കടൽക്കണവ ഒരു വിചിത്ര ജീവിയാണ്. പാറയിലും കക്കയിലും പറ്റിപ്പിടിച്ചിരിക്കുന്ന ഇവ മൃദുവായതും വെള്ളത്തിൽ ഉലയുന്നതുമായ ഒരു പ്ലാസ്റ്റിക് റ്റ്യൂബ് പോലെയിരിക്കും. ഒഴുക്കുജലത്തിൽ നിന്ന് പോഷകം സ്വീകരിക്കുന്ന ഇവ സജീവമായ ഒരു യൗവ്വനകാലത്തിനു ശേഷം തികച്ചും നിഷ്ക്രിയമായി കഴിയുന്നു.

ഭക്ഷണം കണ്ടെത്തുന്നതിനും ശത്രുവിന്റെ ആക്രമണത്തിൽ നിന്ന് രക്ഷതേടുന്നതിനും സഹായകരമായി,വാൽമാക്രിക്കുള്ളതു പോലെയുള്ള നട്ടെല്ലും തലയുമായിട്ടാണ് കടൽക്കണവയും ജീവിതം തുടങ്ങുന്നത്. ചെറുപ്പത്തിൽ അവ കടൽ മുഴുവൻ സഞ്ചരിക്കുന്നു. എന്നാൽ പ്രായപൂർത്തിയാകുമ്പോൾ മറ്റെന്തോ സംഭവിക്കുന്നു.സഞ്ചാരവും വളർച്ചയും അവസാനിപ്പിച്ച് പാറയിൽ പറ്റിപ്പിടിച്ചിരിക്കുന്നു. ഒരു ഭീകരമായ സത്യം, അവ പിന്നീട് സ്വന്തം തലച്ചോറ് ആഹരിച്ച് ജീവിക്കുന്നു എന്നതാണ്.

നട്ടെല്ലില്ല, ചിന്തകളില്ല, ഒഴുക്കിനൊത്ത് പോകുന്നു. കടൽക്കണവയുടെ ഈ ജീവിതം നമുക്കുണ്ടാകരുതെന്നാണ് പത്രോസ് അപ്പസ്തോലൻ പറയുന്നത്. പക്വതയെന്നത് നമ്മെ സംബന്ധിച്ച്, ദൈവത്തിന്റെ ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരുക എന്നതാണ് (2 പത്രൊസ് 1:4). നിങ്ങളും ഞാനും വളരുന്നതിനായി വിളിക്കപ്പെട്ടവരാണ് – മാനസികമായി, ക്രിസ്തുവിന്റെ പരിജ്ഞാനത്തിലുള്ള വളർച്ചയിലും (3: 18); ആത്മീയമായി നന്മ, സ്ഥിരത, ഇന്ദ്രിയജയം എന്നിങ്ങനെയുള്ള  ഗുണങ്ങളിലും (1:5-7); പ്രായോഗികമായി സ്നേഹം, അതിഥിസത്കാരം, കൃപാവരങ്ങളുടെ ഉപയോഗം എന്നിവയിൽ പുതിയ വഴികൾ കണ്ടെത്തിയും വളരണം (1 പത്രൊസ് 4:7-11). ഇപ്രകാരമുള്ള വളർച്ചയുണ്ടായാൽ നാം ” ഉത്സാഹമില്ലാത്തവരും നിഷ്ഫലന്മാരും ആയിരിക്കുകയില്ല” (2 പത്രൊസ് 1:8).

വളർച്ചക്കായുള്ള വിളി, എഴുപത് വയസ്സുകാരനും ചെറുപ്പക്കാരനും ഒരുപോലെ ജീവൽ പ്രധാനമാണ്. ദൈവത്തിന്റെ സ്വഭാവം, സമുദ്രം പോലെ വിശാലമാണ്. അതിന്റെ ഏതാനും വാര മാത്രമേ നാം നീന്തിയിട്ടുള്ളൂ. പുതിയ ആത്മീയ സാഹസിക യാത്രകൾ നടത്താം, ദൈവത്തിന്റെ അപാരമായ അഭേദ്യഗുണങ്ങളിലേക്ക്. പഠിക്കുക, ശുശ്രൂഷിക്കുക, ദൗത്യങ്ങൾ ഏറ്റെടുക്കുക: അങ്ങനെ വളരുക.