1373-ൽ 30 വയസ്സുള്ളപ്പോൾ നോർവിച്ചിലെ ജൂലിയന് മരണകരമായ രോഗം പിടിപെട്ടു. സഭാ ശുശ്രൂഷകൻ അവൾക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ അവൾ നിരവധി ദർശനങ്ങൾ കണ്ടു; അതിൽ ക്രൂശിതനായ ക്രിസ്തുവിനെ ദർശിച്ചത് അവൾ പ്രത്യേകം ഓർത്തു. അത്ഭുതകരമായി രോഗസൗഖ്യം പ്രാപിച്ച അവൾ പിന്നീടുള്ള 20 വർഷക്കാലം പള്ളിയുടെ ഒരു ചെറിയ മുറിയിൽ ഈ ദർശനം ഓർത്ത് പ്രാർത്ഥിച്ചുകൊണ്ട് ഏകാന്തതയിൽ കഴിഞ്ഞു. അവൾ പറഞ്ഞത് “സ്നേഹം മാത്രമായിരുന്നു അവന്റെ ഉദ്ദേശ്യം” എന്നാണ്. അതായത്, ക്രിസ്തുവിന്റെ ക്രൂശുമരണം ദൈവസ്നേഹത്തിന്റെ ഉത്തുംഗമായ പ്രദർശനമായിരുന്നു എന്ന്.

ജൂലിയന്റെ വെളിപ്പാടുകൾ പ്രസിദ്ധമാണ്. എന്നാൽ ദൈവം ഈ കാര്യങ്ങൾ അവൾക്ക് വെളിപ്പെടുത്തിക്കൊടുത്തതിന്റെ പിന്നിൽ അവൾ പ്രാർത്ഥനാപൂർവം ചെലവിട്ട സമയവും അദ്ധ്വാനവും പക്ഷേ ആളുകൾ കാണുന്നില്ല. ഈ രണ്ട് ദശാബ്ദങ്ങളിലും കർത്താവിന്റെ സാന്നിദ്ധ്യത്തിന്റെ അനുഭവം വ്യക്തമായി ഗ്രഹിക്കുന്നതിനുള്ള ദൈവികജ്ഞാനവും സഹായവും തേടുകയായിരുന്നു അവൾ. 

ജൂലിയനോട് ചെയ്തത് പോലെ ദൈവം തന്റെ ജനത്തിനും തന്നെത്തന്നെ വെളിപ്പെടുത്താൻ കൃപ ചെയ്യുന്നു; അത് ബൈബിളിലെ വചനങ്ങളിലൂടെയാകാം, തന്റെ മന്ദസ്വരത്തിലൂടെയാകാം, ഒരു പാട്ടിലൂടെയാകാം, അല്ലെങ്കിൽ തന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് ഒരു അവബോധം നല്കിക്കൊണ്ടുമാകാം. അങ്ങനെ നമുക്ക് ദൈവത്തിന്റെ ജ്ഞാനവും സഹായവും പ്രാപിക്കാനാകും. ഈ ജ്ഞാനമാണ് ശലോമോൻ തന്റെ മകനോട് പ്രാപിക്കുവാൻ പറഞ്ഞത്; ചെവി പരിജ്ഞാനത്തിനും ഹൃദയം വിവേകത്തിനും തിരിക്കുക എന്ന് ആഹ്വാനം ചെയ്തത് (സദൃശ്യവാക്യങ്ങൾ 2:2). അപ്പോൾ അവൻ “ദൈവപരിജ്ഞാനം കണ്ടെത്തും” (വാ. 5).

ദൈവം നമുക്ക് വിവേചന ബുദ്ധിയും വിവേകവും നല്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അവിടുത്തെ വഴികളെയും സ്വഭാവത്തെയും കുറിച്ചുള്ള അറിവ് കൂടുതലായി പ്രാപിക്കുന്തോറും നമുക്ക് ദൈവത്തെ ആഴമായി അറിഞ്ഞ് ആദരിക്കുവാൻ സാധിക്കും.