യേശു ആരാണെന്നാണ് ജനങ്ങൾ വിശ്വസിക്കുന്നത്? ചിലർ പറയുന്നു ഒരു നല്ല അദ്ധ്യാപകനായ ഒരു മനുഷ്യൻ മാത്രമെന്ന്. എഴുത്തുകാരനായ സി എസ് ലൂയിസ് പറയുന്നു: “ഈ വ്യക്തി ഒന്നുകിൽ ദൈവപുത്രനാണ്, അല്ലെങ്കിൽ ഒരു ഭ്രാന്തനോ അതിലും മോശക്കാരനോ ആകാം. നിങ്ങൾക്കദ്ദേഹത്തെ ഒരു വിഡ്ഢി എന്ന് വിളിക്കാം, മുഖത്ത് തുപ്പുകയോ ഒരു ഉപദ്രവം എന്നു കരുതി കൊല്ലുകയോ ആകാം; അല്ലെങ്കിൽ അവന്റെ പാദങ്ങളിൽ വീണ് കർത്താവും ദൈവവുമായവനേ എന്ന് വിളിക്കാം. എന്നാൽ ഒരു കാരണവശാലും, പൊതുവെ പറഞ്ഞുകേൾക്കുന്ന വിധത്തിൽ, കേവലം മനുഷ്യനായ ഒരു മഹാഗുരു എന്ന ഭോഷത്വം പറയരുത്.” തന്റെ മിയർ ക്രിസ്റ്റ്യാനിറ്റി എന്ന ഗ്രന്ഥത്തിലുള്ളതും ഈയിടെ പ്രസിദ്ധമായിത്തീർന്നതുമായ ഈ വാക്കുകൾ പറയുന്നത് യേശു താൻ ദൈവമാണെന്ന് അവകാശപ്പെട്ടത് വ്യാജമാണെങ്കിൽ അദ്ദേഹം ഒരു പ്രവാചകൻ പോലും ആകുകയില്ല എന്നാണ്. അത് ഏറ്റവും വലിയ ദൈവനിന്ദ മാത്രമായിരിക്കും.
ഗ്രാമങ്ങൾ തോറും സഞ്ചരിക്കുന്നതിനിടയിൽ യേശു ശിഷ്യന്മാരോട് ചോദിച്ചു: “ജനങ്ങൾ എന്നെ ആർ എന്ന് പറയുന്നു?” (മർക്കൊസ് 8:27). അവരുടെ ഉത്തരം യോഹന്നാൻ സ്നാപകൻ, ഏലിയാവ്, ആ പ്രവാചകരിൽ ഒരുവൻ എന്നൊക്കെയായിരുന്നു (വാ. 28). എന്നാൽ അവർ എന്താണ് വിശ്വസിക്കുന്നത് എന്ന് യേശുവിന് അറിയണമായിരുന്നു: “എന്നാൽ നിങ്ങൾ എന്നെ ആർ എന്ന് പറയുന്നു?” പത്രോസ് ഉടനെ പറഞ്ഞു: “നീ ക്രിസ്തു ആകുന്നു” (വാ.29) – അതായത് രക്ഷകൻ.
യേശു ആരാണെന്നാണ് നാം പറയുന്നത്? യേശു തന്നെക്കുറിച്ച് പറഞ്ഞ പ്രസ്താവന പ്രകാരം താൻ ഒരു നല്ല ഗുരുവോ പ്രവാചകനോ ആകാൻ കഴിയില്ല: ഞാനും പിതാവും “ഒന്നാകുന്നു” (യോഹന്നാൻ 10:30) എന്നാണത്. അവന്റെ ശിഷ്യന്മാരും, എന്തിനധികം ഭൂതങ്ങൾ പോലും, ദൈവപുത്രൻ എന്ന് വിളിച്ച് തന്റെ ദൈവത്വം പ്രഖ്യാപിച്ചിട്ടുണ്ട് (മത്തായി 8:29; 16:16; 1 യോഹന്നാൻ 5:20). നമുക്കും ദൈവകൃപയിൽ ആശ്രയിച്ച് ക്രിസ്തു ആരാണ് എന്ന യാഥാർത്ഥ്യം പ്രസിദ്ധപ്പെടുത്തുന്നവരാകാം.
യേശു നിങ്ങൾക്ക് ആരാണ്? നിങ്ങളവനെ ദൈവപുത്രൻ എന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ ഇക്കാര്യം മറ്റുള്ളവരോട് എങ്ങനെ പങ്കുവെക്കും?
പ്രിയ യേശുവേ, അങ്ങ് വഴിയും സത്യവും ജീവനും ആയതിനാൽ നന്ദി. എനിക്ക് അങ്ങയെ ശരണപ്പെടാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. അവിടുന്ന് ആരാണ് എന്ന സുവിശേഷം മറ്റുള്ളവരോട് അറിയിക്കുവാൻ എന്നെ സഹായിക്കണമേ.