ഗുഹാവാസിയായ ഒരാളുടെ കുടുംബത്തിന്റെ കഥ പറയുന്ന ഒരു ഇംഗ്ലീഷ് സിനിമയിൽ അയാൾ പറയുന്നത് “അവരുടെ ചെറിയ കുടുംബം ഒരുമിച്ച് നിന്നാലേ നിലനില്ക്കാനാകൂ” എന്നാണ്. അവർക്ക് ലോകത്തേയും മറ്റുള്ളവരെയും ഭയമാണ്. താമസിക്കുവാൻ മറ്റാരുമില്ലാത്ത ഒരിടം അവർ കണ്ടെത്തി. പക്ഷേ, അപരിചിതരായ മറ്റൊരു കുടുംബം ഇതിനകം തന്നെ ആ ഭാഗത്ത് താമസിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ അയാൾക്ക് ഭയമായി. എന്നാൽ പെട്ടെന്ന് തന്നെ അവർ വ്യത്യാസങ്ങൾ മറന്ന് സ്നേഹത്തിലാകുകയും ഒരുമിച്ച് ജീവിക്കുവാൻ തുടങ്ങുകയും ചെയ്തു. തങ്ങൾക്ക് യഥാർത്ഥത്തിൽ അവരുടെ സഹവാസം സന്തോഷകരമാണെന്നും പൂർണ്ണമായ ഒരു ജീവിതത്തിന് മറ്റുള്ളവരും അനിവാര്യമാണെന്നും അവർ മനസ്സിലാക്കി.

ബന്ധങ്ങൾ നിലനിർത്തുന്നത് ശ്രമകരമാണ് – ആളുകൾ നമുക്ക് ഹാനികരമായ രീതിയിൽ ഇടപെടാൻ സാധ്യതയുണ്ട്. എങ്കിലും ദൈവം സഭയെന്ന ശരീരത്തിൽ തന്റെ ജനത്തെ ഒരുമിച്ചാക്കിയത് അന്യോന്യം പ്രയോജനത്തിനായിട്ടാണ്. മറ്റുള്ളവരുമായുള്ള കൂട്ടായ്മ ബന്ധത്തിലാണ് നാം പക്വത പ്രാപിക്കുന്നത് (എഫേസ്യർ 4:13). “പൂർണ്ണ വിനയത്തോടെയും സൗമ്യതയോടെയും ദീർഘക്ഷമയോടെയും” (വാ.2) ജീവിക്കുവാൻ ദൈവത്തിൽ ആശ്രയിക്കേണ്ടതുണ്ട്. ഓരോരുത്തരുടെയും ജീവിതത്തെ “സ്നേഹത്തിൽ” പണിതുയർത്താൻ നാം അന്യോന്യം സഹായിക്കേണ്ടതുണ്ട് (വാ.16). നാം ഒരുമിച്ച് കൂടുമ്പോൾ സ്വന്തം കൃപാവരങ്ങൾ ഉപയോഗിക്കുകയും മറുള്ളവരുടേത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതു വഴി ദൈവത്തോടുകൂടെ നടന്ന് അവിടുത്തെ സേവിക്കുന്നതിന് നാം സജ്ജരാകുന്നു.

ദൈവം നയിക്കുന്നതിനനുസരിച്ച്, ദൈവജനത്തിന്റെ ഇടയിൽ നിങ്ങളുടെ ശുശ്രൂഷയെന്താണെന്ന് കണ്ടെത്താം. കേവലം അതിജീവനത്തിനപ്പുറം അതു ചെയ്യുവാൻ കഴിയും; പങ്കുവെക്കപ്പെടുന്ന സ്നേഹത്തിലൂടെ ദൈവത്തിന് മഹത്ത്വം ഉണ്ടാകുകയും നാം കൂടുതലായി യേശുവിനെപ്പോലെയാകുകയും ചെയ്യും. യേശുവിനോടും മറ്റുള്ളവരോടുമുള്ള ബന്ധം വളരുന്നതനുസരിച്ച് നമ്മുടെ ദൈവാശ്രയത്വവും വർദ്ധിക്കും.