ഒരു ചൂടുള്ള വേനൽക്കാല ദിവസം പേരക്കുട്ടി റിറ്റുവിന്റെ കൂടെ പന്ത് കളിച്ചശേഷം ഞങ്ങൾ വിശ്രമിക്കുകയായിരുന്നു. പോർച്ചിൽ ഇരുന്ന് വെള്ളം കുടിച്ചു കൊണ്ടിരുന്നപ്പോൾ റിറ്റു പുറത്തേക്ക് നോക്കിപ്പറഞ്ഞു: “സൂര്യപ്രകാശത്തിന്റെ തടാകം നോക്കിക്കേ.” ഇടതൂർന്ന ചെടികൾക്കിടയിലൂടെ അരിച്ചിറങ്ങിയ സൂര്യപ്രകാശം ഇരുണ്ട നിഴലുകളുടെയിടയിൽ ഒരു പ്രത്യേക ദൃശ്യം സൃഷ്ടിക്കുകയായിരുന്നു.

സൂര്യപ്രകാശത്തിന്റെ തടാകം! ഇരുളടഞ്ഞ ദിനങ്ങളിൽ പ്രത്യാശ കണ്ടെത്തുന്നതിന്റെ ഒരു മനോഹര ചിത്രമല്ലേ ഇത്? വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ, നല്ല വാർത്തകൾ അപൂർവ്വമായിരിക്കുമ്പോൾ, ഇരുണ്ട നിഴലുകളെ കാണുന്നതിനു പകരം നമുക്ക് പ്രകാശത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.

ഈ പ്രകാശത്തിന് ഒരു പേരുണ്ട് – യേശു. ലോകത്തിലേക്ക് വന്ന വെളിച്ചം എന്ന് യെശയ്യാവ് പറഞ്ഞത് ഉദ്ധരിച്ചാണ് മത്തായി യേശുവിന്റെ ആഗമനത്തെ വിവരിച്ചത്. “ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം ഉദിച്ചു” (മത്തായി 4:14, 15; യെശയ്യാവ് 9: 2). നാം “മരണത്തിന്റെ നിഴലിൽ” ഇരിക്കുന്നിടത്തോളം പാപത്തിന്റെ സ്വാധീനം നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഈ നിഴലിനിടയിൽ പ്രകാശിക്കുന്നത് യേശു ആണ്; പ്രോജ്വലിക്കുന്ന ലോകത്തിന്റെ വെളിച്ചം (യോഹന്നാൻ 1:4,5)

യേശുവിന്റെ സ്നേഹത്തിന്റെയും ആർദ്രതയുടെയും സൂര്യപ്രകാശം ഇരുളിനെ കടന്നുവരുന്നു – നമ്മുടെ നാളുകളെ പ്രകാശിപ്പിക്കുകയും ഹൃദയങ്ങളെ പ്രത്യാശയാൽ തിളങ്ങുന്നതാക്കുകയും ചെയ്യുന്ന “പ്രകാശത്തിന്റെ തടാകം” സൃഷ്ടിച്ചു കൊണ്ട്.