ഈ വേനൽക്കാലത്ത് രണ്ടു തവണ ഞാൻ പാർത്തനീയം ചെടിയാൽ (കോൺഗ്രസ്സ് പച്ച) വിഷമിച്ചു. രണ്ടു തവണയും ഞാൻ മുറ്റത്തെ ചെടികൾ ചെത്തിവെടിപ്പാക്കുകയായിരുന്നു. രണ്ടു തവണയും വെളുത്ത പൂക്കളുള്ള ഈ ശത്രുവിനെ ഞാൻ അടുത്ത് കണ്ടു. അത് എന്നെ ബാധിക്കാതെ തന്നെ അതിന്റെ അടുത്ത് പോകുവാൻ കഴിയുമെന്ന് ഞാൻ കരുതി. എനിക്ക് തെറ്റു പറ്റിയെന്ന് ഒട്ടും വൈകാതെ തന്നെ ഞാൻ മനസ്സിലാക്കി. ആ പച്ച വിഷച്ചെടിയുടെ അടുത്ത് ചെല്ലുന്നതിന് പകരം ഞാൻ മാറണമായിരുന്നു.
പഴയ നിയമത്തിൽ ജോസഫിന്റെ കഥയിൽ, വിഷത്തേക്കാളും മോശമായ പാപത്തിൽ നിന്ന് ഓടി ഓടിമാറുന്നതിന്റെ മാതൃകാ പ്രമാണം നാം കാണുന്നു. താൻ ഈജിപ്തുകാരനായ അധിപതിയുടെ വീട്ടിൽ താമസിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ തന്നെ വശീകരിക്കുവാൻ നോക്കിയപ്പോൾ, ജോസഫ് അടുത്തേക്ക് പോയില്ല- അവൻ ഓടിമാറി.
അവൾ അവനെതിരെ വ്യാജപരാതി നൽകി കാരാഗൃഹത്തിലേക്ക് വലിച്ചിഴച്ചെങ്കിലും, ജോസഫ് ആ കാലയളവിലെല്ലാം ശുദ്ധിയുള്ളവനായിരുന്നു. അങ്ങനെ ഉല്പത്തി 39:21-ൽ നാം കാണുന്നതുപോലെ “യഹോവ യോസേഫിനോടുകൂടെ ഇരുന്നു”.
പാപം നമ്മുടെ അടുത്തുള്ളപ്പോളും അതിൽ നിന്നും അകന്നു മാറുവാനും, ദൈവത്തിൽ നിന്ന് അകറ്റുന്ന സാഹചര്യങ്ങളിൽ നിന്നും, പ്രവർത്തികളിൽ നിന്നും ഓടുവാനും ദൈവം നമ്മെ സഹായിക്കും. 2 തിമൊഥെയൊസ് 2:22 ൽ പൗലോസ് എഴുതുന്നു, “യൌവനമോഹങ്ങളെ വിട്ടോടുക”. അതുപോലെ, 1 കൊരിന്ത്യർ 6:18 ൽ “ദുർന്നടപ്പു വിട്ടു ഓടുവിൻ” എന്ന് അദ്ദേഹം പറയുന്നു.
ദൈവത്തിന്റെ ശക്തിയാൽ നമ്മെ അപായപ്പെടുത്തുന്ന കാര്യങ്ങളിൽ നിന്ന് നമുക്ക് ഓടിമാറാം.
നിങ്ങൾ ഓടിമാറിയില്ലെങ്കിൽ നിങ്ങളെ അപായപ്പെടുത്തുന്ന "വിഷവള്ളി" എന്താണ്? അതിൽനിന്നും ഓടുവാൻ നിങ്ങൾക്ക് എന്തു ചെയ്യുവാൻ കഴിയും?
ദൈവമേ, അവിടുന്ന് എന്റെ ഹൃദയത്തെ അറിയുകയും ഞാൻ ഏതിലേക്കാണ് അടുക്കുന്നതെന്നും അറിയുന്നുവല്ലോ. തിരിഞ്ഞുനോക്കാതെ പാപത്തിൽ നിന്നും ഓടുവാൻ എന്നെ സഹായിക്കേണമേ. അങ്ങയ്ക്കും എനിക്കും ഇടയിൽ മറ്റൊന്നും വരാതെവണ്ണം എനിക്ക് ധൈര്യവും ജ്ഞാനവും നൽകേണമേ.