ഒരു ഷോപ്പിങ്ങ് മാളിൽ മുമ്പിലുള്ളയാൾ പണമടച്ച് മാറിയപ്പോൾ ഞാൻ കാഷ് കൗണ്ടറിനടുത്തേക്ക് നീങ്ങി നിന്നു. പെട്ടെന്ന്, ഒരാൾ ദേഷ്യത്തോടെ എന്നോടിടപെട്ടു. അവർ എനിക്കു മുമ്പേ അവിടെയുണ്ടായിരുന്നു എന്നത് എന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. എന്റെ തെറ്റ് തിരിച്ചറിഞ്ഞപ്പോൾ ഞാൻ ആത്മാർത്ഥമായി സോറി പറഞ്ഞു. പക്ഷെ അവരത് മുഖവിലക്കെടുത്തില്ല.

ഇതു പോലുള്ള സന്ദർഭം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? നിങ്ങൾക്ക് ഒരു തെറ്റ് പറ്റുന്നു, തെറ്റ് സമ്മതിച്ച് ക്ഷമ ചോദിക്കുന്നു, പക്ഷെ മറ്റെയാൾ അത് നിഷ്കരുണം തിരസ്കരിക്കുന്നു. തെറ്റിദ്ധരിക്കപ്പെടുന്നതും തെറ്റായ കുറ്റാരോപണം നേരിടുന്നതും വലിയ സങ്കടകരമാണ്, പ്രത്യേകിച്ച് നമുക്ക് നല്ല അടുപ്പമുള്ളവരുമായി ബന്ധപ്പെട്ട്. അവർ നമ്മുടെ ഹൃദയം ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് നാം എത്ര ആഗ്രഹിച്ചു പോകും!

യെശയ്യാവ് 11: 1-5 വരെയുള്ള ഭാഗത്ത് ദൈവം നിയോഗിച്ചതും ജ്ഞാനത്തോടെ അന്യൂനമായ വിധി പറയുന്നതുമായ ഒരു ഭരണാധികാരിയെ നാം കാണുന്നു. “അവൻ കണ്ണു കൊണ്ടു കാണുന്നതു പോലെ ന്യായപാലനം ചെയ്യുകയില്ല; ചെവി കൊണ്ടു കേൾക്കുന്നതുപോലെ വിധിക്കുകയുമില്ല. അവൻ ദരിദ്രന്മാർക്ക് നീതിയോടെ ന്യായം പാലിച്ചു കൊടുക്കുകയും ദേശത്തിലെ സാധുക്കൾക്ക് നേരോടെ വിധികല്പിക്കുകയും ചെയ്യും” (വാ. 3, 4). യേശുവിന്റെ ജീവിതത്തിലും ശുശ്രൂഷയിലുമാണ് ഇത് യാഥാർത്ഥ്യമായത്. നമ്മുടെ പാപവും ബലഹീനതയും മൂലം എല്ലാം ശരിയായി കാണുന്നില്ലെങ്കിലും എല്ലാം കാണുകയും അറിയുകയും ചെയ്യുന്ന സ്വർഗ്ഗത്തിലെ ദൈവം നമ്മെ മുഴുവനായി അറിയുകയും ശരിയായി വിധിക്കുകയും ചെയ്യും എന്നതിൽ നമുക്ക് ആശ്വസിക്കാം.