ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ എഴുപത്തിയൊൻപതാം വാർഷികം രാജ്യം 2021-ൽ ആഘോഷിച്ചപ്പോൾ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യസമരസേനാനികളെ നാം ആദരിക്കുകയായിരുന്നു. 1944 ഓഗസ്റ്റ് 8-ന്, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് ആരംഭം കുറിച്ചു കൊണ്ട്, ഗാന്ധി തന്റെ പ്രസിദ്ധമായ “പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക” എന്ന പ്രസംഗം നടത്തി. “നാം ഒന്നുകിൽ ഇന്ത്യയെ സ്വതന്ത്രയാക്കും, അല്ലെങ്കിൽ അതിനായുള്ള പരിശ്രമത്തിൽ ജീവൻ വെടിയും; നമ്മുടെ അടിമത്തം ശാശ്വതമാകുന്നത് കാണാൻ വേണ്ടി നാം ജീവിക്കുകയില്ല.”
തിന്മയെ പ്രതിരോധിക്കുവാനും അടിച്ചമർത്തപ്പെട്ടവരെ മോചിപ്പിക്കുവാനും സ്വന്തജീവനെ ഹോമിക്കുവാൻ തയ്യാറുള്ളവർ യേശുവിന്റെ ഈ വാക്കുകളെ ഓർമ്മിപ്പിക്കുന്നു: “സ്നേഹിതന്മാർക്കു വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല” (യോഹന്നാൻ 15:13). അന്യോന്യം സ്നേഹിക്കുന്നതിനെപ്പറ്റി ശിഷ്യന്മാരെ പഠിപ്പിക്കുന്നതിനിടയിലാണ് ക്രിസ്തു ഇത് പറയുന്നത്. ഇപ്രകാരമുള്ള സ്നേഹത്തിന്റെ വിലയും ആഴവും അവർ അറിയണമെന്ന് അവൻ ആഗ്രഹിച്ചു – ഒരാൾ മറ്റൊരാൾക്കു വേണ്ടി സ്വമനസ്സാ തന്റെ ജീവൻ ത്യജിക്കുന്ന സ്നേഹം! മറ്റുള്ളവരെ ത്യാഗപൂർവ്വം സ്നേഹിക്കുക എന്നതാണ് “അന്യോന്യം സ്നേഹിക്കുക” (വാ.17) എന്ന യേശുവിന്റെ കല്പനയുടെ അന്തസത്ത.
ചിലപ്പോൾ കുടുംബത്തിലെ പ്രായമായ ഒരാളുടെ ആവശ്യങ്ങളിൽ സഹായിക്കുന്നതാകാം ഈ ത്യാഗപൂർവ്വമായ സ്നേഹത്തിന്റെ പ്രകടനം. സ്കൂളിലെ തിരക്കുകളുടെയിടയിലും വീട്ടിലെ ജോലികളിൽ സഹായിക്കുന്നതുമാകാം. സുഖമില്ലാത്ത കുഞ്ഞിന്റെ പരിചരണം ഏറ്റെടുത്ത് ജീവിത പങ്കാളിയെ വിശ്രമിക്കുവാൻ അനുവദിക്കുന്നതുമാകാം. ഇങ്ങനെ ത്യാഗപൂർവ്വം പ്രവർത്തിക്കുന്നതാണ് സ്നേഹത്തിന്റെ മഹത്തായ പ്രകടനം.
ഇന്ന് നിങ്ങൾക്ക് ത്യാഗപൂർണ്ണമായ സ്നേഹം പ്രകടിപ്പിക്കുവാനുളള ഒരു കാര്യം എന്താണുള്ളത്? ഇങ്ങനെ സ്നേഹിക്കുന്നതിന് തടസ്സം എന്താണ്?
പിതാവേ, ഓരോ ദിവസവും മറ്റുള്ളവരെ ത്യാഗപൂർവ്വം സ്നേഹിക്കുന്നതിനുള്ള വഴികൾ കണ്ടെത്താൻ എന്നെ സഹായിക്കേണമേ.