്ന് മുകേഷ് ഒരു പാസ്റ്ററായി സേവനമനുഷ്ഠിച്ചു കൊണ്ട്, തന്നെ കേൾക്കുന്ന ഏവരോടും ക്രൂശിന്റെ സത്യങ്ങളെ പങ്കുവയ്ക്കുന്നു.
യേശുവിന് എത്ര കഠിന ഹൃദയത്തെയും മാറ്റുവാൻ ശക്തിയുണ്ട്. ഇന്ന് ആർക്കാണ് തന്റെ ശക്തമായ സ്പർശനം ആവശ്യമുള്ളത്?
ക്രിസ്തുവിനെ നിങ്ങളുടെ രക്ഷിതാവായി സ്വീകരിക്കുന്നതിന് മുൻപ് ക്രൂശിന്റെ സന്ദേശത്തെ നിങ്ങൾ എങ്ങനെയാണ് കണ്ടത്? നിങ്ങളുടെ അനുഭവം ഇന്ന് ആർക്കാണ് കേൾക്കുവാൻ ആവശ്യമുള്ളത്?
യേശുവേ, ക്രൂശിലൂടെ എന്നെ അങ്ങയിലേക്ക് നയിച്ചതിനായി നന്ദി. അങ്ങയെക്കൂടാതെ ഞാൻ നഷ്ടപ്പെട്ടു പോകുമായിരുന്നു.