2020-ൽ ബില്ലി എന്ന വിശ്വസ്തനും വാത്സല്യവുമുള്ള നായ ഇന്റെർനെറ്റിലെ താരമായി. അവന്റെ ഉടമയായ റസ്സൽ, തന്റെ കണങ്കാലിൽ പൊട്ടലുണ്ടായതു മൂലം ഒരു ക്രച്ചസ്സിന്റെ സഹായത്തോടു കൂടിയാണ് നടന്നിരുന്നത്. പെട്ടെന്ന് തന്നെ നായക്കുട്ടിയും മുടന്തി നടക്കുവാൻ തുടങ്ങി. റസ്സൽ ബില്ലിയെ ഒരു മൃഗഡോക്ടറുടെ അടുത്ത് കൊണ്ടുപോയി, അവന് കുഴപ്പമൊന്നുമില്ല എന്ന് അദ്ദേഹം റസ്സലിനോട് പറഞ്ഞു. അവൻ തനിയെയുള്ളപ്പോൾ സാധാരണ പോലെ ഓടിനടക്കും. എന്നാൽ തന്റെ ഉടമയുടെ കൂടെ നടക്കുമ്പോൾ നായ മുടന്ത് അഭിനയിക്കും. ഇതിനെയാണ് താദാത്മ്യം പ്രാപിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
മറ്റുള്ളവരോട് ചേർന്ന് നടക്കുക എന്നതാണ് അപ്പോസ്തലനായ പൗലോസ് റോമിലുള്ള സഭയ്ക്ക് കൊടുത്ത നിർദ്ദേശ്ശങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത്. അദ്ദേഹം അവസാനത്തെ അഞ്ചു കല്പനകളെ ഇങ്ങനെ ക്രോഡീകരിച്ചു. “കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക” (റോമർ 13:9). മറ്റുള്ളവരോട് ചേർന്ന് നടക്കുക എന്നതിന്റെ പ്രാധാന്യം വാക്യം 8 ൽ നമുക്ക് കാണാം : “അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു”.
ലേഖിക ജെന്നി ആൽബേർസ് ശുപാർശ ചെയ്യുന്നു, “ആരെങ്കിലും തകർന്നിരിക്കുമ്പോൾ, അവരെ ശരിയാക്കുവാൻ ശ്രമിക്കരുത് (നിങ്ങൾക്കത് കഴിയില്ല). ആരെങ്കിലും വേദനിക്കുമ്പോൾ, അവരുടെ വേദന എടുത്തുമാറ്റാൻ ശ്രമിക്കരുത് (നിങ്ങൾക്കത് കഴിയില്ല). പകരം അവർക്ക് വേദനിക്കുമ്പോൾ അവരോടൊപ്പം ചേർന്ന് നടന്ന് അവരെ സ്നേഹിക്കുക (നിങ്ങൾക്കത് കഴിയും). കാരണം, ചിലപ്പോൾ ആളുകൾക്ക് അവർ ഏകരല്ല എന്ന് അറിഞ്ഞാൽ മാത്രം മതി”.
നമുക്ക് മുറിവേൽക്കുമ്പോഴും, വേദന അനുഭവിക്കുമ്പോഴും, നമ്മുടെ രക്ഷകനായ യേശു നമ്മോടൊപ്പം നടക്കുന്നതിന്നാൽ, മറ്റുള്ളവരോടു കൂടെ നടക്കുക എന്നാൽ എന്താണെന്ന് നമുക്കറിയാം.
ഈ ആഴചയിൽ നിങ്ങൾ ഒപ്പം നടക്കണമെന്ന് ആഗ്രഹിക്കുന്നതാരാണ്? നിങ്ങൾ ഏതുവിധത്തിൽ അതു നിറവേറ്റണമെന്നാണ് ദൈവമാഗ്രഹിക്കുന്നത് ?
ദൈവമേ, എന്റെ ചുറ്റുമുള്ള ആളുകളുടെ ആവശ്യങ്ങൾക്ക് നേരെ കണ്ണ് തുറന്നിരിക്കുവാൻ എന്നെ സഹായിക്കേണമേ. വാത്സല്യമുള്ള ഒരു സുഹൃത്തായിരിക്കുവാൻ എന്നെ സഹായിക്കേണമേ.